മാവേലിക്കര: പുതിയ വാഹനങ്ങളുടെ നിര്‍മ്മാണ കാലാവധി മാറ്റി കാണിച്ച് വാഹന ഉടമകളെ കബളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ്. സമീപകാലത്ത് തുടങ്ങിയതല്ലന്നും വര്‍ഷങ്ങളായുള്ള തട്ടിപ്പാണെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.
ഇത് കണ്ടുപിടിക്കുന്നതിന് വാഹനങ്ങളുടെ നിര്‍മ്മാണ വര്‍ഷവും ആര്‍സിബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഒന്നാണോയെന്ന് പരിശോധിക്കാന്‍ ഉടമകള്‍ക്ക് അവസരം നല്‍കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
ഇതിനായി ആഴ്ചയില്‍ നിശ്ചിത ദിവസങ്ങള്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ സമയം നീക്കി വയ്ക്കും. വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഒരു ദിവസം പരമാവധി 20 വാഹനങ്ങള്‍ക്കായി സമയം ക്രമീകരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് പരിശോധന.
കമ്പനികള്‍ വാഹനങ്ങള്‍ക്ക് വലിയ ഇളവുകള്‍ നല്‍കിയാണ് ഉടമകളെ കബളിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കമ്പനി പ്രതിനിധികളുടെ വാക് ചാതുരിയില്‍ പലപ്പോഴും ഉടമകള്‍ പെട്ടുപോകുന്നതിനാല്‍ ഇളവുകളുടെ പുറമെയുള്ള വഞ്ചന ഉടമകള്‍ അറിയില്ല. ലോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി പ്രതിനിധികള്‍ തന്നെ ക്രമീകരിച്ചു നല്കുന്നതിനാല് കൂടുതല്‍ അന്വേഷണത്തിന് ഇവര്‍ തയ്യാറാകില്ല.
നമ്പര്‍ ലഭിക്കുന്നതിനായി വാഹനം ടെസ്റ്റിന് എത്തിക്കുമ്പോഴും നിര്‍മ്മാണ വര്‍ഷം പരിശോധിച്ച് ഒത്തുനോക്കാന്‍ തിരക്ക് കാരണം ഉദ്യോഗസ്ഥര്‍ തയ്യാറാകില്ല. ഒരു ദിവസം 30 മുതല്‍ 200 വാഹനങ്ങള്‍ വരെ ജോ.ആര്‍ടി ഓഫീസുകളില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നു. ഒന്നോ, രണ്ടോ ഉദ്യോഗസ്ഥരാകും പരിശോധനയ്ക്കുണ്ടാകുക. അതിനാല്‍ എന്ജിന്, ഷാസി നമ്പരുകള്‍ മാത്രമാകും പരിശോധിക്കുക.
വാഹന മോഡല്‍ സംബന്ധിച്ച് സംശയമുള്ളവര്‍ ജോ. ആര്‍ടിഓഫീസുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ മാറ്റേണ്ടതാണെന്നും കബളിപ്പിക്കപ്പെട്ടവര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: