ആലപ്പുഴ: മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ സര്‍ക്കാരാണെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. സമൂഹത്തിലെ അവസാനത്തെ ആള്‍ക്കും വികസനം എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നത് മൂന്ന് വര്‍ഷത്തെ ഭരണത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകള്‍ ഈ ഘട്ടത്തില്‍ പറഞ്ഞ് വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രംഗത്തും വികസനം നടപ്പാക്കുക മാത്രമല്ല, അഴിമതി ഇല്ലാതാക്കാനും സര്‍ക്കാരിന് സാധിച്ചു. വരും വര്‍ഷങ്ങളില്‍ വികസന കുതിപ്പിന് ഇത് സഹായിക്കും. കാലിച്ചന്തകളിലൂടെയുള്ള അറവുമാട് വില്‍പ്പന തടഞ്ഞുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ല. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയമം കൊണ്ടുവന്നത്. ഇതില്‍ ബീഫ് നിരോധനമില്ല, അതിനാല്‍ തന്നെ ബീഫ് നിരോധനം പിന്‍വലിക്കുക എന്ന ആവശ്യം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. തോട്ടപ്പള്ളിയിലെ മണ്ണുംപുറം ഹരിജന്‍ സെറ്റില്മെന്റ്കോളനിയും മൂന്ന് പതിറ്റാണ്ടായി ജനജീവിതം ദുസ്സഹമാക്കുന്ന അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ കാപ്പിത്തോടും അദ്ദേഹം സന്ദര്‍ശിച്ചു. ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ. പത്മനാഭന്, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന്, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് അനിയപ്പന് എന്നിവര്‍ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: