വടകര: വടകരയില്‍ 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. മൂന്നു മാസത്തിനുള്ളില്‍ വിതരണം ചെയ്തത് 31 കോടിയിലേറെയെന്നും കണ്ടെത്തല്‍.
വില്ല്യാപ്പള്ളി അരകുളങ്ങര എടോളി അബ്ദുല്‍ സലിം (39) നെയാണ് 10 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി വടകര അടക്കതെരുവില്‍ വെച്ച് ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം പിടികൂടിയത്. അബ്ദുള്സലീമില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയില്‍ വില്ല്യാപ്പള്ളി സ്വദേശി മലയില്‍ താജുദ്ദീന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നടത്തിയ 31 കോടിയിലേറെ രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് ലഭിച്ചു.
നോട്ടു പ്രതിസന്ധിക്കിടയിലും വില്ല്യാപ്പള്ളി കേന്ദ്രീകരിച്ചുനടന്ന സമാന്തര പണമിടപാടിലൂടെ കോടിക്കണക്കിനുരൂപ വടകരയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത സംഭവം പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് കമ്മത്ത് ലയിനിലെ യാസ്സര്‍ ഗോള്‍ഡ് ഉടമയായ കൊച്ചു എന്ന ആളില്‍ നിന്നും വില്ല്യാപ്പള്ളിയിലെ താജുദ്ദീന് പണമെത്തിക്കുന്ന കാരിയറാണ് പോലീസിന്റെ പിടിയിലായ അബ്ദുള്‍സലിം. തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ കുഴലില്‍ നോട്ടുകെട്ടുകള്‍ തിരുകി അറയില്‍ ഒളിപ്പിച്ചാണ് അബ്ദുള്‍സലിം പണം കടത്തിയത്. താജുദ്ദീന്റെ കീഴില്‍ നിരവധി കാരിയര്‍മാര്‍ വില്ല്യാപ്പള്ളി കേന്ദ്രീകരിച്ച് കുഴല്‍പ്പണമിടപാട് നടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മാസത്തില്‍ എല്ലാദിവസവും പതിവായി പണം വിതരണം ചെയ്തിരുന്നതായി അബ്ദുള്‍സലീം പറഞ്ഞു. 700 മുതല്‍ 1000 വരെയാണ് പ്രതിഫലം. പോലിസ് യാസ്സര്‍ ഗോള്‍ഡ് ഉടമ കൊച്ചുവിനും, താജുദ്ദീനും വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. വിവരങ്ങള്‍ പോലിസ് എന്‍ഫോഴ്സ്മെന്റിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: