സാധാരണക്കാര്‍ എവിടെയാണോ ഭയക്കുന്നത്, പതറിപ്പോകുന്നത്, പിന്മാറുന്നത്-അവിടെ അസാധാരണ പ്രതിഭകള്‍ ചങ്കുറപ്പോടെ മുന്നേറും. സാധാരണക്കാര്‍ അസാധ്യമെന്നും കഠിനമെന്നും പറഞ്ഞ് പരിഹരിക്കാത്ത പ്രശ്നങ്ങളെ ഇച്ഛാശക്തിയോടെ അഭിമുഖീകരിച്ച് പരിഹരിക്കുന്ന ആളാണ് മഹാത്മാവ്. ഗണിതശാസ്ത്രം അത്തരമൊരു മേഖലയാണ്. തീര്‍ത്ഥരാമന്റെ ഇഷ്ടമേഖല. ഏതു കഠിന സമസ്യയുടെയും അഴിയാക്കുരുക്കുകള്‍ ഇഴപിരിച്ചെടുക്കുന്നതില് അദ്ദേഹത്തിന് അസാമാന്യവിരുതായിരുന്നു.
ഒരിക്കല്‍ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥികളായ രണ്ട് കൂട്ടുകാര്‍ അദ്ദേഹത്തെ സമീപിച്ചു. ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത നാലു ഗണിത പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കാനാണ് അവരെത്തിയത്. അവര്‍ ഈ ചോദ്യങ്ങളുമായി അധ്യാപകനെ കണ്ടിരുന്നുവത്രെ, ഉത്തരം കണ്ടെത്താനുള്ള വഴി നാളെ പറഞ്ഞുതരാം എന്നുപറഞ്ഞ് അന്നവരെ മടക്കി അയച്ച അധ്യാപകന് പിറ്റേന്ന് പറഞ്ഞത് മറ്റന്നാള്‍ വരാനാണ്- ഇങ്ങനെ മാറ്റി മാറി പറയുന്നതല്ലാതെ അദ്ദേഹത്തിനും അതിന്റെ ഉത്തരം കണ്ടെത്താനായില്ല. അതിനാലാണ് ആ കുട്ടികള്‍ തീര്‍ത്ഥരാമനെ സമീപിച്ചത്.
എന്നാലാ ചോദ്യങ്ങളൊന്നു കാണണമല്ലോ എന്നായി തീര്ത്ഥരാമന്-അവ കയ്യില്‍ കിട്ടിയ നിമിഷം മുതല്‍ അതുമായി ധ്യാനത്തിലായി അദ്ദേഹം. ഉച്ചയ്ക്കും ഭക്ഷണം കഴിച്ചില്ല, രാത്രിയിലും കഴിച്ചില്ല. ഒരേയിരുപ്പ്. കൂട്ടലും കിഴിക്കലും വെട്ടലും തിരുത്തലും ഒക്കെയായി സമയം നീങ്ങി. അങ്ങനെ ഏതാണ്ട് അര്‍ദ്ധരാത്രി ആകുമ്പോഴേക്കും മൂന്നുചോദ്യങ്ങള്ക്കും അദ്ദേഹം ഉത്തരം കണ്ടെത്തി. പക്ഷെ നാലാമത്തേത് അതീവ കഠിനമായിരുന്നു. എത്ര ശ്രമിച്ചിട്ടും ഉത്തരം കാണാനാവുന്നില്ല. അവസാനം തീര്ത്ഥരാമന് സ്വയം പറഞ്ഞു: ”ലജ്ജാവഹം തീര്ത്ഥരാമാ, വ്യര്‍ത്ഥമാണ് നിന്റെ ബുദ്ധിയും പോരാ ജീവിതവും.” അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് മൂര്‍ച്ചയേറിയ ഒരു കഠാര കൈയിലെടുത്ത് അരുകില്വച്ചിട്ട് വീണ്ടും പറഞ്ഞു, ”സൂര്യോദയത്തിന് മുന്‍പ് സമസ്യക്ക് പരിഹാരം കാണാനാവുന്നില്ലെങ്കില്‍ ഈ കഠാരകൊണ്ട് കഴുത്തറുക്കും.” വീണ്ടും ശ്രമം ആരംഭിച്ചു. നാളിതുവരെ ഒരു ഗണിതശാസ്ത്ര പണ്ഡിതനും സഞ്ചരിക്കാത്ത മാര്‍ഗങ്ങളിലൂടെ എല്ലാം പോയിട്ടായാലും, പുതിയ പന്ഥാവ് സ്വയം വെട്ടിത്തുറന്നിട്ടായാലും ബ്രാഹ്മമുഹൂര്ത്തമാവുമ്പോഴേക്കും ആ കഠിന സമസ്യ തീര്‍ത്ഥരാമന്റെ തീക്ഷ്ണബുദ്ധിയുടെയും തീവ്രപരിശ്രമത്തിന്റെയും മുന്നില്‍ കീഴടങ്ങി.
ആനന്ദാതിരേകത്താല്‍ അദ്ദേഹം ഉത്തരങ്ങളുമായി കൂട്ടുകാരുടെ അടുത്തേക്ക് ഓടി, അവര്‍ അദ്ഭുതപ്പെട്ടുപോയി-പിന്നെ വൈകിയില്ല അവരെല്ലാം ചേര്‍ന്ന് അധ്യാപകന്റെ വീട്ടിലെത്തി അദ്ദേഹത്തെ വിളിച്ചുണര്‍ത്തി ഈ ഉത്തരങ്ങള്‍ കാണിച്ചു. അദ്ദേഹം അഭിമാനത്തോടും ആഹ്ലാദത്തോടും തീര്‍ത്ഥരാമന്റെ പുറത്തുതട്ടി അഭിനന്ദിച്ചു, ”നീ, നിന്റെ കുലത്തിന്റെയും ഞങ്ങളുടെയും പേര് ഉജ്ജ്വലമാക്കി തീര്‍ക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: