ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ബസ്സ്റ്റാന്‍ഡ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മാറുന്നു. മാലിന്യ കൂമ്പാരത്തില്നിന്നുള്ള ദുര്‍ഗന്ധവും ഇതില്‍നിന്നും പരന്നൊഴുകുന്ന മലിനജലവും സ്വകാര്യബസ് സ്റ്റാന്‍ഡില്‍നിന്നുള്ള ജനങ്ങളുടെ യാത്ര ദുസ്സഹമാകുന്നു. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന ബസ്സ്റ്റാന്‍ഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതും ഈ കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്.
ആര്‍പ്പൂക്കര പഞ്ചായത്തിന്റെ അധീനതയിലാണ് ഈ ബസ്സ്റ്റാന്‍ഡ് . ഇവിടെ പ്രവര്‍ത്തിക്കുന്ന ശുചിമുറികളും ബസ്സ്റ്റാന്‍ഡും ഓരോവര്‍ഷവും ഭീമമായ തുകയാണ് സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കുന്നത്. ബസ്സ്റ്റാന്‍ഡിലും പരിസരത്തും പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ വേനല്‍ക്കാലത്ത് തീയിട്ട് നശിപ്പിക്കുകയായിരുന്നു പതിവ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നുള്ള ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് പഞ്ചായത്തുതന്നെ ഇവിടെ നിയമ ലംഘനം നടത്തിവരുന്നത്. മഴക്കാലമായതോടെ മാലിന്യം ബസ്സ്റ്റാന്‍ഡിന്റെ ഒരുവശത്ത് കൂട്ടിയിട്ടിരിക്കുന്നു. ഇതില്‍നിന്നാണ് മലിനജലം പരന്നൊഴുകുന്നതും ദുര്‍ഗന്ധം വമിക്കുന്നതും. സമീപത്തുള്ള ശുചിമുറിയും വൃത്തിഹീനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
മാസങ്ങള്‍ക്ക്മുമ്പ് പഞ്ചായത്ത് ഇവിടെനിന്നും യന്ത്രസഹായത്തോടെ മാലിന്യക്കൂമ്പാരം വാരിമാറ്റിയിരുന്നു. എന്നാല്‍ പരിസരത്തെ കച്ചവടക്കാര്‍ക്ക് ഉറവിട മാലിന്യ സംസ്ക്കരണത്തിനുള്ള യാതൊരുവിധ സംവിധാനങ്ങളും ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് കച്ചവടക്കാര്‍ ബസ്സ്റ്റാന്‍ഡ് പരിസരം മാലിന്യ നിക്ഷേപത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. ഈ മാലിന്യത്തില്‍നിന്ന് ഈച്ചയും കൊതുകും പെരുകി പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യതയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ദിവസേന മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളും സഹായികളും ഈ ബസ്സ്റ്റാന്‍ഡിനെയാണ് ആശ്രയിക്കുന്നത്. ഇവിടെനിന്നും കൊതുകുകടിയേറ്റ് രോഗവാഹികളാവുകയാണ് യാത്രക്കാര്‍. ഡങ്കിപ്പനി പോലുള്ള മാരകരോഗങ്ങളുമായിട്ടാണ് ഇവര്‍ തിരികെപോകുന്നത്.
ബസ്സ്റ്റാന്‍ഡ് പരിസരത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും സ്റ്റാന്‍ഡിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും സ്റ്റാന്‍ഡിലെ അപകടകരമായ കുഴികള്‍ നികത്തണമെന്നും വൃത്തിഹീനമായ ഇവിടം ശുചീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: