കുണ്ടറ (കൊല്ലം): സാമൂഹ്യനീതി വകുപ്പിന്റെ അനാഥാലയത്തിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശി പ്രസീദ (15), കരുനാഗപ്പള്ളി സ്വദേശി അര്‍ച്ചന (17) എന്നിവരാണ് മരിച്ചത്.
തൃക്കരുവ പഞ്ചായത്തില്‍ ഇഞ്ചവിളയിലെ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോള സെന്ററിലാണ് സംഭവം. ഇന്നലെ രാവിലെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയിരുന്നു
പരീക്ഷയില്‍ തോറ്റ വിഷമമാണ് മരണ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ദുരൂഹതയുണ്ടെന്ന നിലപാടിലാണ് രക്ഷാകര്‍ത്താക്കളും ബന്ധുക്കളും നാട്ടുകാരും. ഉന്നതതല അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുട്ടികളെ ഇവിടെ നിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കൊണ്ടുപോകാമെന്നത് പറഞ്ഞതല്ലേ എന്ന് അലമുറയ്ക്കിടെ അമ്മമാര്‍ ചോദിക്കുന്നുണ്ടായിരുന്നു.
ജില്ലാ കളക്ടര്‍ ടി. മിത്ര, സാമൂഹ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ചാത്തന്നൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
നേരത്തെ, പനയം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ അനാഥാലയത്തില്‍ നിന്ന് ചില പെണ്‍കുട്ടികള്‍ ഒളിച്ചോടിയത് വാര്‍ത്തയായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനയും പീഡനവുമാണ് കാരണമെന്ന് കുട്ടികളുടെ ബന്ധുക്കള്‍ അന്ന് ആരോപിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് 52 കുട്ടികള്‍ ഉള്ള അനാഥാലയം ഇഞ്ചവിളയില്‍ മൂന്നുനില കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
ഇത് ആരംഭിച്ചതിനു ശേഷം ഇവിടെ നിന്നു മൂന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടി. ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു. ഈ കുട്ടികളും അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: