ചെങ്ങന്നൂര്‍: ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ എടിഎം കൗണ്ടറുകള്‍ അതിവിദഗ്ധമായി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കുകയും ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്ത കേസില്‍ ദില്ലിയില്‍ നിന്നും പിടിയിലായ പ്രധാന പ്രതി ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര കനാല്‍ ജങ്ഷന് സമീപം ഇടയിലേത്ത് വീട്ടില്‍ സുരേഷ് കുമാര്‍(37)നെ ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം ചെങ്ങന്നൂരിലെത്തിക്കും.
സുരേഷിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കും. കേസില്‍ ഇയാളോടാപ്പം പ്രതികളെന്ന് സംശയിക്കുന്ന നാലംഗ സംഘത്തിനുവേണ്ടി ദില്ലിയില്‍ തങ്ങുന്ന അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചതിരിഞ്ഞ് ദില്ലി -ഹരിയാന പോലീസ് മേധാവികളുമായി കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം കേസ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളില്‍ ഒരാളായ ആര്‍.കെ പുരം ക്രൈബ്രാഞ്ച് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അസ്‌ലൂപ് ഖാനെ കണ്ടെത്താന്‍ ദില്ലി പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.
















