പനാജി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. ആദ്യ സെമിയില്‍ ബംഗാള്‍, മിസോറാമിനെ നേരിടുമ്പോള്‍, രണ്ടാമത്തേതില്‍ കേരളത്തിന് എതിരാളികള്‍ ആതിഥേയര്‍ ഗോവ.
ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി മുന്നേറിയ കേരളം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അവസാന നാലിലിടം നേടുന്നത്. 2013 ല്‍ ഫൈനല്‍ കളിച്ച് സര്‍വീസസിനോട് തോറ്റ ശേഷം അടുത്ത രണ്ടു വര്‍ഷം സെമി കളിച്ചു. എന്നാല്‍, കഴിഞ്ഞ തവണ യോഗ്യതാ ഘട്ടത്തില്‍ മടങ്ങി.
ചെവ്വാഴ്ച അവസാന ഗ്രൂപ്പ് മത്സരത്തില്‍ മഹാരാഷ്ട്രയോട് 2-0ന് തോറ്റെങ്കിലും ടീമിന്റെ ആത്മവിശ്വാസത്തിന് കുറവില്ല. നേരത്തെ സെമി ഉറപ്പിച്ചിരുന്നതിനാല്‍ പ്രമുഖരെ പുറത്തിരുത്തി അഞ്ച് മാറ്റങ്ങളുമായാണ് മഹാരാഷ്ട്രക്കെതിരെ ഇറങ്ങിയത്. അതു പക്ഷേ തിരിച്ചടിച്ചു. തോല്‍വിയിലേക്കു നയിച്ചു. ഇന്ന് ഗോവക്കെതിരെ പ്രമുഖരെല്ലാം ബൂട്ടണിയും. നാല് കളിയില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുടമക്കം ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായത്.
മുന്‍ മത്സരങ്ങളില്‍ കേരളത്തിനായി ഗോള്‍ േനടിയ ക്യാപ്റ്റന്‍ ഉസ്മാന്, ജസ്റ്റിന് ജോബി, മുഹമ്മദ് പാറക്കോട്ടില്‍, അസ്ഹറുദ്ദീന് എന്നിവരാണ് ടീമിലെ പ്രധാനികള്‍. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെതിരെ ഹാട്രിക്കും മിസോറാമിനെതിരെ ഒരു ഗോളും നേടിയ ജസ്റ്റിന് ജോബിയാകും മുന്നേറ്റനിരയിലെ കുന്തമുന. പഞ്ചാബിനെതിരായ മത്സരത്തില്‍ അവസാന അഞ്ച് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ടീമിന് സമനില നേടിക്കൊടുത്ത മുഹമ്മദ് പാറക്കോട്ടില്‍ പകരക്കാന്റെ റോളിലായികും മിക്കവാറും എത്തുക. മിസോറാമിനെതിരെ രണ്ട് ഗോള്‍ നേടിയ അസ്ഹറുദ്ദീനും മികച്ച പ്രകടനമാണ് നടത്തിയത്.
എന്നാല്‍, എല്ലാ മത്സരങ്ങളിലും പ്രതിരോധം പാളി. കേരളം വഴങ്ങിയ ഗോളുകളില്‍ മിക്കതും പ്രതിരോധപ്പിഴവിനു നല്കിയ വില. ഗോവക്കെതിരെ ഈ വിള്ളലുകള്‍ അടച്ചില്ലെങ്കില്‍ കിരീടം തിരിച്ചുപിടിക്കാമെന്നത് മോഹം മാത്രമായി അവശേഷിക്കും.
അതേസമയം, ഗോവയും മികച്ച ഫോമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റുമായി ബംഗാളിന് പിന്നില്‍ രണ്ടാമതായി അവര്‍ അവസാന നാലിലെത്തി. ആദ്യ മത്സരത്തില്‍ മേഘാലയയെ 2-1ന് മറികടന്നുവെങ്കില്‍ രണ്ടാമത്തേതില്‍ ബംഗാളിനോട് ഗോള്‍രഹിത സമനില. അടുത്തതില്‍ ദുര്‍ബലരായ ചണ്ഡീഗഢിനോട് 1-1 നും കുരുങ്ങി. എന്നാല്‍, അവസാനത്തേതില്‍ നിലവിലെ ചാമ്പ്യന്‍ സര്‍വീസസിനെ 2-1ന് കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തി. മികച്ച സ്ട്രൈക്കറുടെ അഭാവമാണ് ആതിഥേയരെ വെള്ളം കുടിപ്പിക്കുന്നത്.
ഗ്രൂപ്പ് എയില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായാണ് ബംഗാള്‍ മുന്നേറിയത്. ചണ്ഡീഗഢിനെയും സര്‍വീസസിനെയും 1-0ന് പരാജയപ്പെടുത്തിയ ബംഗാള്‍ മൂന്നാം കളിയില്‍ ഗോവയുമായി സമനില പാലച്ചു. അവസാനത്തേതില്‍ മേഘാലയയെ 2-0ന് തോല്‍പ്പിച്ചു. പരാജയപ്പെടുത്തുകയും ചെയ്തു.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് മുന്‍ ചാമ്പ്യന്‍ മിസോറാമിന്റെ മുന്നേറ്റം. കേരളത്തോട് 4-1ന് തോറ്റ അവര്‍ മഹാരാഷ്ട്രയെ 3-1നും റെയില്‍വേസിനെ 5-1നും തകര്‍ത്തപ്പോള്‍ പഞ്ചാബിനോട് ഗോള്‍രഹിത സമനില പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: