വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചെങ്കിലും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആദ്യം നടത്തിയ പരാമര്‍ശങ്ങള്‍ വികസന അജണ്ടയില്‍ ഉറച്ചുതന്നെ ആയിരുന്നു.
യുപിയിലെ വിജയംപോലെതന്നെ അപ്രതീക്ഷിതമായി ആദിത്യനാഥിന്റെ സ്ഥാനക്കയറ്റവും. യുപിയില്‍ നാനൂറ്റിമൂന്നില്‍, 325 സീറ്റ് നേടിയ ബിജെപി അടുത്തതായി എന്തുചെയ്യുമെന്നായിരുന്നു അഭ്യൂഹം. പ്രത്യേകിച്ച് പാര്‍ട്ടി ആസ്ഥാനത്തു നടന്ന വിജയറാലിയില്‍ മോദി സമന്വയത്തിന്റെ ഭാഷ സംസാരിച്ചപ്പോള്‍ അതിന് ഏറെ വ്യാഖ്യാനങ്ങളുണ്ടാക്കി പരിചിതമായ രാഷ്ട്രീയ ചട്ടക്കൂടില്‍ തളക്കാനും ഒരുകൂട്ടം നിരീക്ഷകര്‍ കരുതിക്കൂട്ടിതന്നെ ശ്രമിച്ചു. ഈ ശ്രമങ്ങള്‍ക്ക് വീണ്ടും പ്രഹരമേറ്റു ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍.
ഇത്രകാലവും യുപിയില്‍ ജയിക്കണമെങ്കില്‍ മുസ്ലിംവോട്ട് വേണമെന്നായിരുന്നു ഇക്കൂട്ടരുടെ നിരീക്ഷണം. മുസ്ലിംവോട്ടിനുവേണ്ടി പ്രത്യേക പ്രലോഭനങ്ങളൊന്നും നടത്താതെ ബിജെപി യുപിയില്‍ 2014ല്‍ ജയിച്ചെങ്കിലും അത് താല്‍ക്കാലിക രാഷ്ട്രീയ വിരോധാഭാസമായി ചിത്രീകരിക്കപ്പെട്ടു. അത് വീണ്ടും ആവര്‍ത്തിക്കില്ല എന്നായിരുന്നു ഇവര്‍ക്ക് വിശ്വാസം. അസമില്‍ 35 ശതമാനം മുസ്ലിങ്ങളുണ്ടായിട്ടും, മണിപ്പൂരിലും ഗോവയിലും ഇത്രതന്നെ ക്രിസ്ത്യാനികളുണ്ടായിട്ടും എങ്ങനെ ബിജെപി അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടി എന്ന ചിന്തയും ഇവരെ അലട്ടിയില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നവഭാരത സൃഷ്ടിയുടെ ആധാരശിലയായി എന്നാണ് മോദി പറഞ്ഞത്. അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത് യുപിയിലെയും ഉത്തരാഖണ്ഡിലെയും വിജയത്തെക്കുറിച്ചാണ്. ഒപ്പം ഒരുകാര്യംകൂടി പറഞ്ഞു; ഭരണത്തിലേറാന്‍ ഭൂരിപക്ഷം വേണം, എന്നാല്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടുപോകാന്‍ ‘സര്വ്വമത്’, എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും വേണം- ”സബ് കേ സാഥ്, സബ് കാ വികാസ്.”
ഇത്രനാളും മോദി ഇത് പറഞ്ഞപ്പോള്‍ ശ്രദ്ധിക്കാതെ, സങ്കുചിത രാഷ്ട്രീയക്കാരനെന്ന് ആക്ഷേപിച്ചവര്‍ പെട്ടെന്ന് സ്വരം മാറ്റി. മോദി രാജ്യതന്ത്രജ്ഞനെപ്പോലെ സംസാരിച്ചു. പുതിയ മോദിയാണ് ഇനി മുതല്‍, ഇനി എല്ലാവരെയും കൂട്ടുചേര്‍ത്ത് മുന്നോട്ടുപോകുന്ന മിതവാദിയായ മോദി ജനിച്ചുകഴിഞ്ഞു എന്നിങ്ങനെയായി പുത്തന്‍ വ്യാഖ്യാനങ്ങള്‍.
മാര്‍ച്ച് 18 ആയപ്പോള്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് കണ്ടപ്പോള്‍ വീണ്ടും പ്ലേറ്റ് മാറ്റി. ഇതാണോ വികസനത്തിന്റെ മുഖം. തീവ്രഹിന്ദുത്വവാദിയും ബിജെപിയിലെ മുഖ്യധാരയ്ക്ക് വെളിയില്നില്ക്കുന്നയാളുമായ യോഗി വന്നാല്‍ മുസ്ലിങ്ങള്‍ക്ക് എന്തു സംഭവിക്കും? അവര്‍ ഭയചകിതരാകില്ലെ? അവരെ ആരാണ് ആശ്വസിപ്പിക്കുക? അവര്‍ പകച്ചുനില്‍ക്കുകയാണ്. എന്നൊക്കെയായി പുതിയ ആവലാതികള്‍. ആരാണ് മാറിയത്? ആരാണ് മാറാത്തത്? ആര്‍ക്കാണ് തിമിരം? ”വസ്തുതകള്‍ മാറുമ്പോള്‍ ഞാന്‍ നിലപാടുകള്‍ മാറ്റും. താങ്കളോ?” എന്ന് സാമ്പത്തിക വിദഗ്ദ്ധനായ ജോണ്‍ കെയ്ന്‍സ് പറഞ്ഞത് പ്രസിദ്ധമാണ്.
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിലും പലപ്പോഴും ഞാനിത് ഓര്മപ്പെടുത്താറുമുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരും നിരീക്ഷകരും വസ്തുതകള്‍ എന്തുതന്നെ ആയാലും, അവര്‍ നിലപാട് മാറ്റില്ല. ഇപ്പോള്‍ വാഷിങ്ടണില്‍ പോലും കമ്പോളമില്ല, ‘വാഷിങ്ടണ്‍ കോണ്സന്സസ്’ എന്ന സാമ്പത്തിക സമീപനത്തിന്. (ഇതാണ്, ആഗോളവല്‍ക്കരണത്തിന്റെ ആധാരം). ഇതുപോലെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയ ശരിവാക്കുകള് എന്നുപറയുന്ന, ഇന്ത്യന്‍ സെക്യുലറിസത്തിന്റെയും കഥ.
ഇതുവരെ നെഹ്റുവിന്റെ ചുവടുപിടിച്ച് കമ്യൂണിസ്റ്റുകാരും അവസരവാദികളായ വംശവാഴ്ചക്കാരും പടച്ചുണ്ടാക്കിയ മതേതരം സത്യനിഷേധമായിരുന്നു. ഇത് ഇന്നിവിടെ ആര്‍ക്കും ആവശ്യമില്ല. 15 ശതമാനത്തിന്റെ സുഖത്തിനും സമൃദ്ധിക്കും മാത്രമല്ല, തെമ്മാടിത്തരത്തിനും നെറികേടിനും പോലും ഒത്താശ ചെയ്ത് ബാക്കിവരുന്ന 85 ശതമാനത്തിന്റെ അവകാശങ്ങളുടെയും ആശങ്കകളുടെയും മേല്‍ കുതിര കയറുന്ന മതേതരത്വം ഇന്ത്യക്ക് വേണ്ട.
ഇവിടെ ഇനി ഈ രാഷ്ട്രീയാഭാസം വിലപ്പോകില്ലെന്ന് വിളിച്ചുപറഞ്ഞ തെരഞ്ഞെടുപ്പ് പരിണാമമായിരുന്നു 2014 ലേത്. ഇതിന്റെ ആവര്‍ത്തനവും അംഗീകാരവും അടിവരയിടലുമായിരുന്നു അസമും മറ്റ് തെരഞ്ഞെടുപ്പുകളും. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച്, ബീഹാറിലെ ബിജെപി പരാജയം മുന്‍നിര്‍ത്തി ഇനി വീണ്ടും കഥ പഴയതുതന്നെയെന്ന് ഒരുകൂട്ടര്‍ വിശ്വസിച്ചു. ഇവര്‍ വിശ്വസിക്കാന്‍ ആഗ്രഹിച്ചതിനും ഉറപ്പിച്ചതിനുമുള്ള മറുപടിയും തിരിച്ചടിയും കൂടിയായി യുപി, ഉത്തരാഖണ്ഡ് ജനവിധികള്‍.
യുപി-ഉത്തരാഖണ്ഡ് ജനവിധികള്‍ നവഭാരത സൃഷ്ടിയുടെ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞതില്‍ ഏറെ അര്‍ത്ഥവ്യാപ്തിയുണ്ട്. യുപിയുടെ ചരിത്രത്തില്‍ ഇത്രയേറെ വോട്ടും ഇത്രയധികം സീറ്റും നേടി ഒരു കക്ഷിയും വിജയിച്ചിട്ടില്ല. 39.7 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. ഇത് ഉത്തരാഖണ്ഡില്‍ 42 ശതമാനമായി ഉയര്‍ന്നു. യുപിയില്‍ രണ്ടാംസ്ഥാനത്തെത്തിയ സമാജ്വാദി പാര്‍ട്ടിക്കും, മായാവതിക്കും ഏതാണ്ട് സമാസമം വോട്ടാണ് (22 ശതമാനം) കിട്ടിയത്. ഇത്രയും വലിയ അകലം വിജയിച്ച കക്ഷിക്കും രണ്ടാം കക്ഷിക്കുമിടയിലും ഇതാദ്യമായാണ്.
യുപിയില്‍ 18 ശതമാനവും, ദേശീയതലത്തില്‍ 15 ശതമാനവുമാണ് മുസ്ലിം ജനസംഖ്യ. മുസ്ലിം വോട്ട് മുഴുവനും, ഒപ്പം പത്ത് ശതമാനം മറ്റ് വോട്ടും കിട്ടിയാല്‍ ഭരണം കയ്യാളാമെന്നായിരുന്നു ബിജെപി വിരുദ്ധരുടെ ധാരണ. മായാവതിയും സമാജ്വാദി പാര്‍ട്ടിയും 2007 ലും 2012 ലും ഭരണത്തിലെത്തിയത് 30 ശതമാനത്തില്‍ താഴെവോട്ടുമായാണ്.
2014 ലും 2017 ലും ഈ ചിത്രം മാറി. ബിജെപിക്ക് 22 ശതമാനവും 30.7 ശതമാനവും വീതം വോട്ടു ലഭിച്ചപ്പോള്‍ ലോക്സഭയിലേക്ക് 70, അസംബ്ലിയില്‍ 325 സീറ്റുവീതം നേടി. ആദ്യമായി യുപിയില്‍നിന്ന് ഒരൊറ്റ മുസ്ലിം എംപിപോലും തെരഞ്ഞെടുക്കപ്പെട്ടില്ല. അസംബ്ലിയില്‍ 2012 ല്‍ 69 ഉണ്ടായിരുന്ന മുസ്ലിം എംഎല്‍എമാരുടെ സംഖ്യ ഇപ്പോള്‍ 26 ആയി.
ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെയും നിര്‍ത്താന്‍ ബിജെപിക്കായില്ല. പക്ഷെ മോദിയുടെ അജണ്ടയുടെ ഭാഗമായി ഒരു മുസ്ലിം മന്ത്രി ആദിത്യനാഥിന്റെ മന്ത്രിസഭയിലുണ്ട്. ഇത്രകാലവും സര്‍ക്കാരില്‍ പങ്കാളിത്തം ഇല്ലാതിരുന്ന ഒന്നരഡസനിലധികം ജാതി, ഉപജാതി വിഭാഗങ്ങള്‍ക്ക് ആദ്യമായി യോഗിയുടെ മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചു. ബിജെപി വിജയകരമായി മെനഞ്ഞെടുത്ത ഹിന്ദുഐക്യത്തിന്റെ പ്രതിഫലനം കൂടിയായി ബിജെപി സര്‍ക്കാര്‍.
ഈ രാജ്യത്ത് ഭരണത്തിലെത്താനും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടാനും ജാതി ചൂഷണവും വര്‍ഗീയ പ്രീണനവും ആവശ്യമില്ലെന്ന് ബിജെപിയുടെ വിജയങ്ങള്‍ തെളിയിച്ചു.
ബിജെപിക്ക് മുസ്ലിങ്ങളും വോട്ടു ചെയ്തു. അതാണ് എംഎല്‍എ അല്ലാതിരുന്നിട്ടുപോലും ഒരാളെ മന്ത്രിയാക്കിയത്. മായാവതിയും അഖിലേഷും മത്സരിച്ച് മുസ്ലിം പ്രീണനം നടത്തുമ്പോള്‍ സ്വാഭാവികമായും ഇക്കാര്യം എടുത്തുപറയാതിരിക്കാനാവില്ല. ഇത് തുറന്നുകാട്ടുക മാത്രമാണ് ബിജെപി ചെയ്തതും.
ബിജെപിയെ ജയിക്കാനനുവദിക്കില്ല എന്ന വാശിയില്‍ മുസ്ലിങ്ങളെ തന്ത്രപൂര്‍വം വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമാണ് ജാള്യത പറ്റിയത്. ഇത്തരം രാഷ്ട്രീയത്തിന് ഇനി ഭാവിയില്ലെന്ന് യുപി തെളിയിച്ചു.മുസ്ലിങ്ങള്‍ എതിര്‍ത്താലും മറ്റ് സമ്മതിദായകര്‍ ഒറ്റക്കെട്ടായാല്‍ ഭൂരിപക്ഷം നേടാനാകും. ആര്‍ക്കും ജനാധിപത്യത്തെ, അവരുടെ തൊഴുത്തിലെ പശു ആക്കാനാവില്ല. ഇതാണ് മോദി പറഞ്ഞ പുത്തന്‍ ഭാരത വ്യാഖ്യാനം. രാഷ്ട്രീയം പൊളിച്ചെഴുതുകയാണ്. രാഷ്ട്രീയം ഹിന്ദു കേന്ദ്രീകൃതമാകുമ്പോള്‍ അതിന് ദേശീയ സ്വഭാവം വരുന്നു. ഇതുതന്നെയാണ് യോഗി മുഖ്യമന്ത്രിയാകാനുള്ള ന്യായവും.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കാശി വിശ്വനാഥന്റെയും ഭൂമി ഒരു കാഷായവസ്ത്രധാരിയുടെ നേതൃത്വം സ്വാഭാവികതയോടെ സ്വീകരിക്കും. ഉത്തര്‍പ്രദേശിലെ പത്രങ്ങള്‍ വലിയ ആഹ്ലാദത്തോടെയാണ് യോഗിയുടെ നേതൃത്വത്തെ സ്വാഗതം ചെയ്തത്. പല യുപി മുസ്ലിം പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്കി യോഗിക്ക് സ്വാഗതമോതി. പല സ്ഥലത്തും മുസ്ലിങ്ങള്‍ വഴിപാടുനേര്‍ന്ന്, ആഹ്ലാദം പങ്കുവച്ചു. ഉത്തര്‍പ്രദേശിലാകമാനം ഉത്സവമായാണ് ജനം ആഘോഷിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ 18 കിലോമീറ്ററിനുമപ്പുറം നിറഞ്ഞുതുളുമ്പി. ഇതെല്ലാം യുപി എന്താണ് ആഗ്രഹിച്ചത് എന്നതിന് തെളിവായി.
ഒരുകാലത്ത് മുസ്ലിം വോട്ടുനേടാതെ എങ്ങനെ അധികാരം പിടിക്കാനാവുമെന്ന് ബിജെപിയും ആശങ്കപ്പെട്ടിരുന്നു. അടല്‍ജിയുടെയും അദ്വാനിജിയുടെയും കാലത്ത് മുന്നണി സംവിധാനങ്ങളും തന്ത്രങ്ങളും രൂപീകരിക്കുമ്പോള്‍ ഇക്കാര്യംകൂടി കണക്കിലെടുത്തിരുന്നു.
യോഗി ആദിത്യനാഥിനെ നേതൃത്വത്തിലേക്ക് തീരുമാനിച്ചതിനുപിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. വെളിയിലുള്ളവര്ക്കുവേണ്ടി, അവരുടെ പുകഴ്ത്തലുകളും ആവശ്യങ്ങളുമനുസരിച്ചല്ല, സ്വന്തം ആദര്‍ശത്തിലും ലക്ഷ്യത്തിലും അടിയുറച്ചാണ് ബിജെപി തീരുമാനമെടുത്തത്. മൃദുല മുഖഛായ സൃഷ്ടിച്ച്, പ്രതിയോഗികളുടെ വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാതെ,
പ്രതിയോഗികളെ അവരുടെ എല്ലാ ശക്തിയും പ്രകടിപ്പിച്ച് ബിജെപിയെ എതിര്‍ക്കാനുള്ള സാഹചര്യമൊരുക്കുകവഴി അജണ്ടയും മുന്‍കൈയും ബിജെപിക്കുതന്നെ എന്ന സന്ദേശം നല്കാന് പാര്‍ട്ടിക്കു കഴിഞ്ഞു. എതിരാളികള്‍ എപ്പോഴും പറഞ്ഞിരുന്നതുതന്നെ ആവര്‍ത്തിക്കുമ്പോള്‍ അതിന് പൊതുജനമധ്യത്തില്‍ വിലയുണ്ടാവില്ല. യോഗിയുടെ കാഷായ വസ്ത്രം ഒഴിച്ചാല്‍ ഏതൊരു നേതാവിനെയുംപോലെ ശ്രേഷ്ഠനായ രാഷ്ട്രീയനേതാവാണദ്ദേഹം.
ഉത്തര്‍പ്രദേശിന്റെ ആവശ്യം അവിടുത്തെ ക്രിമിനലുകളെയും ഗുണ്ടാസംഘങ്ങളെയും നിലയ്ക്കുനിര്‍ത്തുകയാണ്. ഇവര്‍ക്കുണ്ടായിരുന്ന രാഷ്ട്രീയ പ്രോത്സാഹനം അവസാനിപ്പിക്കുകയാണ്. സുരക്ഷയാണ് ഏറ്റവും വലിയ വിഷയം.
പകല്‍പോലും പെണ്‍കുട്ടികള്‍ വെളിയിലിറങ്ങാന്‍ ഭയക്കുന്ന സാഹചര്യം മാറണം. അഴിമതികളില്ലാതാകണം. വ്യവസായികളില്നിനിന്നുള്ള പിടിച്ചുപറി ഇല്ലാതാകണം. ജനത്തിന് സമാധാനത്തിന്റെ അന്തരീക്ഷം കിട്ടിയാല്‍ മാത്രമേ നിക്ഷേപവും വികസനവും നടക്കൂ. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു നേതാവും വികസനവും സമാധാനവും പുരോഗതിയും ആഗ്രഹിക്കും. യോഗി ഇവിടെയാണ് ഹിന്ദു നേതാവെന്നതിനുപരി വികസനത്തിന്റെ പര്യായമാവുന്നതും. ഹിന്ദുമാനവികതയുടെ പര്യായമാണ് സമൃദ്ധിയും വികസനവും. ഇതില്‍ വിരോധാഭാസം ഒട്ടുമില്ല. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു നേതാവും വികസനത്തിന് തടസ്സമാകില്ല.
അതേസമയം, 2014 ന്റെയും 2017 ന്റെയും തെരഞ്ഞെടുപ്പ് പരിണാമത്തിന്റെ രാഷ്ട്രീയ സന്ദേശം ഉള്‍ക്കൊള്ളുന്ന നേതാവുമാകണം. അതായത് അവസരവാദ കൂട്ടുകെട്ടുകളുടെ പൊള്ളത്തരം വിളിച്ചറിയിക്കുന്ന, സമൂഹത്തില്‍ ഐക്യവും വിശ്വസനീയതയും വളര്‍ത്താന്‍ യോഗ്യതയുള്ള നേതൃത്വത്തിന് മാത്രമേ, 18 ശതമാനത്തിന്റെ ഉത്തമതാല്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ 82 ശതമാനത്തിന്റെ ഭൂരിപക്ഷ വികാരങ്ങളെ പ്രതിനിധീകരിക്കാനുമാവൂ. യോഗി ബിജെപിയുടെ ഭാവിതന്ത്രങ്ങളുടെ ആവിഷ്കാരം കൂടിയാണ്. രാഷ്ട്രീയത്തിന്റെ മുഖഛായ മാറുമ്പോള്‍ അതെങ്ങനെയാണെന്ന സന്ദേശംകൂടി ഇതിലുണ്ട്. ഈ മാറ്റം മനസ്സിലാക്കാന്‍ പഴയ വ്യാകരണവും കണക്കുകൂട്ടലുകളും മതിയാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: