തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ ഷെഡ്യൂളുകളുടെ എണ്ണം കൂട്ടി ബസ്സ്-സ്റ്റാഫ് അനുപാതം ക്രമപ്പെടുത്തണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കാന്‍ ബസ്സ്-സ്റ്റാഫ് അനുപാതത്തില്‍ ചെറിയ വ്യത്യാസം വരുത്തണമെന്ന ഗതാഗതമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങളിലെ ആര്‍ടിസികള്‍ പുതിയ ബസ്സുകള്‍ വാങ്ങുമ്പോള്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ചെയ്സുകള്‍ വാങ്ങി അഞ്ചുവര്ക്കഷോപ്പുകളിലായി ബോഡി നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഈ വിഭാഗത്തില്‍ മാത്രം 2,062 ജീവനക്കാര്‍ ജോലിയെടുക്കുന്നു. അതായത് 2,062 കുടുംബങ്ങള്‍ക്ക് ഇതിലൂടെ ജീവിതസാഹചര്യമുണ്ടാകുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇതേക്കുറിച്ച് ഒരുചര്‍ച്ചയിലും ആരും പരാമര്‍ശിക്കുന്നില്ല. കഴിഞ്ഞമാസം 30,365 സ്ഥിരം ജീവനക്കാരും 7,200 ജീവനക്കാരും കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തു എന്നാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോഡി നിര്‍മിക്കുന്ന 2,062 ജീവനക്കാര്‍ അധികമാണെന്ന് തോന്നാം. എന്നാല്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്നോര്‍ക്കണം. ഇവര്‍ അധികമാണെന്ന് തോന്നിയാല്‍ ഷെഡ്യൂളുകളുടെ എണ്ണം കൂട്ടി പരിഹരിക്കാവുന്നതേ ഉള്ളൂ.
നിലവിലെ ബസ്സ്-സ്റ്റാഫ് അനുപാതം 8.7 ആണ്. ഇത് 6-6.5 ആക്കണമെന്നാണ് വിദഗ്ധോപദേശം. കെഎസ്ആര്‍ടിസിയില്‍ നിന്ന് നീണ്ട അവധിയെടുത്ത് വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നവരുമായ ഏതാണ്ട് 3,200 ജീവനക്കാര്‍ ഉണ്ട്. കോര്പ്പറേഷന് പ്രയോജനമില്ലാത്ത ഇവരെ കണ്ടെത്തി ഒഴിവാക്കിയാല്‍ അനുപാതം കുറയും. ബാക്കിവരുന്ന അധികജീവനക്കാരെ പിരിച്ചുവിടാതെ ഷെഡ്യൂളുകളുടെ എണ്ണം കൂട്ടി ക്രമീകരിച്ചാല്‍ മതിയാകും. ഇപ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ശരാശരി 350 സര്‍വീസുകള്‍ ദിനംപ്രതി മുടങ്ങുന്നുണ്ട്. ഈ മുടക്കം ഒഴിവാക്കിയാല്‍ കോര്പ്പറേഷന് വലിയ ഗുണമുണ്ടാകുമെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: