കന്നിമാസത്തിലെ ഒരു നട്ടുച്ച നേരത്താണ് ആ കുട്ടി ഞങ്ങള്‍ക്കിടയിലേക്ക് മാനത്തുനിന്നും പൊട്ടിവീണത്. ഹോര്‍ലിക്സും ബോണ്‍വിറ്റയും ബൂസ്റ്റും ഫ്രൂട്ട്സും കുത്തിക്കയറ്റിയതുപോലെ മാംസളമായിരുന്നു അവന്റെ ശരീരം. ശരിക്കും നനഞ്ഞുകുതിര്‍ന്ന ബണ്ണ് പോലെ. നിറമാണെങ്കില്‍ നന്നേ വെളുത്തിട്ടാണ്. ഇട്ടിരുന്ന വസ്ത്രങ്ങളാണെങ്കില്‍ വളരെ വില കൂടിയതും.
എന്നാല്‍ ഇതിനെക്കാളേറെ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അവന് പണത്തിന്റെ മണമുണ്ടെന്നുള്ളതായിരുന്നു! നോട്ടുകെട്ടുകള്‍ അട്ടിയിട്ട അലമാരയെ സമീപിക്കും പോലെയായിരുന്നു അത്. കുട്ടിയുടെ ശരീരത്തില്‍നിന്നും ബഹിര്‍ഗമിച്ചിരുന്ന ആ മണം ആദ്യമായി പിടിച്ചെടുത്തത് ഞങ്ങളുടെ നാട്ടിലെ പണച്ചാക്കും പലിശക്കാരനുമായിരുന്ന ഷൈലോക്ക് സുഗുണനാണ്.
അയാള്‍ ഇത് മറ്റുള്ളവരുമായി പങ്കുവക്കുന്നതിനിടയിലാണ് കുട്ടിയുടെ തലയില്‍ ഒരു കാക്ക കാഷ്ഠിച്ചത്.
കുട്ടിയെ വട്ടംചുറ്റി നിന്നിരുന്ന ഞങ്ങള്‍ക്ക് അതില്‍ വിഷമം തോന്നി.
പാവം കുട്ടി!
എന്തായാലും അവന്റെ മേല്‍ പറ്റിയ കാക്കക്കാട്ടം ഉടനെ കഴുകിക്കളയണം. ഞങ്ങളുടെ കൂട്ടത്തില്‍ നാക്കിന് നീളമുള്ള മറിയാമ്മയാണ് കാക്കക്കാട്ടം കഴുകിക്കളയാനായി മുന്നിട്ടിറങ്ങിയത്.
സാരി എടുത്തുകുത്തിയതിനു ശേഷം അവള് വേഗം കുടമെടുത്തു കൊണ്ടുവന്ന്, വഴിവക്കിലെ പൈപ്പില്‍ നിന്നും വെള്ളം പിടിച്ചുകൊണ്ടുവന്നു.എന്നിട്ട് കുട്ടിയുടെ നേരെ നോക്കി വാത്സല്യത്തോടെ പറഞ്ഞു: ‘മോനാ നിക്കറും കുപ്പായവും ഒന്നഴിച്ചു മാറ്റിക്കേ’
കുട്ടിക്ക് കാക്കക്കാട്ടത്തിന്റെ നാറ്റം അസഹ്യമായിത്തീര്‍ന്നിരുന്നു. എങ്കിലും പെട്ടെന്ന് ഞങ്ങളുടെ മുന്നില്‍ വിവസ്ത്രനാവാന്‍ അവന് ഒന്നു മടിച്ചു. പക്ഷെ, ഞങ്ങളെല്ലാം കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ അവന് തെല്ല് സങ്കോചത്തോടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി. പെണ്ണുങ്ങളില്‍ ചിലര്‍ അവനെ അക്കാര്യത്തില്‍ സഹായിക്കുകയും ചെയ്തു.
മറിയാമ്മ കുടത്തിലെ വെള്ളംകൊണ്ട് ആദ്യം അവന്റെ ശിരസ് കഴുകി. പിന്നെ, സ്വന്തം കുഞ്ഞിനെയെന്നതുപോലെ മേലാകെ തേച്ചുകുളിപ്പിച്ചു.
വെള്ളം ദേഹത്തു വീഴുമ്പോഴൊക്കെ അവന് കുളിരുകൊണ്ട് ചുളുങ്ങുന്നുണ്ടായിരുന്നു.
എങ്കിലും കാക്കക്കാട്ടത്തിന്റെ മണമൊക്കെ വെള്ളത്തോടൊപ്പം മണ്ണിലേക്കൊഴുകിപ്പോയി.
പക്ഷെ, പെട്ടെന്നാണ് നോട്ടുകളുടെ തീക്ഷ്ണമായ ഗന്ധം അവിടമാകെ പരന്നത്!
ഞങ്ങള്‍ വിസ്മയഭരിതരായി അതാസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെ വരദാനം കിട്ടിയതുപോലെ മറിയാമ്മയുടെ കൈകളിലേക്ക് ആയിരത്തിന്റെ ഒരു നോട്ടുകെട്ട് ആകാശത്തുനിന്നും ഞെട്ടറ്റുവീണത് !
അതുകണ്ട് അത്ഭുതംകൊണ്ട് ഞങ്ങള്‍ക്ക് മിണ്ടാന്‍ വയ്യാതായി.
ദൈവം എറിഞ്ഞുതന്നതുപോലെ കൈയില്‍ കിട്ടിയ നോട്ടുകെട്ട് ആരെങ്കിലും തട്ടിപ്പറിക്കുമോ എന്നതായിരുന്നു മറിയാമ്മയുടെ ഭയം. അതുകൊണ്ട് അവള് നോട്ടുകെട്ട് മാറോട് ചേര്‍ത്തുപിടിച്ച് വേഗം വീട്ടിലേക്കോടി. അകത്തു കയറിയ അവള് അതിവേഗം വാതിലടച്ചു കുറ്റിയിട്ടു.
ഏതോ മായാലോകത്തെത്തിയതുപോലെ അത്ഭുതപരതന്ത്രരായ ഞങ്ങളുടെ കാതുകളില്‍ പൊടുന്നനെയാണ് അശരീരി പോലെ പലിശക്കാരന് സുഗുണന്റെ ശബ്ദമുയര്‍ന്നത്: ”കുട്ടിയെ കുളിപ്പിച്ചപ്പോഴാണ് മറിയാമ്മക്ക് നോട്ടുകെട്ട് വീണുകിട്ടിയത്. എന്തായാലും ഇവനൊരു അത്ഭുതബാലനാണെന്നു തോന്നുന്നു. പണത്തിന്റെ ഈ മണംതന്നെ അതിനു തെളിവാണ്. ഞാനും ഇവനെയൊന്നു കുളിപ്പിച്ചു നോക്കട്ടെ.”
പിന്നെ സുഗുണന്റെ നീക്കം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. കയ്യില്‍ കിട്ടിയ ബക്കറ്റുമെടുത്ത് അയാള്‍ അതിശീഘ്രം പൈപ്പില്‍നിന്നും വെള്ളം ശേഖരിച്ചു കുട്ടിയെ കുളിപ്പിക്കാന്‍ തുടങ്ങി.
കുട്ടിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് അവന്റെ മുഖഭാവം വിളിച്ചറിയിച്ചു.
ഞങ്ങളില്‍ ചിലര്‍ക്ക് സുഗുണന്റെ പ്രവൃത്തി കണ്ട് കലി തോന്നി. എങ്കിലും അത് പുറമെ കാണിക്കാന്‍ ഞങ്ങള്‍ക്ക് ഭയമായിരുന്നു. പൂത്ത പണമുള്ള സുഗുണന് ക്വട്ടേഷന്‍ ഗുണ്ടകളുണ്ട്. പോരാത്തതിന് പോലീസിലും നല്ല പിടിയാണ്.
കുട്ടിയെ കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ സുഗുണനും കിട്ടി ആയിരത്തിന്റെ നോട്ടുകെട്ട്!
ആകാശത്തുനിന്ന് ആരോ എടുത്തെറ്റയുന്നതുപോലെയാണ് അത് വന്നുവീഴുന്നത്!
സുഗുണന് കിട്ടിയ നോട്ടുകെട്ട് ഉയര്‍ത്തിപ്പിടിച്ച് തുള്ളിച്ചാടുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്കും നിയന്ത്രിക്കാനായില്ല. ഞങ്ങള്‍ക്കും കുട്ടിയെ കുളിപ്പിക്കണം. ഞങ്ങള്‍ക്കും ആയിരത്തിന്റെ നോട്ടുകള്‍ വേണം…
പിന്നെ ഞങ്ങളും ധൃതികൂട്ടുകയായി:…
ഊഴമിട്ട് കാത്തുനില്ക്കാനുള്ള ക്ഷമയൊന്നും ഞങ്ങളില്‍ പലര്‍ക്കുമുണ്ടായില്ല അതിന്റെ പേരിലുണ്ടായ അസ്വാരസ്യങ്ങള്‍ ഉന്തിലും തളളിലും അടിപിടിയിലുമാണ് കലാശിച്ചത്.
ഒടുവില്‍ അവിടെയും കയ്യൂക്കുള്ളവര്‍ തന്നെ ജേതാക്കളായി.
കുട്ടിക്ക് ആരെയും തടഞ്ഞു നിര്‍ത്താനായില്ല.
കുളി അവന് വല്ലാത്ത വേദനയായി.
കുട്ടിയെ കുളിപ്പിച്ചവര്‍ക്കൊക്കെ ആയിരത്തിന്റെ നോട്ടുകെട്ട് കിട്ടിക്കൊണ്ടേയിരുന്നു.
പൈപ്പ് വെള്ളം ചുരത്തിച്ചുരത്തി വിമ്മിട്ടപ്പെട്ടു.
കുടം വെള്ളം ചുമന്നു ചുമന്ന് തളര്‍ന്നു.
കുട്ടി വേദന സഹിക്കാനാവാതെ വാവിട്ടു കരഞ്ഞു. അവന് ഒരുവേള ഞങ്ങളെ വിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഞങ്ങളവനെ ബലമായി പിടിച്ചുനിര്‍ത്തി.
നോട്ടുകെട്ടിനു വേണ്ടിയുള്ള ആര്‍ത്തിയില്‍ അവന്റെ കരച്ചിലിന് ഞങ്ങള്‍ ചെവി കൊടുത്തില്ല.
എല്ലാവരും തേച്ചുകുളിപ്പിച്ച് അവന്റെ തൊലിയടര്‍ന്നു…… മുടി മുഴുവന്‍ കൊഴിഞ്ഞു……
അഴുക്കിനു പകരം ചോരയൊലിച്ചു .
അനന്തരം…
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി. പകരം അവിടെ മാംസാവശിഷ്ടങ്ങളും ചോരത്തുള്ളികളും എല്ലിന്‍കഷണങ്ങളും മുടിയിഴകളും മാത്രം ശേഷിച്ചു.
അന്നേരം അവിടമാകെ വല്ലാത്തൊരു ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: