കൊല്ലം: പത്ത് വയസ്സുകാരിയുടെ മരണത്തില്‍ പിടിയിലായ മുത്തച്ഛന് ഞണ്ട് വിജയനെന്ന വിക്ടറിനെതിരെ സമാനമായ നിരവധി പരാതികള്‍ ഉയരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം കൊല്ലത്തെ ഒരു പ്രധാന അഭിഭാഷകനും അയാള്‍ മൂലമുള്ള ഉന്നതപോലീസ് ബന്ധങ്ങളും ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
നാന്തിരിക്കലില്‍ 2010 ജൂണ്‍ 17ന് പതിനഞ്ചുകാരന് തൂങ്ങിമരിച്ച സംഭവത്തിലും ബന്ധുക്കള്‍ വിരല്‍ചൂണ്ടുന്നത് വിജയനെനെതിരെയാണ്. പട്ടികജാതിക്കാരനായ തെങ്ങുകയറ്റ തൊഴിലാളി രവിയുടെയും തയ്യല്‍തൊഴിലാളിയായ സുധര്‍മ്മയുടെയും മകന് സൂര്യഭവനത്തില്‍ അച്ചു എന്ന് വിളിക്കുന്ന സജുവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഞണ്ട് വിജയന് എന്ന വിക്ടറും അയാളുടെ മകന് ഷിബുവും കൂട്ടുകാരുമാണ് മരണത്തിന് ഉത്തരവാദികളെന്നും സജുവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തിനു കൂട്ടാക്കിയില്ലെന്ന് സഹോദരി സൂര്യ ആരോപിക്കുന്നു.
വീടിനടുത്ത് താമസത്തിനെത്തിയ വിക്ടറും കുടുംബവുമായി സജുവിന് അടുപ്പമുണ്ടായിരുന്നു. പരിചയത്തിലുള്ള ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിയപ്പെടുത്തി കൊടുക്കാമെന്നും പെട്ടെന്ന് പണക്കാരിയാവാം എന്നും വിക്ടറിന്റെ ഭാര്യ ലത തന്നെ പ്രേരിപ്പിച്ചതായും സജുവിന്റെ സഹോദരി ആരോപിക്കുന്നു. ഇതിനു വഴങ്ങാത്തതിനാല്‍ പലപ്രാവശ്യം ഷിബുവും സുഹൃത്തുക്കളും, ജോലി സ്ഥലത്തും റോഡിലും വെച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും സഹോദരി പറയുന്നു.
അച്ഛന് രവിയെ കുണ്ടറ കച്ചേരിമുക്കില്‍ വച്ച് ഷിബുവും വിക്ടറും വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വിക്ടറെയും ഷിബുവിനെയും പേടിച്ച് വീട്ടില്‍ ഇരിക്കാറില്ലായിരുന്നു. സഹോദരനെ കൊലപ്പെടുത്തുമെന്ന് പലപ്രാവശ്യം ഭീഷണിപ്പെടുത്തി. സജുവിന്റെ മരണശേഷം രണ്ടാം ദിവസം ഫോണില്‍ ഒരാള്‍ വിളിച്ച് നിന്നെ തിരക്കി വന്ന ഞങ്ങള്‍ക്ക് ചെറുക്കനെ തീര്ക്കേണ്ടിവന്നെന്നും നീ ഞങ്ങള്‍ക്ക് വഴങ്ങി ജീവിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും സൂര്യ ആരോപിക്കുന്നു.
കൊലപാതകത്തിന് വ്യക്തമായ സൂചന ഉണ്ടായിട്ടും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ഇതും ആത്മഹത്യയാക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: