പരപ്പനങ്ങാടി: മേടച്ചൂടില്‍ ഉരുകിയ ഭൂമിക്ക് കുളിരായ് മഴ എത്തിയെങ്കിലും ജലാശയങ്ങളില്‍ വേണ്ടത്ര വെള്ളമായില്ല. ഇടവപ്പാതിയില്‍ മഴക്കാറുകള്‍ നീങ്ങിപ്പോകുന്നത് കാണുമ്പോള്‍ കാര്‍ഷിക മേഖകള്ക്കുമേല് നിരാശയുടെ ഇരുള് മൂടുകയാണ്.
പുതുമഴയില്‍ തോടും കുളങ്ങളും പുഴകളും നിറഞ്ഞൊഴുകുമ്പോള്‍ മത്സ്യക്കൊയ്ത്ത് പ്രതീക്ഷിച്ച മത്സ്യബന്ധന മേഖലയുടെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടിലാണ്. പൊതുവില്‍ കാര്‍ഷിക മേഖലയുടെയും പ്രതീക്ഷകള്‍ അസ്തമിച്ച മട്ടിലാണ്.
മത്സ്യബന്ധന മേഖലയിലെ ഉണര്‍വിന്റെയും സമൃദ്ധിയുടെയും കാലമായിരുന്നു ഇടവപ്പാതി. പുതുമഴയില്‍ കിണറുകളിലെ ജല വിതാനം നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിരവധി ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികളും ആശ്രയിക്കുന്ന കടലുണ്ടിപ്പുഴയില്‍ ഇപ്പോഴും വെള്ളമായില്ല. ഇടവപ്പാതിയില്‍ ഇരുകരയും നിറഞ്ഞൊഴുകിയിരുന്ന പുഴ ഇപ്പോഴും ഇടമുറിക്കുതന്നെ.
ഒഴുക്കു നിലച്ച പുഴകള്‍ നല്‍കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണ്. കാലവര്‍ഷത്തിന്റെ 20 ശതമാനം പോലും ഇതുവരെ ലഭിച്ചില്ലയെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. കടുത്ത വരള്ച്ചയാല് അനാവരണം ചെയ്യപ്പെട്ട പുഴയുടെ അടിത്തട്ടുകള്‍ നിറഞ്ഞൊഴുകി തുടങ്ങിയിട്ടില്ല.
തടയണകളുടെ നിര്‍മാണവും മാലിന്യ നിക്ഷേപങ്ങളും പുഴയുടെ മരണമണി മുഴക്കുകയാണ്. ഒഴുകാന്‍ പുഴയില്ലാത്തപ്പോള് മനുഷ്യ നിര്‍മിത തടയണകള്‍ നോക്കുകുത്തികളാവുകയാണ്.
തടയണകള്‍ക്ക് അപ്പുറവും ഇപ്പുറവും ജല ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആകുന്നില്ല. നദീ സംരക്ഷണത്തിന് കേന്ദ്രമാതൃകയില്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കില്ലെങ്കില്‍ വരും നാളുകളില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകും പുഴ.
പാലങ്ങളില്‍ നിന്നുമാണ് പുഴയിലേക്ക് രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത്. പാലങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയും സിസിടിവി ക്യാമറകള്‍ വിന്യസിക്കുകയും ചെയ്താല്‍ മാലിന്യം വലിച്ചെറിയുന്നത് ഒരുപരിധിവരെ തടയാം.
കൂരിയാട് മുതല്‍ മമ്പുറം. പാറക്കടവ്- കുണ്ടന്‍കടവ് വരെ പുഴയുടെ അടിത്തട്ടില്‍ ഒരുതരിമണല് പോലും ഇല്ലാത്ത വിധം മണലൂറ്റ് നടന്നിട്ടുണ്ട് പുഴയുടെ അടിത്തട്ടില്‍ പാറകള്‍ പൊങ്ങിനില്‍ക്കുകയാണ് ആഴമേറിയ ഒരു കിണറിലേക്ക് നോക്കുന്ന പോലെ ഇന്നു പുഴയിലേക്ക് നോക്കേണ്ടിയിരിക്കുന്നു.
കാലവര്‍ഷങ്ങളില്‍ നിറഞ്ഞൊഴുകിയ പുഴക്ക് അകാല വാര്‍ദ്ധക്യം സമ്മാനിച്ചത് ദുരമൂത്ത മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: