കോയമ്പത്തൂര്‍: ദേശീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൂടുതല്‍ ഉണര്‍വ് പ്രകടമാകുന്നതായി ആര്‍എസ്എസ്. കോയമ്പത്തൂരില്‍ തുടരുന്ന അഖില ഭാരത പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ ഇന്ത്യ ദേശീയ ജീവിതത്തില്‍ അനുഭവപ്പെട്ടു തുടങ്ങിയെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നത്. പ്രതിനിധി സഭ ഇന്ന് സമാപിക്കും. ഹിന്ദു സമൂഹത്തിനു നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളില്‍ പ്രതിനിധി സഭ ആശങ്ക രേഖപ്പെടുത്തി.
എട്ടിമട അമൃത വിശ്വവിദ്യാലയത്തില്‍ ചേര്‍ന്ന മൂന്നു ദിവസത്തെ പ്രതിനിധി സഭയില്‍ സംഘടനാ ചര്‍ച്ചകളാണ് പ്രധാനമായും ഉണ്ടായത്. സര്‍കാര്യവാഹ് സുരേഷ് ജോഷി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളെ പ്രതിനിധി സഭ അഭിനന്ദിച്ചു. നോട്ട് പരിഷ്കരണ നടപടികള്‍ക്ക് ശേഷം പുതിയ ഇന്ത്യയാണ് കാണുന്നത്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ധീരമായ നീക്കമായി സാമ്പത്തിക പരിഷ്കരണത്തെ പ്രതിനിധി സഭ വിശേഷിപ്പിച്ചു.
ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മത ഭീകരര്‍ക്കും വിധ്വംസക ശക്തികള്‍ക്കും അയല്‍രാജ്യമായ പാക്കിസ്ഥാന് താവളമൊരുക്കുന്നതില്‍ റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തുന്നു. പാക്കിസ്ഥാനെതിരെ ഭാരതം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനിടയായത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുവഴി വ്യക്തമായ സന്ദേശമാണ് നല്‍കിയതെന്നും അന്താരാഷ്ട്രതലത്തില്‍ അവരുടെ ഭീകരമുഖം തുറന്നുകാട്ടാന്‍ സര്‍ക്കാരിന്റെ ധീരമായ നീക്കങ്ങളിലൂടെ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥനില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് സമ്മേളനം മാറ്റിവക്കേണ്ടി വന്നകാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഗ്രഹ വിക്ഷപണ രംഗത്ത് ചരിത്രം രചിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പ്രതിനധി സഭ അഭിനന്ദിച്ചു. ആഗോള തലത്തില്‍ രാജ്യത്തിന്റെ യശസുയര്‍ത്തിയ സംഭവമാണിത്.
ആശങ്കയുണര്‍ത്തുന്നതും പ്രതീക്ഷാ നിര്ഭരവുമായ കാര്യങ്ങള്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകള്‍, അമിതമായ പ്രാദേശിക വാദം തുടങ്ങിയവ ആശങ്കയുണര്‍ത്തുന്നു, പ്രതിനിധി സഭ ചൂണ്ടിക്കാട്ടി. ഗ്രാമവികസനം, ഗോരക്ഷ, കുടുംബ ജീവിത മൂല്യങ്ങള്‍ എന്നിവ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.42 പ്രാന്തങ്ങളില്‍ നിന്നായി 1,400 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിക്കും പ്രതിനിധി സഭ രൂപം നല്കി. ഇന്ന് സമാപന സഭയില്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി സമാപന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: