തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനെ അകാരണമായി ഭയപ്പെടേണ്ടതില്ലെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍. ഇക്കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ കുറേക്കൂടി വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കേണ്ടതാണ്. ആദിത്യനാഥിന്റെ സ്ഥാനാരോഹണം ഹിന്ദുത്വത്തിന്റെ കടന്നുവരവാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ ‘ഭരണസംവിധാനത്തിലെയും ഉന്നത വിദ്യാഭ്യാസത്തിലെയും മാറ്റങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശില്‍ നിയമവിധേയമല്ലാത്ത, വൃത്തിഹീനമായ കശാപ്പുശാലകള്‍ പൂട്ടുന്ന നടപടിയെ ചോദ്യം ചെയ്യേണ്ടതില്ല. എന്നാല്‍ ആദിത്യനാഥിന്റെ പേരുപറഞ്ഞ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലി നല്കി വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിച്ചിരുന്ന നിയമവിരുദ്ധ കശാപ്പുശാലകളാണ് ഇപ്പോള്‍ പൂട്ടുന്നത്. ഇവ കേവലം പത്തുദിവസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചതല്ല. മുന്‍ സര്‍ക്കാരുകള്‍ ഇവയ്ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാതിരുന്നതിനാലാണ് നിലനിന്നത്. അതേസമയം മറ്റുചിലര്‍ തന്റെ പേരില്‍ കശാപ്പുശാലകള്‍ കത്തിക്കുന്നത് യോഗി അറിയുന്നില്ല. ഇത് തിരിച്ചറിഞ്ഞുവേണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എല്ലാ മതങ്ങളോടും തുല്യപരിഗണനയും അകലവും സൂക്ഷിച്ച സംസ്കാരമാണ് ഭാരതത്തിന്റെത്. വര്ണവ്യവസ്ഥയില് എല്ലാവര്ക്കും വിദ്യാഭ്യാസം അനുവദിച്ചിരുന്നില്ലെങ്കിലും ഇവിടെ മതവും രാജ്യഭരണവും രണ്ടായിത്തന്നെയാണ് പുലര്‍ന്നിരുന്നത്.
വിദ്യാഭ്യാസത്തിലൂടെ ഞാന്‍ ഹിന്ദുവാണ്, ക്രിസ്ത്യാനിയാണ്, മുസ്ലിമാണ് എന്നിങ്ങനെ ചിന്തിക്കുന്നതിന് പകരം ഭാരതീയനാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാരം സാമൂഹ്യമാറ്റങ്ങള്‍ക്ക് വലിയ സഹായമാണ് ചെയ്തത്. ഇത് ഉന്നത വിദ്യാഭ്യാസരംഗത്തും വലിയ പുരോഗമനങ്ങള്‍ക്ക് കാരണമായി. കേരളത്തിലെ സ്വാശ്രയ പ്രശ്നം വഷളായത് എ.കെ. ആന്റണി സര്‍ക്കാരിന്റെ മണ്ടത്തരം മൂലമാണ്. സാധാരണ നിയമം ഉപയോഗിച്ച് ഇവ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതിനായി പ്രത്യേക സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവരണം. ഇതുവരെ ഒരു സര്‍ക്കാരും ഉചിതമായ സ്വാശ്രയ നിയമനിര്‍മാണത്തിന് തയ്യാറായിട്ടില്ല. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തും അതിനു തുനിഞ്ഞില്ല. അതുപോലെ അധ്യാപക നിയമനം പിഎസ്സിക്ക് വിടേണ്ടതാണ്. അതിന് തയ്യാറാകാത്തതാണ് ഫാക്ടറി നടത്തുന്നതിനെക്കാള്‍ ലാഭം പള്ളിക്കൂടമാണെന്ന ചിന്ത സമൂഹത്തില്‍ വ്യാപിക്കാന്‍ കാരണം.
ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വ്യത്യസ്തമായാണ് കേരളം ചിന്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങളെയും മാനേജ്മെന്റുകളെയും മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ സാധ്യമല്ല. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം നല്കാന് സംസ്ഥാന സര്‍ക്കാരിന് മാത്രമായി സാധിക്കില്ല. അതിനാല്‍ സ്വാശ്രയമേഖല അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: