കൊച്ചി : കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ലഭിക്കുന്ന തെളിവുകളും വസ്തുതകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യമാക്കുന്നില്ലെന്ന് ഡിജിപി ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം. ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അന്വേഷണം ശരിയായി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ. എം ചാത്തേലി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പ്രതികളുടെ മൊഴി വിശ്വസിച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്. കൂടുതല്‍ വിശദമായ അന്വേഷണം നടത്തിയില്ല. ഹര്‍ജിക്കാരി ആരോപിക്കുന്നു. പ്രതികളുടെ മൊഴിയും വിശദീകരണവും വളരെപ്പെട്ടെന്ന് പോലീസ് പരസ്യമാക്കി. അതിനാല്‍ പിന്നീട് പിടിയിലായ പ്രതികളും ഇതേ മൊഴി ആവര്‍ത്തിച്ചു. കുറ്റകൃത്യത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇതു കാരണം അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ആദ്യം പിടിയിലാകുന്നവര്‍ നല്‍കുന്ന മൊഴി പോലീസ് പരസ്യമാക്കിയാല്‍ പിന്നീടു പിടിയിലാകുന്നവരും അതേ മൊഴി നല്‍കാന്‍ സാദ്ധ്യതയുണ്ടെന്ന് കോടതിയും സമ്മതിച്ചു.
നടിക്കേസില്‍ ഒരു വിവരവും പോലീസ് വെളിയില്‍ വിട്ടില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു.എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ പോരായ്‌മയുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇടപെടുന്നില്ലെന്നു വ്യക്തമാക്കി തീര്‍പ്പാക്കി.
















