മരണകാലത്തില്‍ മനുഷ്യന്റെ മനസ്സില്‍ വ്യക്തമായും നിറഞ്ഞുനില്ക്കുന്നത്, ഏതു വസ്തുവിന്റെ സ്മരണയാണോ, ആ വസ്തുവിന്റെ രൂപത്തിനു തുല്യമായ ദേഹമായിരിക്കും അടുത്ത ജന്മത്തില് ലഭിക്കുന്നത്. മരിക്കുന്ന നിമിഷംവരെ ഏതു ദേവനെയാണോ ഭജിച്ചും ധ്യാനിച്ചുംകൊണ്ട് ജീവിച്ചത്, ആ ദേവന്റെ രൂപത്തിന് തുല്യമായ ദേവശരീരം ലഭിക്കും. ശ്രീകൃഷ്ണഭഗവാന്റെ സച്ചിദാനന്ദ സ്വരൂപം ധ്യാനിച്ചുകൊണ്ട് മരണമടഞ്ഞാല്‍ ഭഗവദ്രൂപത്തിന് സമാനമായ ഭഗവദീയ ശരീരം കിട്ടും; ഭഗവല്ലോകത്തില്‍ എത്തിച്ചേരാനും കഴിയും.
മനസ്സില്‍ ഏതെങ്കിലും പുരുഷന്റെയോ സ്ത്രീയുടെയോ മൃഗങ്ങളുടെയോ രൂപമാണ് മരണവേളയില്‍ നിറഞ്ഞുനില്‍ക്കുന്നതെങ്കില്‍ അതാത് ശരീരങ്ങളെയായിരിക്കും അടുത്ത ജന്മത്തിങ്കല്‍ സ്വീകരിക്കേണ്ടി വരിക.
മരണവേളയില്‍, പ്രാണവേദനകൊണ്ട്, പുളയുമ്പോള്‍, മനശ്ശക്തിയും ബുദ്ധിശക്തിയും നശിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇന്ദ്രിയങ്ങളെല്ലാം തളര്‍ന്ന് കിടക്കുമ്പോള്‍, എങ്ങനെയാണ് മനുഷ്യന് ചിന്തിക്കാന്‍ കഴിയുക? മുന്നില്‍ നില്ക്കുന്ന വ്യക്തികളെ കാണാനോ അവരുടെ വാക്കുകള്‍ കേള്‍ക്കാനോ കഴിയാത്ത അവസ്ഥയില്‍ എങ്ങനെ ചിന്തിക്കാന്‍ കഴിയും? ഈ സംശയം നമുക്കുണ്ടാവുന്നതുപോലെ അര്‍ജ്ജുനനും ഉണ്ടായി. പക്ഷേ ചോദിച്ചില്ല. ആ ചോദ്യം മനസ്സില്‍ കണ്ടുകൊണ്ട് ഭഗവാന് മറുപടി പറയുന്നു.
സദാ തദ്ഭാവ ഭാവിതഃ
ജീവിതത്തിന്റെ ആരംഭം മുതല്‍ മരണസമയത്ത് ഇന്ദ്രിയങ്ങളും മനോബുദ്ധികളും തളരുന്നതുവരെ, ഏതൊരു വസ്തുവിന്റെ സ്മരണമാണോ ഇടവിടാതെ, വ്യക്തമായും ദൃഢമായും മനസ്സ് ശീലിച്ചിരുന്നത്, ആ ശീലം മരണസമയത്തും തുടരാന്‍ കഴിയും.
വൈദ്യുതിയുടെ അതിശക്തമായ പ്രവാഹംകൊണ്ട് വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ‘ഫാന്‍’ വൈദ്യുതി നിലച്ചുപോയാലും ഏതാനും നമിഷംകൂടി കറങ്ങിക്കൊണ്ടിരിക്കുമല്ലോ. അതുപോലെ ആദ്യകാലത്ത്, ചിന്തിച്ച് ചിന്തിച്ച് അഭ്യസിച്ച് ശീലമായി മാറിയതു കാരണം മരണസമയത്തും ചിന്തിക്കാന്‍ കഴിയും.
ചിന്താശീലം വളര്‍ത്തിയെടുത്തത് ഭക്തികൊണ്ടായാലും, സ്നേഹംകൊണ്ടായാലും വിദ്വേഷംകൊണ്ടായാലും, ഭയംകൊണ്ടായാലും കുഴപ്പമൊന്നുമില്ല. എപ്പോഴും, ഇടവിടാതെ, വ്യക്തമായും ദൃഢമായും ചിന്തിക്കണം എന്നതാണ് പ്രധാനം.
ഭീഷ്മ പിതാമഹന് ശാന്തഭക്തിയോടെയാണ് ഭഗവാനെ ധ്യാനിച്ചിരുന്നത് അതുകൊണ്ട് അന്ത്യവേളയില്‍ ഭഗവാനെ ധ്യാനിച്ചപ്പോള്‍, ഭഗവാന് തന്റെ മുന്പില് പ്രത്യക്ഷനായി നില്‍ക്കുന്നത് കണ്ണുകള്‍കൊണ്ട് ഭഗവത്പദം പ്രാപിച്ചു. ഭഗവാന്റെ സതീര്‍ത്ഥ്യനായ സുദാമാവ് (കുചേലന്) ഉത്തമ സുഹൃദ് ഭാവത്തില്‍ ഭഗവാനെ നിരന്തരം ധ്യാനിച്ച് തന്നെ ഭഗവലോകത്തില്‍ എത്തി.
കംസന്, കൃഷ്ണനെ എപ്പോഴും ഭയമായിരുന്നു. ദേവകിയുടെ എട്ടാമത്തെ മകന് നിന്റെ അന്തകനായിരിക്കും എന്ന അശരീരി വാക്ക് കേട്ടതു മുതല്‍. ഭഗവാന് തന്നെ വധിക്കുന്നതുവരെ, നിരന്തരമായ ഭഗവദ്ഭയംകൊണ്ട് ഉണ്ണാനും ഉറങ്ങാനും കഴിഞ്ഞിരുന്നില്ല. ശിശുപാലന്, എപ്പോഴും ഭഗവാനോട് ക്രോധമായിരുന്നു. ആ കള്ളനെ കണ്ടുകിട്ടിയാല്‍ ഉടനെ തട്ടിക്കളയണം എന്ന ഭാവമായിരുന്നു മരണം വരെ. ഇവര്‍ക്കെല്ലാം ഇടവിടാതെ ഭഗവദ് ഭാവനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരമഗതി പ്രാപിച്ചു എന്ന കാര്യം നാം വിസ്മരിക്കരുത്.
നിരന്തരമായ ഭഗവദ് ചിന്തയാണ് പ്രധാനം
ധര്മാനുസൃതമായി രാജ്യം ഭരിക്കുകയും ലൗകിക വൈദിക കര്‍മ്മങ്ങള്‍ ഭഗവാന് ആരാധനയായി തന്നെ അനുഷ്ഠിക്കുകയും ചെയ്തിരുന്ന ഒരു ചക്രവര്‍ത്തിയായിരുന്നു ഭരത രാജാവ്. ആ ഭരത രാജാവിന്റെ ഭരണം മൂലമാണ് നാം താമസിക്കുന്ന ഈ ഭാരതഭൂമിക്ക്, ”ഭാരതം” എന്ന പേര് സിദ്ധിച്ചത്. ഒടുവില്‍ ഭൗതിക വിഷയങ്ങളില്‍ പൂര്‍ണവിരക്തനായി രാജ്യഭരണം പുത്രന്മാരെ ഏല്‍പ്പിച്ച്, വാനപ്രസ്ഥാശ്രമം സ്വീകരിച്ചു.
പുണ്യനദിയായ ‘ഗണ്ഡകി’യുടെ തീരത്തില്‍ പുലന മഹര്‍ഷി യോഗസിദ്ധി നേടിയ വനത്തില്‍ വസിക്കാന്‍ തുടങ്ങി. ദിവസവും മൂന്നുനേരം കുളിച്ചും, മാന്തോല് ഉടുത്തും ജടാജടമായിത്തീര്ന്ന തലമുടിയോടെ ഭഗവാനെ ധ്യാനിച്ചും പൂജിച്ചും പരമഭക്തിയോടെ കണ്ണുനീരോടെ, പുളകമണിഞ്ഞ ദേഹത്തോടെ ഭഗവാനെ സേവിച്ചുകൊണ്ടിരുന്നു. ഒരു ദിവസം പ്രഭാതത്തില്‍, നദീ പ്രവാഹത്തില്‍ മുങ്ങിയും നിവര്‍ന്നും ഒഴുകിവരുന്ന ഒരു മാന്‍കുട്ടിയെ മരണം വിഴുങ്ങുന്നതായിക്കണ്ടു. ഉടനെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ കാരുണ്യം എന്ന സത്ത്വഗുണം ഉണര്ന്നുവളര്ന്നു. ആ കുട്ടിയെ കരയ്ക്കുകൊണ്ടുവന്നു, രക്ഷിച്ചു, സ്നേഹത്തോടെ വളര്‍ത്തി ഇളം പുല്ലുകള്‍ കൊടുത്തു, ശരീരത്തില്‍ തലോടിയും ചൊറിഞ്ഞും മാന്‍കുട്ടിയെ സന്തോഷിപ്പിച്ചു.
ക്രമേണ ഭഗവത്സപര്യ കുറഞ്ഞു കുറഞ്ഞുവന്നു. ഭഗവാനോടുണ്ടായിരുന്ന സ്നേഹം പൂര്‍ണമായും മാന്കുട്ടിയിലേക്കായിത്തീര്ന്നു, ധ്യാനവും പൂജയും ജപവും തീരേ ഇല്ലാതായി. ഒടുവില്‍ മരണ സമയത്ത്, തന്റെ അടുത്ത്, ഒരു മകനെപ്പോലെ കണ്ണീരോടെ നോക്കിനില്ക്കുന്ന ആ മാന്‍കുട്ടിയെ തന്നെ കണ്ടുകണ്ട്, ആ മാനിന്റെ രൂപംമാത്രം ധ്യാനിച്ച് ദേഹം ഉപേക്ഷിച്ചു. അടുത്ത ജന്മത്തില് ഒരു മാനായി തന്നെ ജനിച്ചു.
ലൗകിക കാര്യങ്ങളില്‍ മുഴുകി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനായ നമുക്ക് എപ്പോഴും ഇടവിടാതെ ഭഗവാനെ ധ്യാനിക്കാന്‍ കഴിയുകയില്ല. പക്ഷേ, ഭഗവാന്റെ ‘കൃഷ്ണ’ എന്ന തിരുനാമം ജപിക്കാന്‍ സാധിക്കും. ഉച്ചത്തിലോ ഉപാംശുമായിട്ടോ (മന്ദമായിട്ടോ) മനസ്സിലോ ജപിച്ചാന്‍ മതിയാവും. ഭഗവാനും, ഭഗവാന്റെ നാമവും രണ്ടു വസ്തുക്കളല്ല. ഭഗവാന് തന്നെയാണ് നാമമായി, ശബ്ദരൂപത്തില്‍ ആവിര്‍ഭവിച്ചിട്ടുള്ളത്. അമ്മയായ യശോദ ഉണ്ണിക്കണ്ണനെ തൊട്ടിലില്‍ കിടത്തി ആട്ടിയതുപോലെ, നമുക്ക് നാക്ക് ആകുന്ന തൊട്ടിലില്‍ കൃഷ്ണനാമത്തെ കിടത്തി ആട്ടിക്കൊണ്ടിരിക്കാം.
ഇങ്ങനെ ഭഗവന്നാമജപം നിരന്തരം അഭ്യസിച്ച് ശീലമാക്കി മാറ്റിയാല്‍, ആ അഭ്യാസ ബലംകൊണ്ട്, മരണകാലത്തും ജപിച്ചാല്‍ ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: