തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രൂപീകരണത്തിനെതിരെ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ നീങ്ങുകയാണെന്ന് സിപിഎം സംസ്ഥാനസമിതി. ഇതിന്റെ ഭാഗമായി ഫയലുകള്‍ പലതും പിടിച്ചുവയ്ക്കുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫടക്കം കെഎഎസിനെതിരായ ഉദ്യോഗസ്ഥകൂട്ടായ്മയ്ക്ക് ഒത്താശ ചെയ്യുന്നുണ്ട്. അതിനാല്‍ സമ്പൂര്‍ണമായ അഴിച്ചുപണി വേണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
സിപിഎമ്മിന്റെ പോഷകസംഘടനയായ എന്‍ജിഒ യൂണിയനില്‍ അംഗങ്ങളായവര്‍ പോലും പരോക്ഷമായി കെഎഎസിനെ എതിര്‍ക്കുന്നു. കെഎഎസിനായി പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇത് ജീവനക്കാരുടെ സ്വാഭാവിക സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് പ്രചരിപ്പിച്ചാണ് സര്‍ക്കാരിനെതിരെ ഉദ്യോഗസ്ഥ കൂട്ടായ്മ നീങ്ങുന്നത്.
ഉന്നത ഉദ്യോഗസ്ഥര്ക്കിടയിലാകട്ടെ കനത്ത ചേരിപ്പോരും താഴേത്തട്ടില്‍ തികഞ്ഞ അലംഭാവവുമാണ്. സര്‍ക്കാര്‍ മാറിയെന്ന ധാരണ ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ മന്ത്രിമാര്‍ക്കോ പേഴ്സണല്‍ സ്റ്റാഫിനോ കഴിഞ്ഞിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താണ് പേഴ്സണല്‍ സ്റ്റാഫിലടക്കം അഴിച്ചുപണി നടത്തി പാര്‍ട്ടിയോട് ആത്മാര്ഥതയുള്ളവരെ സ്ഥാനങ്ങളിലേക്ക് നിയോഗിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനസമിതി മുന്നോട്ടുവച്ചത്.
രാഷ്ട്രീയ, ഭരണ വിഷയങ്ങളില്‍ അനുഭവപരിചയമുള്ളവരെ നിയോഗിച്ച് മന്ത്രിമാരുടെ ഓഫീസില്‍ അഴിച്ചുപണി വേണമെന്നാണ് നിര്‍ദ്ദേശമുയര്‍ന്നത്. കാര്യങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ച് താഴേത്തട്ടില്‍ നടപ്പാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് ഉടനടി അവസാനിപ്പിക്കണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു.
നേരത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും ആഭ്യന്തരവകുപ്പിനെയും സിപിഎം സെക്രട്ടേറിയറ്റും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് ഇടയാക്കുന്നെന്ന പരാതി ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് തിരുത്തലുകള്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: