കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍പ്പെട്ട ആയിക്കരയിലെ ഉപ്പാലവളപ്പ് തോട്ടില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായി. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പി.കെ.ശ്രീമതി എംപി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സ്ഥലത്തെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ശുചീകരണത്തിന് ശേഷവും തോട്ടില്‍ മാലിന്യം നിറയുന്നത് തടയാന്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണം. പ്രദേശവാസികളുടെ ജാഗ്രത ഇക്കാര്യത്തില്‍ അനിവാര്യമാണ്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഉപ്പാലവളപ്പ് പ്രദേശ വാസികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും പ്രത്യേക യോഗം വിളിക്കുമെന്നും എംപി പറഞ്ഞു.
കടലിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗം വരെ 700 മീറ്ററോളമാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. മാലിന്യവും ചെളിയും നീക്കം ചെയ്യുന്നതോടൊപ്പം തോടിന്റെ ഇരുവശങ്ങളും മതില്‍കെട്ടി ശക്തിപ്പെടുത്തും. നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ പ്രത്യേക കുഴിയെടുത്ത് സംസ്‌ക്കരിക്കാനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളില്‍ സ്ലാബിടാനും പദ്ധതിയുണ്ട്. കണ്ണൂര്‍ കോര്‍പറേഷനാണ് ശുചീകരണ പ്രവൃത്തിയുടെ ചുമതല. ആയിക്കര കൗണ്‍സിലര്‍ സി.സമീര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
















