കുറ്റിയാടി: മലയോര മേഖലയില്‍ കവുങ്ങ് കൃഷി നശിക്കുന്നത് അടക്ക കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.കാവിലുംപാറ,മരുതോങ്കര,കായക്കൊടി,നരിപ്പറ്റ പഞ്ചായത്തുകളിലെ മലയോരമേഖലയിലെ കര്‍ഷകരുടെ മുഖ്യ വരുമാന മാര്‍ഗ്ഗമായ കവു ങ്ങ് കൃഷിയാണ് വിവിധ രോഗങ്ങള്‍ ബാധിച്ചും,കനത്തവേനലിലും നശിക്കുന്നത്.അടുത്ത കാലത്തായി അടക്കക്ക് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും, ഉല്‍പ്പാദനത്തിലെ വന്‍ കുറവ് കാരണം വില വര്‍ദ്ധനവിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മുമ്പ് ഒരു കിലോ അടക്കക്ക്അമ്പതിന് താഴെ മാത്രം വിലയുണ്ടായിരുന്ന സ്ഥാനത്ത് നൂറ്റി അന്‍പത് രുപവരെ വില ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
പ്രധാന അടക്ക ഉല്‍പ്പാദന കേന്ദ്രമായ കരിങ്ങാട്,പശുക്കടവ്,മുറ്റത്തെപ്ലാവ്,ചൂരണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അടക്ക ഉല്‍പ്പാദനത്തില്‍ അന്‍പതും,അറുപതും ശതമാനത്തിന്റെ കുറവ് വന്നതായി കര്‍ഷകരും, കൃഷിവകുപ്പും പറയുന്നു. മലയോര പഞ്ചായത്തുകളുടെ താഴവാരത്തും, കുന്നിന്‍ചരിവുകളിലും, ഒരുകാലത്ത് നിബിഢമായി വളര്‍ന്നിരുന്ന കവുങ്ങിന് തോട്ടങ്ങള്‍ മിക്കതും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. കൂമ്പ്ചീയ്യലും,മണ്ഡരിയും, തെങ്ങോലപ്പുഴുശല്യവും അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് തെങ്ങുകൃഷി നശിച്ച മലയോര കര്‍ഷകരുടെ ആശ്വാസമായിരുന്ന കവുങ്ങ് കൃഷികൂടി പ്രതിസന്ധിയിലാവുന്നത് മലയോരത്ത് കനത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
മഞ്ഞളിപ്പ്,മഹാളി രോഗങ്ങളാണ് കവുങ്ങ് കൃഷിയെ പ്രധാനമായും ബാധിക്കുന്നത്. ഇതിന് പുറമെ കടുത്ത വേനലില്‍ കവുങ്ങുകള്‍ ഉണങ്ങി നശിക്കുന്നതും പതിവായിട്ടുണ്ട്. മലയോര മേഖലയിലെ കവുങ്ങ് കൃഷി സമ്പൂര്‍ണ്ണ നാശത്തിലേക്ക് നീങ്ങിയിട്ടും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനോ,കൃഷി പ്രോല്സാഹിപ്പിക്കാനോ, സംരക്ഷിക്കുന്നതിനോ ആവശ്യമായ പദ്ധതികളൊന്നും കൃഷി വകുപ്പ് ആവിഷ്കരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന് നടപ്പാക്കുന്ന കവുങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതിയുടെ പ്രയോജനവും കവുങ്ങ് കൃഷി നശിച്ച കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: