ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലും കണ്ണൂര്‍ മോഡല്‍ അക്രമവുമായി സിപിഎം. പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപ്പൊയിലില്‍ ബിജെപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് കിണറില്‍ തള്ളി. ഗുരുതരമായി പരിക്കേറ്റ കണ്ണാടിപ്പൊയില്‍ പിണ്ടംനീക്കിയില്‍ ശശികുമാര്‍ (50)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തുമണിയോടെ അയല്‍വാസിയുടെ വീട്ടിലെ കിണറിലാണ് ശശികുമാറിനെ കണ്ടത്. അങ്ങാടിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ശശികുമാറിനെ സിപിഎമ്മുകാര്‍ കൂകി വിളിച്ച് പരിഹസിച്ചിരുന്നു.
തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ശശികുമാറിനെ ഒരു സംഘം പിന്തുടര്ന്ന് അക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മാരകായുധങ്ങളുമായി കൂടുതല്‍ സിപിഎമ്മുകാര്‍ എത്തി ഓടിച്ചിട്ട് മര്‍ദ്ദിക്കുയായിരുന്നു.
ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്ന് കരുതി വലിച്ച് സമീപത്തെ മുരിങ്ങനാട്ട് ചാലില്‍ ഗോവിന്ദന്റെ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളി അക്രമികള്‍ സ്ഥലം വിട്ടു. രാത്രി പത്ത് മണിയോടെ കിണറില്‍ നിന്നും ഞരക്കം കേട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ശശികുമാറിനെ അവശനിലയില്‍ കണ്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സജീവ സിപിഎം കുടുംബത്തില്‍പ്പെട്ട ശശികുമാര്‍ ഒരു വര്‍ഷം മുമ്പാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിലുള്ള വിരോധമാണ് വധശ്രമത്തിന് കാരണം. കഴിഞ്ഞ നാലിനായിരുന്നു ശശികുമാറിന്റെ മകളുടെ വിവാഹം. വിവാഹ വീട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമായിരുന്നതും പ്രകോപനത്തിന് കാരണമായി.
പ്രദേശത്തെ ആര്‍എസ്എസ്, ബിജെപി ഓഫീസുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത സിപിഎമ്മുകാര്‍ ശാരീരിക അക്രമത്തിലേക്ക് തിരിഞ്ഞതിന്റെ സൂചനയാണ് ശശികുമാറിന് നേരെ ഉണ്ടായ വധശ്രമമെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: