ആലപ്പുഴ: മാവേലിക്കര സര്‍വ്വീസ് സഹകരണബാങ്കിന്റെ തഴക്കര ശാഖയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണ സംഘം സഹകരണവകുപ്പു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. 64.81 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. പ്രവര്‍ത്തന വൈകല്യത്തിലൂടെ 30 കോടിയുടെ നഷ്ടവും, 34.81 കോടിയുടെ പണാപഹരണവും നടന്നതായി വ്യക്തമായി്.
ഭരണസമിതിയുടെയും, സെക്രട്ടറിയുടെയും നോട്ടപ്പിശകാണ് തഴക്കര ശാഖയിലെ ക്രമക്കേടിന് കാരണം. വഴിവിട്ട എല്ലാ പ്രവര്‍ത്തനത്തിനും ഇവര്‍ മൗനാനുവാദം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒന്നാംഘട്ടം അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് നല്‍കിയത്.
കഴിഞ്ഞ ആറുവര്‍ഷത്തിനുളളിലാണ് ഇത്രയും വലിയ ക്രമക്കേട് നടന്നത്. ക്രമക്കേടിനെ തുടര്‍ന്ന് തഴക്കര ശാഖാ മാനേജരുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ സസ്‌പെന്‍ഷനിലാണ്.
മരിച്ചവരുടെയും, അക്കൗണ്ടില്ലാത്തവരുടെയും പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി പണം ഇതിലേക്ക് മാറ്റിയാണ് അപഹരിച്ചത്. ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ജോയിന്റ്‌രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ സ്ഥലം മാറ്റിയിരുന്നു. സിപിഎമ്മിന്റെ പിന്തുണയുടെ ധൈര്യത്തില്‍ അവര്‍ ഉത്തരവ് പാലിച്ചില്ല. ഒടുവില്‍ സഹകരണ മന്ത്രി ഇടപ്പെട്ട് സസ്‌പെന്റ് ചെയ്യുകയായിരുന്നു.
















