പത്തനംതിട്ട: അസൗകര്യങ്ങളാല്‍ ഞെരുങ്ങുന്ന കോന്നി അഗ്നിശമനസേനാ നിലയത്തിലെ പ്രധാന വാഹനവും തകരാറിലായത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം വള്ളിക്കോട് കോട്ടയത്ത് തോട്ടില്‍ വീണു മരിച്ച കുട്ടിയെ കണ്ടെടുക്കാനായി തിരച്ചിലിനു പോയപ്പോഴാണു സേനയുടെ വാഹനം തകരാറിലായത്. പിന്നീട് പത്തനംതിട്ടയില്‍ നിന്നു റിക്കവറി വാഹനം എത്തിച്ചാണു ഫയര്‍ എന്ജിന് കോന്നിയിലേക്കു കൊണ്ടുവന്നത്.
അടൂരിലെ സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്ഷോപ്പില്‍ എത്തിച്ച വാഹനം പണികള്‍ നടത്തി പുറത്തിറക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടി വന്നേക്കും.
ഇതിനു പകരമായി താല്‍ക്കാലിക ഉപയോഗത്തിന് വാഹനം ലഭ്യമാക്കാനും നടപടിയുണ്ടായിട്ടില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ചെറിയ വാഹനത്തില്‍ വേണം സേനയ്ക്കു സംഭവസ്ഥലത്തെത്താന്‍. ഈ പഴയ വാഹനത്തിനു വേണ്ടത്ര വേഗം ലഭിക്കുന്നുമില്ല.
2016 ജനുവരിയിലാണ് കോന്നി കേന്ദ്രമാക്കി അഗ്നിശമനസേനയുടെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഇവിടേക്ക് അനുവദിച്ച പഴയ രണ്ടു വാഹനങ്ങളാണ് ഇപ്പോഴുമുള്ളത്. ചെറിയ വാഹനം രണ്ടു മാസം മുന്‍പ് ഒരു മാസത്തോളം തകരാറായി കിടന്നു. വലിയ വാഹനവും ഇടയ്ക്കിടെ കേടാകും. എന്നാല്‍, വഴിയില്‍ കിടന്നതു കഴിഞ്ഞദിവസമാണ്.
ഉദ്ഘാടനവേളയില്‍ പുതിയ വാഹനവും ആംബുലന്‍സും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. കോന്നിയില്‍ അഗ്നിശമന നിലയം പ്രവര്‍ത്തനം ആരംഭിച്ചതോടെ ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ സേനയ്ക്കു കഴിഞ്ഞു.
എന്നാല്‍, വലിയ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
താല്‍ക്കാലിക ഷെഡ്ഡിലാണ് യൂണിറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. സ്ഥിരം കെട്ടിടം നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.
ഉപകരണങ്ങളുടെ അപര്യാപ്തതയും പുതിയ ഫയര്‍ എന്‍ജിന്റെയും ആംബുലന്‍സിന്റെയും കുറവും നിലനില്ക്കുന്നു. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും സമയത്ത് എത്തിച്ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ സേനയ്ക്കു ലഭ്യമാക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.
ജീവനക്കാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നത്. മതിയായ ജീവനക്കാരുണ്ടെങ്കിലും വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും അപര്യാപ്തതയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. ദുരന്തമുഖങ്ങളില്‍ പലപ്പോഴും നാട്ടുകാരുടെ പരിഹാസവും ജീവനക്കാര്‍ നേരിടേണ്ടി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: