കോഴിക്കോട്: പ്രതീക്ഷയും ഒപ്പം ആശങ്കയുമായി വനംവകുപ്പില്‍ വനിതകള്‍ കൂട്ടത്തോടെയെത്തുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (മുമ്പ് ഫോറസ്റ്റ് ഓഫീസര്‍)തസ്തികയിലേക്കാണ് വനിതകളുടെ ആധിക്യം. കഴിഞ്ഞവര്‍ഷം പിഎസ്സി അപേക്ഷ ക്ഷണിച്ചതാണ് ഈ തസ്തികയിലേക്ക്.
എഴുത്ത് പരീക്ഷയും ശാരീരികക്ഷമതാ പരിശോധനയും പൂര്‍ത്തിയാക്കി മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍, അതില്‍ 80 ശതമാനത്തോളം സ്ത്രീകള്‍. സംസ്ഥാനത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ (വനം പരിപാലകര്‍) ആയിരത്തോളം ഒഴിവുകളുണ്ട്. ഇതിലേക്കാണ് പിഎസ്സി പ്രസിദ്ധീകരിച്ച മെയിന്‍ ലിസ്റ്റില്‍ നിന്ന് ഉദ്ദ്യോഗാര്ത്ഥികളെ നിയമിക്കുക. വിവിധ ജില്ലകളിലേക്കുള്ള നിയമന നടപടികളും ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ഒഴിവുള്ള(102) വയനാട്ടില്‍ രണ്ടാഴ്ചക്കുള്ളില്‍ നിയമനമുണ്ടാകും.
വനം വകുപ്പില്‍ വനിതകള്‍ കൂട്ടത്തോടെയെത്തുന്നത് ശാക്തീകരണത്തിന്റെ സൂചകമായി പറയാം. ഇവിടെ സ്ത്രീകളുടെ പ്രാതിനിധ്യം പൊതുവെ കുറവായിരുന്നു. മാറ്റം പ്രതീക്ഷാനിര്‍ഭരമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത. വനം പരിപാലകരെന്നാല് ഓഫിസിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. കാട്ടില്‍ രാത്രിയോ, പകലെന്നോ നോക്കാതെ പണിയെടുക്കണം. വനം കൊള്ളക്കാരെയും വേട്ടക്കാരെയും നേരിടണം. മാവോവാദികളുടെ സാന്നിധ്യവും നിലവില്‍ ശക്തമാണ്. ഇതെല്ലാം നേരിടേണ്ടത് വനം പരിപാലകരാണ്. അതായത് പുതുതായി വരുന്ന വനിതാ ഓഫീസര്‍മാര്‍.
ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സ്ത്രീകള്ക്കാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനിതാ ജീവനക്കാര്‍ക്കാവശ്യമായ താമസ, പ്രാഥമിക കാര്യ സൗകര്യങ്ങളൊന്നും വനം വകുപ്പില്‍ നിലവിലില്ല. ഇവര്‍ക്ക് വസ്ത്രം മാറാനുള്ള അടച്ചുറപ്പുള്ള മുറിയുമില്ല. വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുരുഷ ജീവനക്കാരെയും വെക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: