കൊച്ചി: ജനതാദള്‍ (എസ്) അഭിഭാഷക യോഗത്തില്‍ ഗവ. പ്ലീഡര്‍ നിയമനത്തെച്ചൊല്ലി രൂക്ഷവിമര്‍ശനം. പ്ലീഡര്‍ നിയമനത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു.
സംസ്ഥാനത്ത് ജനതാദളിന് കിട്ടിയ പത്തനംതിട്ട ജില്ലയിലെ ഏക പ്ലീഡറുടെ നിയമനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുയര്‍ന്നു. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളിനെയാണ് ഇവിടെ പ്ലീഡറാക്കിയത്. മന്ത്രിയുടെ ജില്ലയിലെ നിയമനത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
ജനതാദള്‍-എസിന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. പത്തനംതിട്ട ജില്ല ഗവ. പ്ലീഡര്‍ നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി യോഗത്തില്‍ അറിയിച്ചു.
മുന്നണി സംവിധാനത്തില്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ജനതാദള്‍-എസ് നേതൃത്വം പ്രതികരിക്കാതിരിക്കുന്നതിനെതിരെയും വിമര്‍ശനമുണ്ടായി. പ്ലീഡര്‍ സ്ഥാനം വീതംവച്ചതിന് ശേഷം അഭിഭാഷകരുടെ യോഗം വിളിച്ചുചേര്‍ത്തതിലും നേതൃത്വത്തിനെതിരെ ആരോപണമുയര്‍ന്നു. അഭിഭാഷക സംഘടനയുടെ പേരിനെച്ചൊല്ലിയും യോഗത്തില്‍ തര്‍ക്കമുണ്ടായി.
എറണാകുളം എക്‌സലന്‍സി ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 80 ഓളം അഭിഭാഷകര്‍ പങ്കെടുത്തു. നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
















