കൊല്ലം: കുണ്ടറയില്‍ 14 വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനേയും മകന്‍ ഷിബുവിനേയും നുണപരിശോധനയ്‌ക്ക് വിധേയരാക്കും. ഇതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കുണ്ടറ നാന്തിരിക്കലിലെ പതിനാലു വയസുകാരന്‍ സജു ദുരൂഹതയില്‍ മരിച്ച കേസില്‍ വിക്ടറിനും ഷിബുവിനുമെതിരെ സജുവിന്റെ അമ്മ സുവര്‍ണ കൊട്ടാരക്കര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നുണപരിശോധന.
വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഷിബുവിനെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സജുവിന്റെ മരണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് ചോദ്യംചെയ്യലില്‍ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇരുവരെയും നുണപരിശോധനയ്‌ക്ക് വിധേയരാക്കുന്നത്.
2010 മെയിലാണ് സജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിക്ടറിന്റെ വീടിന് സമീപം താമസിച്ചപ്പോഴാണ് സജു മരിച്ചത്.
സജുവിനെ കൊല്ലുമെന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നതായി സുവര്‍ണ മൊഴി നല്‍കിയിട്ടുണ്ട്. അയല്‍വാസികളായ വിക്ടറിന്റെയും ഷിബുവിന്റെയും പെണ്‍വാണിഭം നടത്താനുള്ള ശ്രമങ്ങള്‍ ചെറുത്തതാണ് കൊലയ്‌ക്ക് കാരണമെന്നാണ് നിഗമനം.
















