തിരുവനന്തപുരം: ഇ.പി. ജയരാജനു പിന്നാലെ തദ്ദേശ മന്ത്രി കെ.ടി. ജലീലും നിയമനക്കുരുക്കില്‍. ഭാര്യ ഫാത്തിമക്കുട്ടിക്ക് ചട്ടങ്ങളും സീനിയോറിറ്റിയും മറികടന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാളായി നിയമനം നല്‍കിയെന്ന് ആരോപണം. സംസ്ഥാനത്തൊട്ടാകെ ഈ വര്‍ഷം പുതിയ ഹയര്‍ സെക്കന്‍ഡറി കോഴ്സ് കൊടുക്കാതിരുന്നപ്പോള്‍, പ്രത്യുപകാരമെന്ന നിലയില്‍, ഇതേ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിന് കോഴ്സുകള്‍ അനുവദിച്ചു.
ഫാത്തിമക്കുട്ടിയെ മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാളായിട്ടാണ് സീനിയോറിറ്റി മറികടന്ന് നിയമിച്ചത്. ശമ്പള സ്കെയില്‍ 45,800-89,000. ജലീല്‍ മന്ത്രിയാവും മുന്‍പ് 2016 മെയ് ഒന്നിനാണ് ഫാത്തിമക്കുട്ടി, വൈഫ് ഓഫ് കെ.ടി. ജലീല്‍ എന്ന പേരില്‍ മാനേജ്മെന്റ് നിയമന ഉത്തരവ് ഇറക്കിയത്. ജലീല്‍ മന്ത്രിയായ ശേഷം ജൂലൈ 26ന്, സീനിയോറിറ്റി അവഗണിച്ചതിനെതിരെ നാല് അധ്യാപകര്‍ ഉന്നയിച്ച തടസവാദം അവഗണിച്ച് ഹയര്‍ സെക്കന്‍ഡറി റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചട്ടവിരുദ്ധമായി നിയമന ഉത്തരവിന് അംഗീകാരം നല്കി.
ഈ വര്‍ഷം പുതിയ ഹയര്‍ സെക്കന്‍ഡറി കോഴ്സ് കൊടുക്കാതിരുന്നപ്പോള്‍ ഇതേ മാനേജ്മെന്റിന്റെ കീഴിലുള്ള വളാഞ്ചേരി ഗേള്‍സ് സ്കൂളിന് മാത്രം കൊമേഴ്സിലും ഹ്യൂമാനിറ്റീസിലും ബാച്ച് അനുവദിച്ചു. ഇതു വഴി 14 ഹയര്‍ സെക്കന്‍ഡറി തസ്തികകളില്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ നിയമനം നടത്താം. ഈ വര്‍ഷം മാത്രം നാല് പേരെ നിയമിച്ചു. 30 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് ഇത്തരം ഒരു തസ്തികക്കുള്ള തെരുവിലെ ലേലം വിളി.
1998 ആഗസ്ത് 27 മുതല്‍ വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ് ഫാത്തിമക്കുട്ടി.
ഇവര്‍ ജോലിക്ക് കയറിയ അതേ ദിവസമാണ് കൊമേഴ്സ് അധ്യാപികയായി വി.കെ. പ്രീതയും ജോലിയില്‍ പ്രവേശിച്ചത്. കെഇആര്‍ പ്രകാരം പ്രിന്‍സിപ്പാള്‍ പദവിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും എംഎഡും ഹയര്‍ സെക്കന്‍ഡറിയില്‍ 12 വര്‍ഷത്തെ അധ്യാപന പരിചയവും വേണം. പ്രിന്‍സിപ്പാളായി പരിഗണിക്കാന്‍ യോഗ്യതയുള്ളവരുടെ നിയമന തീയതി ഒരേ ദിവസമാണെങ്കില്‍ ജനനത്തീയതി കൂടി സീനിയോറിറ്റിക്ക് പരിഗണിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2012ല്‍ ഉത്തരവിറക്കിയത്. അങ്ങനെയെങ്കില്‍ 1967 മെയ് 31 ജനിച്ച പ്രീതയെയാണ് പരിഗണിക്കേണ്ടത്. ഫാത്തിമക്കുട്ടിയുടെ ജനനതീയതിയാകട്ടെ 1970 മെയ് 26.
പ്രിന്‍സിപ്പാള്‍ നിയമനം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പരിഗണിച്ചാവണമെന്നാണ് നിയമം.
പരാതി നല്കിയ അധ്യാപകരെ തെളിവെടുപ്പിനായി ജൂണ്‍ 16ന് വിളിച്ചുവരുത്തിയെങ്കിലും നവംബര്‍ 11 വരെ ഇവര്‍ക്ക് മറുപടിയൊന്നും നല്‍കിയില്ല. ഫാത്തിമക്കുട്ടിയുടെ നിയമനത്തില്‍ സീനിയോറിറ്റി ലിസ്റ്റ് ഉണ്ടായിരുന്നില്ലെന്ന് റീജി യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: