വടകര: തിരുവള്ളൂര്‍, തോടന്നൂര്‍ എന്നിവിടങ്ങളിലെ രണ്ട് മുസ്ലിംലീഗ് ഓഫീസുകള്‍ അക്രമിച്ച കേസ്സില്‍ പത്തു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തോടന്നൂര്‍ സ്വദേശികളായ വരക്കൂല്‍ അരുണ്‍(26) ,മൊട്ടംതറമ്മല്‍ ജിഷ്ണു (24),പള്ളിക്കുന്നത്ത് ബബിന്‍ (23),വലിയപറമ്പത്ത് സിജു(19),ബാബുപ്പാറ മെമ്മേനിമീത്തല്‍ അര്ജുന്(24),തയ്യില്‍ ഷിബിന്‍(27) ,നടുക്കണ്ടി ശ്രീജേഷ്(27), ഡല്‍ജിത്ത് കാര്യപറമ്പത്ത് (27),
തിരുവള്ളൂര്‍ പുത്തന്‍പുരയില്‍ ജിതിന്(24),പനയുള്ളപറമ്പത്ത് ബിജിന്‍ലാല്‍ (27)എന്നിവരെയാണ് വടകര ഡിവൈഎസ്പി കെ.സുദര്‍ശനും സംഘവും അറസ്റ്റ് ചെയ്തത്.മുസ്ലിംലീഗ് കുറ്റിയാടി മണ്ഡലം കമ്മറ്റി ഓഫീസ് ആദ്യ ദിവസം അക്രമിച്ചകേസ്സില് രണ്ടു പേരും,തോടന്നൂരിലെ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച
കേസില്‍ എട്ടു പേരുമാണ് അറസ്റ്റിലായത്.ശനിയാഴ്ച പോലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
വടകര,തിരുവള്ളൂര്‍,തോടന്നൂര്‍ എന്നിവിടങ്ങളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 350 ഓളം പേര്‍ക്കെതിരെയാണ് കേസ്സെടുത്തതെന്ന് ഡിവൈഎസ്പി പറഞ്ഞു.ഇരുപത്തിയഞ്ചോളം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമം,ബോംബേറ്,ഓഫീസ് കത്തിക്കല്‍,ആയുധം കൈവശം വെക്കല്‍,എന്നിവയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തത്.
വടകര ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞ കേസ്സില്‍ 10 പ്രതികളേയും, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീട് അക്രമിച്ച കേസ്സിലെ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. വടകര മേഖലയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും എസ്ഐ മാരുള്‍പ്പടെയുള്ള മുന്നൂറിലധികം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ദ്രുത കര്‍മ്മ സേന, എംഎസ്പി, കെഎപി എന്നീ സേനകളെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: