ബെംഗളൂരു: വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തെഴുതിയ മുസ്ലീം വിദ്യാര്‍ത്ഥിനിയ്ക്ക് മോദിയുടെ കൈത്താങ്ങ്. പത്ത് ദിവസത്തിനകം വിദ്യാഭ്യാസ വായ്പ ലഭിക്കും എന്ന മറുപടിയാണ് പെണ്‍കുട്ടിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
കര്‍ണാടക മാണ്ഡ്യ സ്വദേശിനിയായ ബിബി സാറയാണ് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബമാണ് സാറയുടെത്. അച്ഛന് പഞ്ചസാര ഫാക്ടറിയില്‍ പണിയെടുത്താണ് അവരുടെ കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് സാറ. പഠിക്കാന്‍ മിടുക്കിയായ സാറ പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. തുടര്‍ന്ന് സാറയുടെ നിര്‍ബന്ധപ്രകരം അടുത്തുള്ള കോളേജില്‍ എംബിഎയ്ക്ക് ചേരുകയായിരുന്നു. എന്നാല്‍ ഫീസായി വന്‍ തുകയാണ് കോളേജിലേക്ക് അടക്കേണ്ടത്.
പണമടയ്ക്കാന്‍ നിവർത്തിയില്ലാത്തതിനാൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ണ്ണാടക ശാഖയില്‍ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും നേരത്തെ വായ്പയെടുത്തിട്ടുള്ളതിനാല്‍ അത് അടച്ചുതീര്‍ക്കാതെ വായ്പ നല്‍കാനാവില്ലെന്ന് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് അച്ഛനായ അബ്ദുള്‍ ഇല്യാസിന്റെ സമ്മതത്തോടെ പ്രധാന മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. മറുപടി ലഭിച്ച് 10 ദിവസത്തിനകം സാറയ്ക്ക് 150000 രൂപ വിജയ ബാങ്കില്‍ നിന്നും ലഭിക്കും എന്നായിരുന്നു മോദിയുടെ മറുപടി കത്തില്‍
ഇത്രയധികം ജനങ്ങളുള്ള രാജ്യത്ത് ഞാന്‍ അയച്ച കത്തിന് പോലും മറുപടി അയച്ച മന്ത്രിയെ നേരിട്ടു കണ്ട് നന്ദി പറയാന്‍ ആഗ്രഹം ഉണ്ടെന്ന് സാറ പ്രതികരിച്ചു. പ്രധാനമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കത്തിനോട് പ്രതികരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നതായും സാറ കൂട്ടിച്ചേര്‍ത്തു. തന്റെ സ്വപ്നം സാക്ഷാത്കരിച്ചതില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നതായും സാറ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: