വിദേഹ രാജാവായ ജനകന് വിഖ്യാതനായ ഒരു രാജാവ് മാത്രമല്ല, സത്യപരിജ്ഞാനി കൂടിയായിരുന്നു. തന്റെ രാജസദസ്സില്‍ പലപ്പോഴും നടന്നിരുന്ന ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും സ്വയമേവ പണ്ഡിതനായ രാജാവ് തത്ത്വചിന്താപരമായ വിജ്ഞാനത്തെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരം സദസ്സുകളില്‍ പങ്കെടുത്ത പണ്ഡിതന്മാര്ക്ക് അദ്ദേഹം അമൂല്യമായ പാരിതോഷികങ്ങള്‍ കൊടുത്ത് അവരെ ആദരിച്ചിരുന്നു. ഒരിക്കല്‍ ജനകന് ഒരു വൈദികയജ്ഞം നടത്തുകയായിരുന്നു. വിപുലമായ ഈ യജ്ഞാഘോഷത്തിലെ വൈവിധ്യമാര്‍ന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര് കൂടി ക്ഷണിക്കപ്പെട്ടിരുന്നു. ഈ യജ്ഞത്തിന്റെ ഭാഗമായി വൈദികമായ ഒരു വിഷയത്തെപ്പറ്റി രാജകൊട്ടാരത്തില്‍ ഒരു സംവാദം നടത്തപ്പെട്ടു. ഈ സംവാദത്തില്‍ വിജയിയായി ഉയര്‍ന്നുവരുന്ന ആള്‍ക്ക്, കൊമ്പുകളും കുളമ്പുകളും സ്വര്‍ണം കെട്ടി അലങ്കരിക്കപ്പെട്ട ആയിരം പശുക്കളെ അമൂല്യ സമ്മാനമായി നല്‍കുമെന്ന് രാജാവ് പ്രഖ്യാപിച്ചു.
ഈ പ്രഖ്യാപനം രാജസഭയില്‍ ആവേശത്തിന്റെ അലയടികള്‍ ഉണ്ടാക്കി. തുടര്‍ന്ന് സദസ്യരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പണ്ഡിതനായ ഋഷിമാരിലൊരാള്‍ എഴുന്നേറ്റുനിന്ന്, ആ സമ്മാനം തന്റെ കുടീരത്തിലേക്ക് കൊണ്ടുവരണമെന്ന് അനുയായികളോട് ആജ്ഞാപിച്ചു. ആ ആജ്ഞ നല്‍കിയത് വന്ദ്യവയോധികനായ യാജ്ഞവല്‍ക്യനായിരുന്നു. ഇപ്രകാരം സമ്മാനത്തിന് അവകാശവാദം ഉന്നയിക്കപ്പെട്ടപ്പോള്‍ മത്സരം തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അതിനാല്‍ സഭയില്‍ നിന്ന് ശബ്ദമുഖരിതമായ പ്രതിഷേധം ഉയര്‍ന്നു. അപ്പോഴാകട്ടെ യാജ്ഞവല്ക്യന് തികഞ്ഞ ആത്മവിശ്വാസത്തോടെ ആ പണ്ഡിതസദസ്സിനെ അഭിവാദ്യം ചെയ്തിട്ട് തനിക്ക് പശുക്കളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തന്റെ അവകാശവാദത്തെ വിനയപൂര്‍വം ന്യായീകരിച്ചു.
ഈ സന്ദര്‍ഭത്തില്‍ ജനകന് ഇടപെടുകയും, പ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സംവാദമേള തുടങ്ങുവാന്‍ മുഖ്യപുരോഹിതനായ അശ്വലനോട് അപേക്ഷിക്കുകയും ചെയ്തു.
ഈശ്വരന്, പ്രപഞ്ചം, ആത്മാവ് എന്നിവയെപ്പറ്റി യാജ്ഞവല്ക്യന്റെ അറിവ് എത്രയുണ്ടെന്ന് അളക്കുന്നതിനുവേണ്ടിയായിരുന്നു ആ സദസ്സിലെ പണ്ഡിതന്മാര് ചോദ്യങ്ങള്‍ ചോദിച്ചത്. രസകരമെന്ന് പറയട്ടെ ചോദ്യകര്‍ത്താക്കളിലൊരാള്‍ ആ മഹര്‍ഷിയുടെ പത്നിയായ ഗാര്‍ഗ്ഗി തന്നെയായിരുന്നു.
ചോദ്യങ്ങള്‍ അവ്യക്തവും പല വശങ്ങളുള്ളതും ആയിരുന്നു. പക്ഷെ ഉത്തരങ്ങള്‍ സാരഗര്‍ഭവും കൃത്യവും ന്യായയുക്തവുമായിരുന്നു. ആത്മവിശ്വാസത്തോടും പ്രസന്നമായ വാക്ചാതുരിയോടും കൂടിയ യാജ്ഞവല്ക്യന്റെ ഉത്തരങ്ങള്‍ ശ്രോതാക്കളെ ത്രസിപ്പിക്കുന്നവയും അവരുടെ അനുഭവങ്ങളെ ഏറെ സമ്പുഷ്ടമാക്കുന്നവയും ആയിരുന്നു. അനേകം പണ്ഡിത്മാരുടെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്കിയ ശേഷം ഒരു വിഖ്യാത പണ്ഡിതനായ ഉദ്ദാലകന് യാജ്ഞവല്ക്യനെ ചോദ്യം ചെയ്യാനായി എഴുന്നേറ്റു. തന്നോടും തന്റെ ഗുരുവിനോടുമായി പണ്ട് ഒരു ഗന്ധര്വന് (അര്‍ദ്ധദേവത) ചോദ്യം ചോദിച്ച സംഭവം ഓര്‍ത്തുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ചോദ്യം ഇപ്രകാരമായിരുന്നു: ‘ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും നിങ്ങളെയും എന്നെയും സകല ലോകങ്ങളെയും അവയിലുള്ള ഓരോ അംശത്തെയും ഒന്നിച്ച് കോര്‍ത്തിണക്കുന്ന ചരടായ ആ പ്രപഞ്ച സൂത്രാത്മാവിനെപ്പറ്റി നിങ്ങള്‍ക്ക് അറിയുമോ? ഗുരുവിനോ അദ്ദേഹത്തിന്റെ ശിഷ്യന്മാര്ക്കോ അതിനെപ്പറ്റി അറിവില്ലായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: