ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിന്റെ ഇതിഹാസ താരമായിരുന്ന റോന്നി മോറന് (83) അന്തരിച്ചു. ഇന്നലെ രാവിലെ അസുഖത്തെത്തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യമെന്ന് മകന് പോള്‍ മോറന് ട്വിറ്ററില്‍ കുറിച്ചു.
ഇടതു ബാക്ക് സ്ഥാനത്ത് അസാമാന്യ പ്രകടനം കാഴ്ചവച്ച റോന്നി ക്ലബ്ബിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളടക്കം 44 കിരീടങ്ങള്‍ നേടി. 1949ല്‍ ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെയാണ് ഇദ്ദേഹം കളി തുടങ്ങിയത്. 1952ല്‍ സീനിയര്‍ ടീമിലെത്തി. 1968 വരെ നീണ്ട കരിയറിയില്‍ 343 മത്സരങ്ങളില്‍ കളിച്ചു. 17 ഗോളടിച്ചു.
വിരമിച്ച അതേ വര്‍ഷം ക്ലബ്ബിന്റെ പരിശീലക സംഘത്തിലെത്തി. 1971ല്‍ റിസര്‍വ് ടീം പരിശീലകനായ ഇദ്ദേഹം, 1972-73ല്‍ സീനിയര്‍ ടീമിന്റെ ചുമതലയും നിര്‍വഹിച്ചു. 1991ല്‍ ബൂട്ട് റൂം മാനേജര്‍ സ്ഥാനം രാജിവച്ചപ്പോള്‍ ക്ലബ് ‘മേല്നോട്ടക്കാരന്’ എന്ന പദവിയും നല്കി. പിന്നീട് ഗ്രേയിം സൗനെസ്സ് പരിശീലകനായി. ഇദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്കായി വിട്ടുനിന്നപ്പോള്‍ 1992ല്‍ വീണ്ടും ‘മേല്നോട്ടക്കാരനാ’യി. അതേവര്‍ഷം സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ എഫ്എ കപ്പും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: