കൊച്ചി: സദാചാരമൂല്യങ്ങളെ പുരോഗമനത്തിന്റെപേരില്‍ അടിച്ചിറക്കിയതാണ് ഇന്നത്തെ ദുര്യോഗമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലകണ്‍വെന്‍ഷന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
ന്യൂനപക്ഷസംരക്ഷണത്തിന്റെപേരില്‍ അലമുറയിടുന്നവര്‍ ലക്ഷ്യം വയ്‌ക്കുന്നത് ഹിന്ദുധര്‍മ്മത്തെയാണ്. വിദ്യാഭ്യാസ രീതിയില്‍നിന്ന് വ്യതിചലിച്ചതാണ് ഇന്നത്തെ ദുരന്തത്തിന് കാരണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുവിന്റേതാകുമ്പോള്‍ എതിര്‍ക്കപ്പെടുന്നു.
ഇതരമതസ്ഥര്‍ക്ക് ഇത് ബാധകമല്ല. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഇന്നത്തെ വ്യവസ്ഥിതിയോടാണ്, മതമൗലികവാദികളോടല്ല രാഷ്‌ട്രീയപാര്‍ട്ടികളോടാണ്. അവരാണ് വ്യവസ്ഥിതിയെ ഹിന്ദുവിരുദ്ധമാക്കിയത്. ഹിന്ദുക്കള്‍ എന്നുപറഞ്ഞാല്‍ അവര്‍ ഈ നാടിന്റെ ആരുമല്ല, അഥവാ ജീവിക്കണമെങ്കില്‍ തലയില്‍മുണ്ടിട്ട് തലതാഴ്‌ത്തി ജീവിക്കണം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ മനസ്സില്‍ മാറ്റം വരത്തക്ക രീതിയില്‍ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മാറണം. ഹിന്ദുത്വത്തെയാണ് രാഷ്‌ട്രീയപാര്‍ട്ടികള്‍ ശത്രുവായി കാണുന്നത്, ടീച്ചര്‍ പറഞ്ഞു.
ഹരിയാനയില്‍ ദളിത്പീഡനം നടന്നാല്‍ കത്തിജ്വലിക്കുന്നവര്‍ കേരളത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ കാണുന്നില്ല, രംഗത്ത് വരുന്നില്ല. ഇത് മാറണം അതിന് ഹിന്ദുവെന്ന് ഉറക്കെ പറയാന്‍ കഴിയണം. ഹിന്ദു ആരാധിച്ചിരുന്ന അടിസ്ഥാനമൂല്യങ്ങളെ ഹിന്ദുവിന്റേതെന്ന ഒറ്റക്കാരണംകൊണ്ട് എതിര്‍ക്കപ്പെടുന്ന അവസ്ഥയാണുള്ളത്, ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. സ്വഗതസംഘം ചെയര്‍മാന്‍ അഡ്വ.കെ.എ.ബാലന്‍ അദ്ധ്യക്ഷനായി. സമാപനസമ്മേളനം റിട്ട. ജില്ല ജഡ്ജി കെ. ശ്രീലത ദേവി ദീപം തെളിയിച്ചു.
















