മലപ്പുറം: ഏലിയാമ്മയുടേതെന്നു കരുതി മറിയാമ്മയുടെ മൃതദേഹം സംസ്ക്കരിച്ചു. ആളുമാറിയതു കണ്ടെത്തിയപ്പോള്‍ കല്ലറയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് യഥാര്‍ഥ അവകാശികളെ ഏല്‍പ്പിച്ചു. കത്തിക്കയറിയ വിവാദത്തില്‍ വെട്ടിലായത് മലപ്പുറം ചുങ്കത്തറ മാര്‍ത്തോമാ മിഷന് ആശുപത്രി അധികൃതരും ബന്ധുക്കളും. വഴിക്കടവ് വരക്കുളം പരേതനായ കൊച്ചുപറമ്പില്‍ പൗലോസിന്റെ ഭാര്യ മറിയാമ്മ(85)യും മുട്ടക്കടവ് തറയില്‍ പുത്തന്‍വീട്ടില്‍ ഏലിയാമ്മ(80)യും ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെച്ചു. മൃതദേഹം കൈമാറിയപ്പോള്‍ ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും വന്ന വീഴ്ചയാണ് വിവാദത്തിന് കാരണമായത്.
ചൊവ്വാഴ്ചയാണ് ഏലിയാമ്മയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ സമയം നിശ്ചയിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ ആളുമാറി നല്‍കിയത് മറിയാമ്മയുടെ മൃതദേഹവും. ഏലിയാമ്മയുടെ ബന്ധുക്കളും ഇതറിഞ്ഞില്ലെന്നതാണ് അമ്പരപ്പിക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ചുങ്കത്തറ മുട്ടിക്കടവ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. സംസ്കാര ചടങ്ങുകള്‍ക്കിടെ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ബന്ധുക്കള്‍ അത് ഗൗരവമായെടുത്തില്ല. സംശയം തീര്‍ക്കാന്‍ നാട്ടുകാരിലൊരാള്‍ ഇന്നലെ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം വലിയ പ്രശ്നമായി മാറിയതോടെ പോലീസിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. ഏലിയാമ്മയ്ക്കു പകരം മറിയാമ്മയുടെ മൃതദേഹമാണ് സംസ്ക്കരിച്ചതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മറിയാമ്മയുടെ മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ ഇരുന്ന ഏലിയാമ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ചുങ്കത്തറ മുട്ടിക്കടവ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു.
മറിയാമ്മയുടെ മകന് വിദേശത്ത് നിന്ന് വരേണ്ടതിനാല്‍ സംസ്കാരം ഇന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: