തലശ്ശേരി: നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്ന ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു നഗരമാണ് തലശ്ശേരി. പല ഭാഗങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ എത്തിച്ചാണ് ഏജന്റുമാര്‍ക്ക് കൈമാറുന്നത്. മലയോര മേഖലയില്‍ നിന്ന് പോലും ഇവിടെ ഏജന്റുമാര്‍ എത്തിച്ചേരുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകുന്നില്ലെങ്കിലും പരോക്ഷമായി പോലീസിലെ ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് വളരെക്കാലമായി നടന്നുവരുന്നതുമാണ്.
തലശ്ശേരിയിലെ മയക്കുമരുന്ന്, കഞ്ചാവ്, പാന്‍മസാല മാഫിയകളെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിന്, പ്രത്യേകിച്ച് സിഡി പാര്‍ട്ടിയിലുള്ളവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇത്തരക്കാരില്‍ നിന്ന് പഴയകാല സിഡി പാര്‍ട്ടിയിലെ പലരും വിഹിതം കൈപ്പറ്റിയിരുന്നതായി ആരോപണവും ഉയര്‍ന്നിരുന്നു. ഇടക്ക് ലഹരി വസ്തുക്കള്‍ പിടികൂടിയെന്ന വാര്‍ത്തകളില്‍ പലതും പരസ്പര ധാരണയോടെ എടുക്കാറുള്ള നടപടികളായിരുന്നു. തലശ്ശേരിയില്‍ നിന്ന് വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ പകരം ചാര്‍ജ്ജെടുക്കുന്നവര്‍ക്ക് കഞ്ചാവ് വില്‍പ്പനക്കാരെയും അവര്‍ വില്‍പ്പന നടത്തുന്ന സ്ഥലവും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യാറുണ്ടെന്നാണ് ഒരു പഴയകാല കഞ്ചാവ് വില്‍പ്പനക്കാരന്‍ പറഞ്ഞത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്റിലെ ചില കെട്ടിടങ്ങളുടെ കോണിപ്പടികള്‍, വഴിയോര കച്ചവടക്കാരുടെ പരിസരം, മത്സ്യ-മാംസ മാര്‍ക്കറ്റ്, കടല്‍പ്പാലത്തിന്റെ പരിസരം, ചാലില്‍, ഗോപാലപേട്ട സ്‌കൂള്‍ പരിസരങ്ങളിലെ ഇടവഴികള്‍ തുടങ്ങിയവയാണ് ഇവരുടെ വിഹാരകേന്ദ്രം. അന്യ സംസ്ഥാനക്കാര്‍ നടത്തിവരുന്ന പാന്‍മസാല വില്‍പ്പന കേന്ദ്രങ്ങളിലും ലഹരി വസ്തുക്കള്‍ ലഭിക്കാറുണ്ട്.
നേരത്തെ നാട്ടുകാരും ഏതാനും വിദ്യാര്‍ത്ഥികളും മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ഇവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ലഹരി വസ്തു വില്‍പ്പന തലശ്ശേരി മേഖലയില്‍ തഴച്ചുവളര്‍ന്നിട്ടുണ്ട്. പ്രത്യേക കോഡുകള്‍ ഉപയോഗിച്ചാണത്രെ വില്‍പ്പന സംഘം ഇവയെ തരംതിരിച്ചിരിക്കുന്നത്.
















