എളിമയില്‍ നിന്ന് തുടങ്ങി ആത്മബോധോദയ സംഘത്തിന്റെ പരമോന്നതാധികാരിയായി മാറിയ സദാനന്ദ സിദ്ധഗുരുദേവന്റെ ജീവിതം എന്നും സേവനത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. മൂന്നാമത് മഠാധിപതിയായിരുന്ന ഗുരുപ്രസാദ് ഗുരുദേവന് സമാധിയായതിനെ തുടര്‍ന്നാണ് ആദ്ധ്യാത്മിക മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവന്ന 70 വയസ്സ് പിന്നിട്ട സദാനന്ദ സിദ്ധ ഗുരുദേവന് ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമാധിപതിയായും ശ്രീശുഭാനന്ദ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായും അവരോധിതനായത്.
ചെന്നിത്തല തെക്കുകുടത്തു തെക്കേതില്‍ കുഞ്ഞുശങ്കരന്റെയും കൊച്ചുകാളിയുടേയും മൂത്തമകനായി 1930 കുംഭമാസം മകയിരം നാളിലാണ് ഗുരുദേവന്റെ ജനനം. മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്വച്ചാണ് കുഞ്ഞിന് ശുഭാനന്ദ ഗുരുദേവന് രാഘവന് എന്ന പേരിട്ടത്. രാഘവന് ചോറൂട്ടിയതും ശുഭാനന്ദ ഗുരുദേവനായിരുന്നു.
രാഘവന് ചെറുപ്രായത്തില്‍ മാതാപിതാക്കളോടൊപ്പം എല്ലാ ഞായറാഴ്ചകളിലും ആശ്രമത്തില്‍ എത്തി ആരാധനയില്‍ പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തില്‍ പിതാവ് മരിച്ചു. ഇതിനാല്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമെ നേടാനായുള്ളൂ.
ത്യാഗത്തിലും സ്നേഹത്തിലും ഈശ്വരവിശ്വാസത്തിലും ആത്മീയ സൗന്ദര്യം കണ്ട രാഘവന്, ശുഭാനന്ദ ഗുരുദേവന് മഹാസമാധിയായപ്പോള്‍ ഗുരുദേവന്റെ സമാധി ഇരുത്തല് ചടങ്ങില്‍ പങ്കെടുക്കാന്‍ അച്ചന്‍കോവിലാര്‍ നീന്തി കൊറ്റാര്‍കാവ് ശ്രീശുഭാനന്ദാശ്രമത്തില്‍ എത്തി സാമാധി ഇരുത്തല് ചടങ്ങില്‍ പങ്കെടുത്തു. അത്രയ്ക്കായിരുന്നു ആശ്രമത്തോടുള്ള രാഘവന്റെ ബന്ധം.
ഒരിക്കല്‍ ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ രാഘവന് സര്‍പ്പദംശനമേറ്റു. ചികിത്സയ്ക്കുവേണ്ടി പലരും പ്രേരിപ്പിച്ചു. എന്നിട്ടും അവയൊന്നും ചെവിക്കൊള്ളാതെ പുലരുവോളം വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ ധ്യാനത്തില്‍ മുഴുകി. പുലരുവോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞ രാഘവന് സര്‍പ്പദംശനം ഏറ്റതിന്റെ യാതൊരു ലക്ഷണവും പിന്നീട് അനുഭവപ്പെട്ടില്ല.
സര്‍വ്വദോഷ ശാന്തിക്കും ഈശ്വരാനുഗ്രഹത്തിനുമായി 21 ദിവസത്തെ വ്രതാനുഷ്ഠാനത്തോടുകൂടി മൂന്നു മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം നടത്തിവരുന്ന താരാസ്തുതി മഹായജ്ഞത്തിന് തുടക്കം കുറിക്കുന്നതിനും രാഘവന്റെ പങ്കാളിത്തമുണ്ടായി.
ഇന്നുകാണുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന ആദ്യകാലം മുതല്‍ കൃഷിപ്പണി തുടങ്ങി, വിശാലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്ഥാപിച്ച ആശ്രമം, കൊടിമരം, ആഡിറ്റോറിയം, ശ്രീശുഭാനന്ദ ജന്മശതാബ്ദി സ്മാരക സൗധം, ഷഷ്ഠിപൂര്‍ത്തി മന്ദിരം, ആനന്ദ വൃന്ദാഭവനം തുടങ്ങിയവയുള്‍പ്പെടെ എല്ലാറ്റിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മനസ്സുകൊണ്ടും ശരീരംകൊണ്ടും രാഘവന് പങ്കാളിയായി.
ഗുരുദേവ കര്‍മ്മങ്ങളില്‍ തത്പരനായിരുന്ന രാഘവന്റെ പ്രവര്‍ത്തികളില്‍ ആകൃഷ്ടനായ രണ്ടാമത് മഠാധിപതി ആനന്ദജീ ഗുരുദേവന് രാഘവന് സദാനന്ദന് എന്ന് നാമകരണം ചെയ്തു.
വെള്ള വസ്ത്രധാരിയായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലും ആരാധനയ്ക്കായി ആനന്ദജീ ഗുരുദേവന് സദാനന്ദനെ അയക്കുമായിരുന്നു. പലസ്ഥലങ്ങളിലും സഞ്ചരിച്ച സദാനന്ദന് അവിടെയെല്ലാം ആദര്ശപ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
ഇക്കാലത്തായിരുന്നു സദാനന്ദന് മുംബൈയില്‍ സാക്കിനാക്ക ശ്രീശുഭാനന്ദാശ്രമത്തിന്റെ ഛായാചിത്ര പ്രതിഷ്ഠാ കര്മ്മത്തിന് നിയുക്തനായത്. 1986 ജൂലൈ 20 ആനന്ദജീ ഗുരുദേവനില്‍നിന്ന് കാഷായം സ്വീകരിച്ച് സ്വാമി സദാനന്ദ സിദ്ധനായി.
തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം ആത്മീയ മേഖലയില്‍ എന്നപോലെ ഭൗതിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തിരുന്നു. അശ്രമത്തിലെ ഭൗതികമായ പ്രവര്‍ത്തനങ്ങളുടെ ചുമതല സ്വാമി സദാനന്ദ സിദ്ധനായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി അനേകം ശാഖാശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സ്വാമിയുടെ പങ്ക് ശ്രദ്ധേയമാണ്. ചെറുകോല്‍ ശുഭാനന്ദാശ്രാമധിപതിയായി അവരോധിക്കപ്പെട്ട നാള്‍വരെയും നിരവധി ഭക്തകുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ദുഃഖങ്ങളെ ഒഴിവാക്കി ആത്മീയ സുഖം പകര്‍ന്നു കൊടുത്തു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള സ്വാമി സദാനന്ദസിദ്ധന്റെ പ്രസംഗപാടവം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമാധിപതിയായും ശ്രീശുഭാനന്ദാ ട്രസ്റ്റി മാനേജിംഗ് ട്രസ്റ്റിയായും സ്ഥാനക്കയറ്റം ലഭിച്ച് അവസാനനാള്‍വരെ ആ മുഖത്ത് ലാളിത്യം നിറഞ്ഞുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: