കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ നാലായിരത്തോളം ക്ഷേത്രജീവനക്കാരെ ക്ലാസ് ഫോര്‍ ജീവനക്കാരായി അംഗീകരിച്ച് ഉത്തരവായി. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2014 ജൂലൈ മുതല്‍ ഇവരുടെ ശമ്പളസ്കെയില്‍ ക്ലാസ് ഫോറിന് തുല്യമായിരുന്നു. ഇനി മുതല്‍ ഇവര്‍ക്ക് ക്ലാസ് ഫോര്‍ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും.
ശമ്പളം, പെന്ഷന്, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ സറണ്ടര്‍, എച്ച്പിഎല്‍, ഫാമിലി പെന്ഷന് എന്നിവ ലഭിക്കും. എന്നാല്‍ നിലവില്‍ ലഭിക്കുന്ന ദേശീയ അവധിവേതന അലവന്‍സ്, ആശൂലാവധി എന്നിവയും സ്ത്രീജീവനക്കാര്‍ക്ക് നല്കുന്ന സ്പെഷ്യല്‍ കാഷ്വല്‍ ലീവും പകരക്കാര്‍ക്ക് നല്കുന്ന അലവന്‍സും ഇല്ലാതാകും. മാത്രമല്ല സ്പെഷ്യല്‍ കാഷ്വല്‍ ലീവ്, പുലവാലായ്മ ദിവസങ്ങളില്‍ ജീവനക്കാര്‍ അതാത് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന ജോലികള്‍ നിര്‍വഹിക്കുകയോ സ്വന്തം ചെലവില്‍ പകരം വ്യവസ്ഥ ഏര്‍പ്പെടുത്തുകയോ ചെയ്യണം.
വരുമാനവര്‍ദ്ധനവ് ഉണ്ടായേക്കാവുന്ന പാര്‍ട്ട് ടൈം ക്ഷേത്രങ്ങള്‍ ഫുള്ടൈമാകും.
ശാന്തി മാത്രമുള്ള ക്ഷേത്രങ്ങളില്‍ ഒരു തസ്തിക കൂടി അനുവദിക്കാന്‍ തീരുമാനമായി. ഇതിനായി ജീവനക്കാര്‍ കൂടുതലുള്ള ക്ഷേത്രങ്ങളിലെ തസ്തികകളില്‍ പുനക്രമീകരണം നടത്തും. സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടി ക്ഷേത്രനട തുറന്നിരിക്കുന്ന സമയമാക്കിയും നൈറ്റ് ഡ്യൂട്ടിക്ക് വിമുക്തഭടന്മാരെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഇതോടൊപ്പം ബോര്‍ഡിന് അധികബാധ്യത ഒഴിവാക്കുന്നതിന് അധിക തസ്തികകള്‍ നിര്‍ത്തലാക്കുകയും ഓഫീസുകളും ദേവസ്വങ്ങളും പുനക്രമീകരിക്കാനും പ്രത്യേക നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ പുറംകരാര്‍ കൊടുക്കാനും വേണ്ട പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: