തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനും രാഹുല്ഗാന്ധിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി .ആര് മഹേഷ് രംഗത്ത്. പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ സ്ഥാനം ഒഴിയണമെന്നും, എ.കെ ആന്റണി മൗനി ബാബയായി തുടരുകയാണെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പരാജയത്തിന്റെ പടുകുഴിയിലാണ്ട കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിക്കുകയാണ് ഹൈക്കമാന്‍ഡിനെതിരെ ഉയര്‍ന്നുവരുന്ന അതൃപ്തി. ഏറ്റവുമൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പ്പോലും പരസ്യമായി വിമര്‍ശിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റ് സി ആര് മഹേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്തും സംസ്ഥാനത്തും ഉരുകിത്തീരുന്നത് ലാഘവത്തോടെ കണ്ട് നില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നുവെന്നാണ് മഹേഷ് കുറ്റപ്പെടുത്തുന്നത്. നയിക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ സ്ഥാനമൊഴിയണം. പാര്‍ട്ടിയുടെ വേരുകള്‍ ഒന്നൊന്നായി അറ്റ് പോകുന്നത് കണ്ണ് തുറന്നുകാണണെന്നും പോസ്റ്റിലൂണ്ട്.
കെ എസ് യു വളര്‍ത്തി വലുതാക്കിയ എ കെ ആന്റണി ദല്‍ഹിയില്‍ മൗനി ബാബയായി തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസിനെയും കെ എസ് യുവിനെയും അനുഭവപരിചയവും രാഷ്ട്രീയ ബോധവുമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാര്‍ ചേര്‍ന്ന് പരീക്ഷണവസ്തുവാക്കി. നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങളും ചേര്‍ന്ന് തമ്മിലടിക്കുന്നത് കണ്ട് രസിക്കുകയാണ് നേതൃത്വമെന്നും വിമര്‍ശനമുണ്ട്.
കെപിസിസിക്ക് നാഥനില്ലാത്ത അവസ്ഥയാണെന്നും ഭരണപരാജയത്തിനെതിരെ പ്രതികരിക്കാതെ നിശ്ശബ്ദതയില്‍ തുടരുകയാണെന്നും സി ആര് മഹേഷ് കുറ്റപ്പെടുത്തുന്നു. സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പുതിയൊരു സൂര്യോദയത്തിനായി കാത്തിരിക്കാമെന്നും പറഞ്ഞാണ് ഫേസ് ബുക്ക് പോസ്റ്റര്‍ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: