കൊച്ചി: മനുഷ്യന്റെ തലച്ചോറിലെ തരംഗങ്ങള്‍ രേഖപ്പെടുത്തി മാനസികാവസ്ഥ തിരിച്ചറിയാനാവുന്ന തരത്തില്‍ മലയാളി വിദ്യാര്‍ഥി നിതിന്‍ വസന്ത് വികസിപ്പിച്ചെടുത്ത ഇയര്‍ഫോണ്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു.
അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ അവതരിപ്പിച്ച ന്യൂറോ ബഡ്സ് എന്ന് പേരിട്ടിട്ടുള്ള മനസ്സു വായിക്കുന്ന ഈ സ്മാര്‍ട് ഇയര്‍ ഫോണുകള്‍ ഇന്റല്‍, ബോഷ് എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെയാണ് വികസിപ്പിക്കുന്നത്. താമസിയാതെ ഇത് വിപണിയിലെത്തിക്കും. കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍(കുസാറ്റ്) വിദ്യാര്‍ഥിയായ നിതിന്‍ വസന്തിന് പ്രശസ്തമായ രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടിക്കൊടുത്ത കണ്ടുപിടിത്തമാണിത്. ഈ ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് നിതിന്‍ സിലിക്കണ്‍ വാലിയിലെത്തിയത്.
തലച്ചോറിന്റെ പ്രവര്‍ത്തനവും ഹൃദയമിടിപ്പിന്റെ നിരക്കുമെല്ലാം വ്യക്തമായി അറിയാന്‍ ന്യൂറോ ബഡ്സിന് കഴിയുമെന്ന് നിതിന്‍ പറഞ്ഞു. ന്യൂറോ ബഡ്സ് തരുന്ന വിവരങ്ങളില്‍നിന്ന് ഒരാളിന്റെ മാനസിക സമ്മര്‍ദത്തിന്റെ തോത് അറിയാനാകും.
അഹമ്മദാബാദില്‍ അടുത്തിടെ മേക്കര്‍ ഫെസ്റ്റില്‍ അവതരിപ്പിച്ചപ്പോഴാണ് ഈ ഉല്പന്നം നിതിന്‍ രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടിക്കൊടുത്തത്. ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പത്തു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിതിന്‍. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന സ്മാര്‍ട് വാച്ചുകളുടെ വിലയ്ക്ക് സമീപഭാവിയില്‍ ന്യൂറോ ബഡ്സ് ലഭിക്കും.
സ്വന്തം മാനസികനിലയും സമ്മര്‍ദവുമെല്ലാം സ്വയം വിലയിരുത്താന്‍ കഴിയുന്ന രീതിയിലാണ് ന്യൂറോ ബഡ്സിന്റെ പ്രവര്‍ത്തനമെന്ന് നിതിന്‍ ചൂണ്ടിക്കാട്ടി. അപസ്മാരം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടക്കത്തില്‍തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിനും ന്യൂറോ ബഡ്സ് ഉപകാരപ്പെടുമെന്ന് നിതിന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: