മുഖ്യമന്ത്രി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പാര്‍ട്ടി ചാനലിലെ ഒരു പരിപാടിയില്‍ പൗരാണിക കേരളചരിത്രത്തിന് ചമച്ച നവവ്യാഖ്യാനം സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. ”നാമിന്ന് കാണുന്ന ‘ഹിന്ദൂയിസം’ കേരളത്തില്‍ വരുന്നതിന് മുന്‍പ് ഇവിടെത്തിയ മതമാണ് ക്രിസ്ത്യാനിറ്റി. കേരളത്തില്‍ ക്രിസ്ത്യാനികള്‍ എഡി ഒന്ന്, രണ്ട് നൂറ്റാണ്ടുകളില്‍ എത്തിച്ചേര്‍ന്നു. ബ്രാഹ്മിണ്‍സ് കേരളത്തിലെത്തുന്നത് എഡി ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ മാത്രമാണ്.” ഇതായിരുന്നു ബ്രിട്ടാസിന്റെ കണ്ടെത്തല്‍. ഈ വിഷയത്തില്‍ താന്‍ ഒരുപാട് പഠിച്ചയാളായതിനാലാണ് ഇത് പറയുന്നതെന്ന മുഖവുരയോടെ നടത്തിയ ഈ അപനിര്‍മ്മിതിയെ ഒരു നാക്കുപിഴയായി തള്ളിക്കളയാനാകില്ല.
ശരിയാണ്, ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തിന്റെ കണ്ടെത്തലല്ല. തന്റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഈ വിചിത്രവാദത്തെ സത്യമെന്ന് സ്ഥാപിച്ചെടുക്കാന്‍ നിരന്തരം ശ്രമിച്ചത് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയായിരുന്നു.
”ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹ കേരളം സന്ദര്‍ശിച്ചുവെന്നും അദ്ദേഹമാണ് കേരളത്തിലെ, ഒരുപക്ഷെ ഇന്ത്യയിലെതന്നെ പ്രഥമ ക്രിസ്തീയ സഭക്ക് ജന്മം നല്‍കിയതെന്നും ഒരു പഴംപുരാണം നിലവിലുണ്ട്. അത് ശരിയായാലും തെറ്റായാലും ഏഴും എട്ടും നൂറ്റാണ്ടുകള്‍ തൊട്ട് ക്രിസ്തുമതം കേരളത്തില്‍ പ്രചരിച്ചിരുന്നുവെന്ന് നിസ്തര്‍ക്കമാണ്. ഇസ്ലാം അന്ന് കേരളത്തില്‍ എത്തിക്കഴിഞ്ഞിട്ടില്ലാത്തതതിനാലും അന്നത്തെ കേരളീയര്‍ മുഖ്യമായും ബൗദ്ധ ജൈന മതാനുയായികള്‍ ആയിരുന്നതിനാലും ഹിന്ദുമതം എട്ടാം നൂറ്റാണ്ടില്‍ ആര്യന്മാരുടെ വരവോടുകൂടി മാത്രമേ കേരളത്തില്‍ പ്രചിരിച്ചിരുന്നുള്ളു എന്നതിനാലും കേരളത്തില്‍ ഇന്ന് നിലവിലുള്ള സജീവ മതങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ക്രിസ്തുമതത്തിനാണ് എന്നാരെങ്കിലും വാദിച്ചാല്‍ അതത്രവേഗം തിരിസ്തകരിക്കാന് കാഴിയുമെന്ന് തോന്നുന്നില്ല.” പി ഗോവിന്ദപ്പിള്ളയുടെ മൂന്നു വാല്യങ്ങളായി (അഞ്ചു വാല്യങ്ങളാണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ മൂന്നിലൊതുങ്ങിപ്പോയി) പുറത്തിറങ്ങിയ ‘കേരള നവോത്ഥാന ചരിത്രം’എന്ന ഗ്രന്ഥ പരമ്പരയിലാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ള സജീവമതങ്ങളില് ഏറ്റവും പ്രാചീനം കൃസ്തുമതമാണെന്ന് സമര്‍ത്ഥിക്കുന്നത്. കേരളത്തിലെ സുറിയാനി കൃസ്ത്യാനികളുടെ പാരമ്പര്യം പലവുരു ചര്‍ച്ചയ്ക്ക് വിധേയമായതാണ്.
സെന്റ് തോമസിന്റെ കേരളാഗമനത്തിന്റെ കാര്യത്തിലാണെങ്കില്‍ തദ്ദേശീയ ക്രിസ്തീയ സഭകള്കളും ആഗോള കത്തോലിക്കാ സഭയും രണ്ടു തട്ടിലാണ്. സുറിയാനി ക്രിസ്ത്യാനികളുടെ കേരളത്തിലെ തനത് പാരമ്പര്യത്തെപ്പറ്റിയും ദേശീയ ബോധത്തെപ്പറ്റിയും ആര്‍ക്കും രണ്ടഭിപ്രായമില്ല. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ വിവിധ തുറകളില്‍ (സൈനിക സേവനം മുതല്‍ വിവിധ അക്കാദമിക മേഖലകള്‍ വരെ) അവര്‍ നല്കിയ സംഭാവനകള്‍ നിസ്തുലമാണ്.
പോര്‍ട്ടുഗീസുകാരുടെയും ടിപ്പു സുല്‍ത്താന്റെയും അധിനിവേശത്തിനും പീഡനങ്ങള്‍ക്കും ഹിന്ദുക്കളോടൊപ്പം സുറിയാനി കൃസ്ത്യാനികളും വിധേയരായി. ഉദയംപേരൂര്‍ സുന്നഹദോസും കൂനന്‍ കുരിശ് സത്യവുമൊക്കെ മധ്യകാല കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ പീഡനങ്ങളൊക്കെയും അവരേറ്റു വാങ്ങിയത് തനതായ പാരമ്പര്യം പിന്തുടര്ന്ന് കൃസ്തുമതത്തിന്റെ യൂറോപ്യന്‍ വാര്‍പ്പു മാതൃക സ്വീകരിക്കാന്‍ വിസമ്മതിച്ചത് കാരണമായിരുന്നു.
ബ്രിട്ടാസ് പറഞ്ഞതരത്തിലൊരു ആഖ്യാനം സൃഷ്ടിച്ചെടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുപാട് മഷിയൊഴുക്കിയതാണ്. അതിന്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല, ഒരുമയുള്ള ഒരു സമൂഹത്തില്‍ ഭിന്നതയുടെ വിത്തുപാകുക എന്നത് മാത്രമായിരുന്നു. ദേശീയവാദികളായ ന്യൂനപക്ഷ വിഭാഗങ്ങളത് തിരിച്ചറിയപ്പെടാതെ പോകരുത്.
പിജിയിലേക്ക് മടങ്ങി വന്നാല്‍, അദ്ദേഹത്തിന്റെ വിശാലമായ വായനാലോകവും പുസ്തകപ്രേമവും അദ്ദേഹത്തിന് ഒരു ചരിത്രകാരന്റെ ആധികാരികത നേടികൊടുക്കുന്നില്ല. കേരളം കണ്ടതില്‍വച്ച് ഏറ്റവും കാപട്യക്കാരനായ ബുദ്ധിജീവിയാണ് പിജി. അദ്ദേഹത്തിന്റെ രചനകളില്‍ ഉടനീളം നിഴലിക്കുന്ന വൈരുധ്യം ഇതിനെ സാധൂകരിക്കുന്നു. ഒരു എക്സ്- കമ്യൂണിസ്റ്റായിരിക്കുന്ന അവസ്ഥയെപ്പറ്റി തന്റെ ലേഖനങ്ങളിലുടനീളം അദ്ദേഹം പരിതപിക്കുന്നതും നമുക്ക് കാണാം. പില്ക്കാലത്ത് സിപിഎമ്മിനെയും ഇഎംഎസിനെയും പലപ്പോഴും വിമര്‍ശിച്ചിരുന്നു.
പോരാഞ്ഞ് കെ. വേണുവിനേപ്പോലെയുള്ള ശിഷ്യന്മാര് ഇത് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുള്ളതുമാണ്. ഇതൊക്കെയാണെങ്കിലും കേരളത്തിന്റെ ഹൈന്ദവ സംസ്കാരത്തെ എവിടെയും ഇകഴ്ത്തി കാട്ടാന്‍ പി.ജി വല്ലാതെ പരിശ്രമിച്ചിരുന്നു.
പി.ജി പറഞ്ഞുപോകുന്നതിങ്ങനെ, അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ അത് അത്രവേഗം തിരസ്കരിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല! ഇതിലൂടെ പിജി തകര്‍ക്കാന്‍ ശ്രമിക്കുന്നത് സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത വിശ്വാസത്തെ തന്നെയാണ്. സുറിയാനി ക്രിസ്ത്യാനികള്‍ ഒരിക്കലും ഉയര്‍ത്താത്ത ഒരു അവകാശവാദത്തെ അവരുടെ വായില്‍ തിരുകി അനാവശ്യ വിവാദം സൃഷ്ടിക്കലാണത്. ഈ ദുര്‍ബല വാദത്തെത്തന്നെയായിക്കണം ബ്രിട്ടാസ് തന്റെ ചരിത്ര പഠനത്തിന് സ്വീകരിക്കുന്നത്.
പിജിയുടെയും ബ്രിട്ടാസിന്റെയും ഈ വിചിത്ര സിദ്ധാന്തം വാദത്തിനുവേണ്ടി അംഗീകരിക്കാം. അങ്ങനെയെങ്കില്‍, എട്ടാം നൂറ്റാണ്ടിലാണ് ‘വൈദിക ഹിന്ദുമതം’ അല്ലെങ്കില്‍ ‘ബ്രാഹ്മണമതം’ (അതെന്താണെന്ന് ചോദിക്കരുത്!) കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്! ഇതനിവര് ആലംബമാക്കുന്നത് വില്യം ലോഗനെയാണ്. ആധുനിക ചരിത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ആര്യ-ദ്രാവിഡ വാദത്തിന്റെ മുന എന്നേ ഒടിച്ചതാണ്. ഏതാനും ചില കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും ബുദ്ധിജീവികളും മാത്രമാണ് ഈ വാദത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ ദേശീയതയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നത്. ഈ വികലമായ ചരിത്ര വീക്ഷണത്തെ പിന്‍പറ്റിയാണ് പി. ഗോവിന്ദപ്പിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ വൈദിക ഹിന്ദുമതം, ബ്രാഹ്മണ മതം തുടങ്ങിയ സംജ്ഞകളെ കൂട്ടുപിടിച്ച് കേരളത്തിന്റെ ഹൈന്ദവ പാരമ്പര്യത്തെ ഇരുട്ടത്ത് നിര്‍ത്തുന്നത്. ചരിത്രത്തിലെ ആര്യ-ദ്രാവിഡ വാദത്തെ അംഗീകരിച്ച് ചരിത്രരചന നടത്തിയ എ. ശ്രീധരമേനോനടക്കമുള്ളവര്പോലും വില്യം ലോഗന് മലബാര്‍ മാന്വലിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ച ഈ വിചിത്ര വാദത്തെ തള്ളിക്കളയുന്നു.
ഈ വിഷയത്തില്‍ ഇ. ശ്രീധരമേനോന് അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ് ”വൈദിക ബ്രാഹ്മണര്‍ മലബാറിലെത്തിയത് എഡി എട്ടാം ശതകത്തിന്റെ ആദ്യവര്ഷങ്ങളിലാണെന്നും തുളുനാട്ടില്‍നിന്നും കടല്‍ത്തീരം വഴിയാണ് അവര്‍ വന്നതെന്നും ലോഗന് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നോട്ടത്തില്‍ ആര്യന്മാര് എ.ഡി 605ന് മുമ്പ് തെക്കോട്ട് വന്നിരുന്നില്ല. ലോഗന് പറയുന്ന കാലഘട്ടത്തില്‍ തെക്കന്‍ കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വലിയ തോതില്‍ ബ്രാഹ്മണര്‍ കുടിയേറി പാര്ക്കുകയുണ്ടായെങ്കിലും എഡി എട്ടാം ശതകത്തിന് മുമ്പുള്ള ഘട്ടങ്ങളില്‍ ബ്രാഹ്മണര്‍ കേരളത്തിലേക്ക് വന്നില്ലെന്ന അദ്ദേഹത്തിന്റെ വാദം അസാധുവാണ്.
ബിസി 1000ത്തിനടുത്തുതന്നെ ഡക്കാണിലും തെക്കേ ഇന്ത്യയിലും ആര്യ അതിപ്രസരം ആരംഭിച്ചു കഴിഞ്ഞുവെന്നും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന വ്യാകരണകാരനായ കാത്യായനന്റെ കാലത്ത്(ബിസി 1-ാം ശതകം) അതൊരു നിര്‍ണ്ണായക ഘട്ടത്തിലെത്തിയെന്നുമാണ് പണ്ഡിതന്മാരുടെ പൊതുവെയുള്ള അഭിപ്രായം.”
അപ്പോള്‍ ആരാണീ ശങ്കരാചാര്യര്‍? എട്ടാം നൂറ്റാണ്ടില്‍ ഭാരതം മുഴുവന്‍ അദ്വൈത വേദാന്തം പ്രചരിപ്പിച്ച ശങ്കരാചാര്യര്‍ കാലടിയിലാണ് ജനിച്ചതെന്നതില്‍ തര്‍ക്കമില്ല. കാലടിയിലെ അദ്വൈതാശ്രമത്തില്‍ ആഗമാനന്ദ സ്വാമികളുടെ ശിഷ്യനായി വര്‍ഷങ്ങള്‍ ചിലവിട്ട പിജിക്ക് അതറിയാഞ്ഞിട്ടല്ല. ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ ഒരു ചരിത്ര നായകനും ഒരൊറ്റ രാത്രികൊണ്ട് ജനിക്കുന്നില്ല, ആദിശങ്കരനും അതിനപവാദമല്ല. നൂറ്റാണ്ടുകളായി കേരളത്തില്‍ ശക്തമായിരുന്ന ഒരു ‘Intellectual Mili-eu’ ന്റെ ഉത്പന്നമായിരുന്നു ശ്രീശങ്കരാചാര്യര്‍. ലോകത്തെ എല്ലാ തത്വചിന്തകരും, പ്ലേറ്റോയും അക്വിനാസും മുതല്‍ ഹേഗലും കാന്റും മാര്‍ക്സും നവ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും വരെ അങ്ങനെ തന്നെയായിരുന്നു. ശങ്കരാചാര്യര്‍ക്ക് മുന്‍പ് ശുന്യതയാണെന്ന് സമര്‍ത്ഥിച്ചാല്‍ ചരിത്രപരമായ ഭൗതികവാദം ഒരു മതിഭ്രമമാണെന്ന് അംഗീകരിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ പാഴ്വാക്ക് കടംകൊള്ളാമെങ്കില്, അദ്വൈതം ദ്വൈതബോധത്തിന്റെ ആന്റി തീസിസാണെന്ന് പറയാം; ദാര്‍ശനികമായി അത് ശരിയല്ലെങ്കില്‍ പോലും. ബുദ്ധമതത്തിന്റെ സ്വാധീനത്തെപ്പറ്റിയുള്ള പൊലിപ്പിച്ച കഥകള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വന്തം ചരിത്രകാരന്മാരുടെ സൃഷ്ടിയാണ്.
ആവശ്യം കഴിഞ്ഞ് 1947 ല്‍ ബ്രിട്ടീഷുകാരത് ഉപേക്ഷിച്ചു പോയപ്പോള്‍ കൂലിയെഴുത്തുകാരായ കമ്യൂണിസ്റ്റ് ചരിത്രകാരന്മാര് മിനിമം കൂലി ആജീവനാന്തം ഉറപ്പിക്കാന്‍ കൂടെക്കൂട്ടിയെന്നു മാത്രം.
ജോണ്‍ ബ്രിട്ടാസ് തന്റെ പഠനത്തിലൂടെ കണ്ടെടുത്തെന്ന് അവകാശപ്പെടുന്ന ഈ പുതിയ കൂട്ടിച്ചേര്‍ക്കല്‍ മാര്‍ക്സിസ്റ്റുകള്‍ കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രവിരുദ്ധവും ഹൈന്ദവ വിരുദ്ധവുമായ പ്രചാരവേലകളിലൊന്നു മാത്രമാണ്. ഭാരതത്തിലെ പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹമായ സുറിയാനി ക്രിസ്ത്യാനികള്‍ പോലും ഇന്നേവരെ ഉയര്‍ത്താത്ത ഈ വാദഗതി കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചന മാത്രമാണ്. ഡോ. തോമസ് ഐസക്കിന്റെ കേരളം- മണ്ണും മനുഷ്യനും എന്ന പുസ്തകത്തിലും ഇതേ വാദം തന്നെ കടന്നുവരുന്നുണ്ട്. ഏഴ്-എട്ട് നൂറ്റാണ്ടുകള്‍ മുമ്പ് വരെ (ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ പതനം വരെ) കേരളത്തിലെ ക്രിസ്ത്യന്‍ സാന്നിധ്യം കൊടുങ്ങല്ലൂര്‍-മലബാര്‍ തീരങ്ങളില്‍ തുലോം കുറവായിരുന്നെന്ന് ക്രിസ്ത്യന്‍ ചരിത്രകാരന്മാര്തന്നെ വിലയിരുത്തുന്നുണ്ട്.
അതുപോലെ തന്നെ ക്രൈസ്തവ മതം പ്രാചീന കേരള സമൂഹത്തിനുമേല്‍ വലിയ സ്വാധീനശക്തിയായിരുന്നു എന്ന വാദത്തിനും കഴമ്പില്ല. അങ്ങനെയായിരുന്നെങ്കില്‍ മലയാളത്തിലോ സംസ്കൃതത്തിലോ തമിഴിലോ രചിക്കപ്പെട്ട കാവ്യ-സാഹിത്യ ഗ്രന്ഥങ്ങളില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടുവരെ സാഹിത്യരംഗത്ത് ക്രിസ്ത്യന്‍ സ്വാധീനം തീരെ ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഇല്ലാത്ത ചരിത്രരചനയ്ക്കാണ് മുസിരിസ്സിലൂടെ എം.എ. ബേബിയും സക്കറിയയും അടക്കമുള്ള കമ്യൂണിസ്റ്റ്- ലിബറലുകളും ശ്രമിക്കുന്നത്. ജെഎന്‍യു സിന്‍ഡ്രോമില്‍ നിന്ന് ഉടലെടുത്ത ജോണ്‍ ബ്രിട്ടാസിന്റെ വിവരശൂന്യതയ്ക്ക് മറുപടി നല്‍കേണ്ടത് കേരളത്തിലെ ചരിത്ര പണ്ഡിതന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: