തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ ലോകായുക്തയില്‍ പരാതി. തൃശൂര്‍ കോര്പ്പറേഷന് സെക്രട്ടറി കെ. എം. ബഷീറിനെതിരെ വ്യാജപരാതിയുണ്ടാക്കി സസ്പെന്‍ഡ് ചെയ്ത മന്ത്രി കെ.ടി.ജലീല്‍, അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അഡ്വ. എ. ജെ. അഭിലാഷ് നല്കിയ പരാതിയിലുള്ളത്. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, തൃശൂര്‍ മേയര്‍ അജിത ജയരാജ് എന്നിവരെയും പരാതിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ആഗസ്റ്റ് 20ന് തൃശൂരില്‍ തദ്ദേശമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്നും കെ.എം.ബഷീര്‍ വിട്ടുനിന്നിരുന്നു. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹൈക്കോടതിയില്‍ ഹാജരായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇതിന്റെ പേരില്‍ ക്ഷുഭിതനായ മന്ത്രി വ്യാജ പരാതിയുണ്ടാക്കി ബഷീറിനെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് പരാതി.
കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ അഡ്വ.എസ്.രാമദാസന്, അനൂപ് കരിപ്പാല്‍ എന്നിവരുടെ പേരിലുള്ള പരാതിയുടെ പേരിലാണു ബഷീറിനെ സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ പരാതിയില്‍ ഇരുവരും രേഖപ്പെടുത്തിയ ഒപ്പും കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്നും പരാതിയിലെ ഒപ്പ് വ്യാജമാണെന്നുമാണ് ആരോപണം. ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ജസ്റ്റിസ് ബാലചന്ദ്രന് എന്നിവരടങ്ങിയ ലോകായുക്ത ബഞ്ചാണ് പരാതി പരിഗണിച്ചത്. കേസ് മേയ് 23ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: