തിരുവനന്തപുരം: കന്നുകാലി വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്ത് പ്രമേയം പാസാക്കി. ‘ബീഫിനുവേണ്ടി ഇരുപക്ഷവും ഒറ്റക്കെട്ടായി വാദിച്ചപ്പോള്‍ ഇരുമുന്നണികളുടെയും കുട്ടുകെട്ട് തുറന്നുകാട്ടി ഒ. രാജഗോപാല്‍ മുന്നണികളുടെ കുപ്രചരണം തള്ളി.
കന്നുകാലി കശാപ്പ് വിലക്കിയ വിജ്ഞാപനം ഉളവാക്കുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉപക്ഷേപം അവതരിപ്പിച്ചത്. എന്നാല്‍, കെ.എം. മാണി ക്രമപ്രശ്നം ഉന്നയിച്ചു. ചട്ടത്തിലെ അഞ്ച് അധ്യായങ്ങള്‍ മാത്രമാണ് കേരളത്തെ ബാധിക്കുന്നതെന്നും ആറാം അധ്യായം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം കോടതികളുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മാണി ചൂണ്ടിക്കാട്ടി. ക്രമപ്രശ്നമില്ലെന്നും വിഷയങ്ങള്‍ മാണിക്ക് ചര്‍ച്ചാവേളയില്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
അഖിലേന്ത്യാതലത്തില്‍ രൂപപ്പെടുത്താനുള്ള സഖ്യത്തിന് മുന്നോടിയായി കേന്ദ്ര വിരുദ്ധ പ്രചരണത്തിനുവേണ്ടി മാത്രമാണ് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
വിജ്ഞാപനം ഇറക്കി നാലു മാസമായിട്ടും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്ന് രാജഗോപാല്‍ ചോദിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയമാണെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും രാജഗോപാല്‍ ചോദിച്ചു.
പ്രാദേശികഭാഷയിലല്ല വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇത് പെട്ടില്ലെന്നുമായിരുന്നു മൃഗസംരക്ഷണ മന്ത്രി കെ. രാജുവിന്റെ വാദം.
കേന്ദ്ര വിജ്ഞാപനത്തിനെതിരായ പ്രമേയത്തെ യുഡിഎഫും എല്‍ഡിഎഫും അനുകൂലിച്ച് പാസാക്കിയപ്പോള്‍ ഒ. രാജഗോപാല്‍ വിയോജിപ്പ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: