ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടിനു ശേഷം തമിഴ്നാടു രാഷ്ട്രീയത്തിലും അവരുടെ കുടുംബത്തിലും തുടരുന്ന നാടകീയ സംഭവങ്ങള്‍ അവസാനിക്കുന്നില്ല. ഇന്നലെ രാവിലെ പൊയസ് ഗാര്‍ഡനിലെ ജയയുടെ വീടിനു മുന്നിലായിരുന്നു സംഭവങ്ങള്‍.
ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍ ജയയുടെ വീട്ടില്‍ കടക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. ജയയുടെ മരണത്തിനു ശേഷം എഐഎഡിഎംകെയിലുണ്ടാക്കിയ പിളര്‍പ്പിനു പിന്നാലെ എംജിആര്‍ അമ്മ ദീപ പേരറിവൈ എന്ന പാര്‍ട്ടി രൂപീകരിച്ച് ദീപ രാഷ്ട്രീയത്തില്‍ കരുത്തുകാട്ടാന്‍ രംഗത്തിറങ്ങിയിരുന്നു. ഈ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് ദീപ.
പൊയസ് ഗാര്‍ഡനിലെ ജയയുടെ വീട് എഐഎഡിഎംകെ അമ്മ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ നിയന്ത്രണത്തിലാണ്. ശശികലയുടെ മരുമകനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന് കൈക്കൂലി കേസില്‍പ്പെട്ടതിനു ശേഷം എഐഎഡിഎംകെ വിഭാഗങ്ങള്‍ ഒന്നിക്കുന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു. മുഖ്യമന്ത്രി ഇ. പളനിസ്വാമി- മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം വിഭാഗങ്ങളുടെ ചര്‍ച്ച പക്ഷേ വഴിമുട്ടി.
ദിനകരന് വീണ്ടും പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ഇന്നലെ ദീപ പൊയസ് ഗാര്‍ഡനില്‍ എത്തിയത്. ശശികലയുടെ അനുയായികളില്‍ ചിലര്‍ വീടിനു പുറത്ത് ദീപയെ തടഞ്ഞു. വീടിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന ജയയുടെ ചിത്രത്തില്‍ മാല ചാര്‍ത്താന്‍ അനുവദിച്ചു. എന്നാല്‍ വീട്ടില്‍ കടക്കുന്നതില്‍ നിന്ന് തടഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥയായി.
വീടു പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍ കടക്കാനാകില്ല എന്നാണ് പാര്ട്ടിക്കാര് ദീപയോടു പറഞ്ഞത്. എന്നാല്‍ വീടിനുള്ളില്‍ ആളുണ്ടെന്ന് തനിക്കറിയാമെന്നായി ദീപ.
ഇതോടെ ദീപയ്ക്കൊപ്പം വന്ന പ്രവര്‍ത്തകരും ദിനകരന്റെ അനുയായികളും ഏറ്റുമുട്ടലിന്റെ വക്കിലെത്തി. കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു.
പൊയസ് ഗാര്‍ഡനിലേക്ക് ദീപ എത്തുമെന്നറിഞ്ഞപ്പോള്‍ ഈ മേഖലയിലേക്ക് ആരേയും കടത്തിവിടാതെ പോലീസ് വലയം തീര്‍ത്തത് പ്രതിഷേധത്തിന് ഇടയാക്കി. മാധ്യമപ്രവര്‍ത്തകരേയും കടത്തിവിട്ടില്ല. പ്രതിഷേധം ശക്തമായപ്പോള്‍ പൊയസ് ഗാര്‍ഡനില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ മാത്രം കടന്നുപോകാന്‍ പോലീസ് സമ്മതിച്ചു.
ജയയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സഹോദരനെന്ന് ദീപ
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ഉത്തരവാദികള്‍ തന്റെ സഹോദരന് ദീപക്കും എഐഎഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുമാണെന്ന് ജയയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ ആരോപിച്ചു.
ജയയുടെ വീടായ വേദനിലയത്തില്‍ കടക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ദീപ ശശികലക്കെതിരെ ആഞ്ഞടിച്ചത്. പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിനു മുന്നില്‍ ദീപയെ തടയുമ്പോള്‍ വീടിനുള്ളില്‍ ദീപക്കുണ്ടായിരുന്നു.
ജയയുടെ മരണ ശേഷം ദീപ പാര്‍ട്ടി രൂപീകരിച്ച് ശശികലയെ എതിര്‍ത്തപ്പോള്‍ ദീപക് ശശികല പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. ജയയെ വധിക്കാന്‍ ദീപക്കും ശശികലയും ഗൂഢാലോചന നടത്തിയെന്നാണ് ദീപ പറയുന്നത്. ദീപക് വിളിച്ചാണ് താന്‍ പൊയസ് ഗാര്‍ഡനില്‍ വന്നത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ വീടിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ തടയുകയായിരുന്നു, ദീപ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: