പുഴകളും മലകളും പച്ചപ്പും നിറഞ്ഞ ഭൂപ്രകൃതി. കേരളത്തിന്റെ പ്രത്യേകതയായി നാം മറുനാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത് അങ്ങനെയാണ്. എന്നാല്‍ മനോഹരമായ ആ വാക്കുകളില്‍ ആകൃഷ്ടരായി കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പുഴയും മലയും പച്ചപ്പുമൊന്നും കാണാനാകാത്ത സ്ഥിതിയാണിന്ന്. സ്വാഭാവികവനങ്ങള്‍ വെട്ടിവെളുപ്പിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ സൃഷ്ടിച്ചിരിക്കുന്നു. സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്ന പുഴകള്‍ ഇല്ലാതായി. കുന്നുകള്‍ ഇടിച്ചു നിരത്തി ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി. 44 നദികളാല്‍ സമ്പന്നമായ കേരളത്തില്‍ മഴക്കാലത്തുപോലും കുടിവെള്ളമില്ലാത്ത ദുരന്തസ്ഥിതിയാണിന്ന്.
ഓരോ പരിസ്ഥിതി ദിനത്തിലും നമ്മള് മരങ്ങള്‍ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വാചാലരാകുകയും ചെയ്യും. കഴിഞ്ഞകാല പരിസ്ഥിതി ദിനങ്ങളിലെല്ലാം മണ്ണില്വെച്ച മരത്തൈകളെല്ലാം കൂടി വളര്‍ന്നു വലുതായെങ്കില്‍ കേരളമിന്ന് മഹാവനമായി മാറിയേനെ. ഇത്തവണയും പരിസ്ഥിതി ദിനത്തില്‍ കേരളത്തിലെമ്പാടുമായി ഒരുകോടി മരത്തൈകള്‍ നട്ടെന്നാണ് സര്‍ക്കാര്‍ വാദം. അതില്‍ പകുതിയെങ്കിലും സംരക്ഷിച്ച് വളര്‍ത്തിയെടുക്കുമ്പോഴാണ് പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്കെത്തുന്നത്.
ഓരോനാട്ടിലെയും സംസ്കാരത്തെ വാരിപ്പുണര്‍ന്നു നില്ക്കുന്ന നിരവധി പുഴകളുണ്ട്. കേരളമെന്ന കൊച്ചു സംസ്ഥാനത്ത് അത്തരം പുഴകളുടെ ശൃംഖലയുണ്ട്. ഓരോപുഴയും ഓരോ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. മഞ്ചേശ്വരംപുഴ മുതല്‍ പാമ്പാര്‍ വരെ. അവയുടെ തീരത്തും പരിസരത്തും വളര്‍ന്നു പന്തലിച്ച ജനസഞ്ചയങ്ങള്‍. പുഴയെ ജീവിതവും ആഹാരവും വിനോദവുമാക്കിയവര്. അതില്‍ ചന്ദ്രഗിരിപുഴയും പെരുവമ്പപുഴയും വളപട്ടണംപുഴയും മയ്യഴിപുഴയും ചാലിയാറും ചാലക്കുടിപ്പുഴയും മൂവാറ്റുപുഴയാറും മീനച്ചിലാറും മണിമലയാറും അച്ചന്‍കോവിലാറും കല്ലടയാറും ഇത്തിക്കരയാറും കരമനയാറുമുണ്ട്. നിളയും പമ്പയും പെരിയാറും മലയാളികളുടെ ജീവിതത്തില്‍ ഓരോ നിമിഷവും ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം ആര്‍ക്കും വിസ്മരിക്കാനാകില്ല.
പുഴയെ സ്നേഹിക്കുന്നവര്‍ക്കറിയാം, ഓരോ തവണയും പുഴയുടെ അടുത്തെത്തുമ്പോള്‍ അതിനുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച്. വേനല്‍ക്കാലത്ത് പുഴമെലിയുമ്പോള് സങ്കടത്തോടെ ഓര്‍ക്കും, ചൂടല്ലേ, പുഴമെലിയാതെങ്ങനെയൊഴുകും?. എന്നാല്‍ മഴക്കാലത്തും നിറയാത്ത പുഴകളാണ് ഇന്ന് കേരളത്തിലുള്ളത്. തിമിര്‍ത്തു പെയ്യുന്ന മഴയത്തും പുഴ മെലിഞ്ഞൊഴുകുന്നു. പുഴയിലേക്കു പതിക്കുന്ന വെള്ളത്തെ നിലനിര്‍ത്താനുള്ള കഴിവിനെ മനുഷ്യന് നശിപ്പിച്ചു. നീണ്ടു പരന്നുകിടക്കുന്ന നദിയില്‍ ആഴമില്ലാതെ വെള്ളമൊഴുകുന്നു. തീരം ഇടിഞ്ഞിടിഞ്ഞ് പുഴയില്ലാതാകുന്നു. പിന്നെ പതുക്കെ പതുക്കെ മരിക്കുന്നു. പുഴയൊഴുകിയ വഴികളില്‍ മരങ്ങളും ചെടികളും വളരുന്നു. പുഴ ഇല്ലാതാകുന്നു.
അങ്ങനെ മണ്ണ്നിറഞ്ഞ് മരിച്ച പുഴയെ തിരികെ പിടിക്കാനുള്ള ശ്രമങ്ങളെ കാണാതിരുന്നുകൂടാ. കേരളത്തിന് പരിചിതമല്ലാത്ത പ്രവര്‍ത്തിയാണ് പുഴയെ തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞം. അത്തരത്തിലുള്ള രണ്ട് സംരംഭങ്ങളാണ് കണ്ണൂരിലും പത്തനംതിട്ടയിലുമുള്ളത്. പത്തനംതിട്ട ജില്ലയിലെ മണിമലയാറിനെയും പമ്പയാറിനെയും ബന്ധിപ്പിച്ചൊഴുകിയിരുന്ന ‘വരട്ടാര്‍’ ഇല്ലാതായിട്ട് കാലങ്ങളായി. ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പുഴയായിരുന്നു ഇത്. അനിയന്ത്രിതമായ ചൂഷണമാണ് വരട്ടാറിനെ മരണശയ്യയിലേത്തിച്ചത്. ഒഴുക്കു നിലച്ച്, മണ്ണ് മൂടി പുഴയൊഴുകിയിരുന്ന സ്ഥലം കാടായി മാറി. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിച്ചിരുന്ന പുഴയാണ് വരട്ടാര്‍ എന്നാണ് ചരിത്രത്തിന്റെ സാക്ഷ്യം. മഴക്കാലത്ത് പമ്പയിലെയും മണിമലയാറ്റിലെയും വെള്ളപ്പൊക്കത്തെ തടഞ്ഞിരുന്നത് വരട്ടാറാണ്. ഇവയുടെ ഇടയില്‍ ബന്ധിപ്പിച്ചുകൊണ്ടൊഴുകിയിരുന്ന പുഴ, പമ്പയിലെയും മണിമലയാറിലെയും വെള്ളത്തെ സംതുലിതാവസ്ഥയില്‍ നിലനിര്‍ത്തി.
വരട്ടാറിന്റെ തീരത്ത് ഒരു കാര്‍ഷിക സംസ്കാരം വളര്‍ന്നു വന്നു. ഈ തീരത്തെ ജനങ്ങള്‍ പ്രധാനമായും കരിമ്പ് കൃഷിയാണ് ചെയ്തിരുന്നത്. എന്നും സുലഭമായിരുന്ന വരട്ടാറിലെ ജലത്തെ ആശ്രയിച്ചായിരുന്നു കൃഷി. കരിമ്പുകൃഷി വരട്ടാറിന്റെ തീരത്തെ ജനങ്ങളെ സമ്പന്നരാക്കി. പതിയെ പതിയെ സ്വന്തം നിലമറന്ന് മനുഷ്യന് വരട്ടാറിന്റെ തീരം കയ്യേറിത്തുടങ്ങി. പുഴ മരണത്തിലേക്ക് മടങ്ങി. വരട്ടാര്‍ ഒഴുകിയിരുന്ന വഴിയില്‍ കണ്ണുനട്ട് പഴമക്കാര്‍ കണ്ണീര്‍വാര്‍ത്തു. എന്നും നിറഞ്ഞു കവിഞ്ഞ കിണറുകള്‍ വറ്റിവരണ്ടു. ഭൂഗര്‍ഭ ജലം ഇല്ലാതായി. മലിനജലം കുടിച്ച് ജനങ്ങള്‍ രോഗികളായി. വരട്ടാര്‍ പഴയപ്രതാപത്തില്‍ വീണ്ടും ഒഴുകിത്തുടങ്ങാതെ ആ കണ്ണിര് അസ്തമിക്കില്ലെന്ന തിരിച്ചറിവാണ് പുഴയുടെ പുനരുജ്ജീവനത്തെ കുറിച്ച് ചിന്തിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്. പമ്പയില്‍ നിന്ന് വരട്ടാറിന്റെ ഹൃദയത്തിലൂടെ ജലമൊഴുകി അത് മണിമലയാറിലെത്തി, വീണ്ടും വരട്ടാര്‍ സമൃദ്ധമാകുന്ന പ്രതീക്ഷയിലാണിപ്പോള്‍ ജനങ്ങള്‍. അത് ഒരു പുഴയുടെ വീണ്ടെടുപ്പ് മാത്രമല്ല, ആ പ്രദേശത്തെ ജനങ്ങളുടെ അതിജീവനം കൂടിയാണ്. നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാരിന്റെ പിന്തുണകൂടിയാണ് പ്രതീക്ഷയേറ്റുന്നത്.
കഴിഞ്ഞ ദിവസം, വറ്റിയ വരട്ടാറിന്റെ തീരത്തുകൂടി പ്രദേശവാസികളും പരിസ്ഥിതി സ്നേഹികളും മന്ത്രിമാരുമെല്ലാം ‘പുഴനടത്തം’ നടത്തി. വരട്ടാറിനെ വീണ്ടുമൊഴുക്കാനുള്ള യജ്ഞത്തിനാരംഭമായി അത്.
കണ്ണൂര്‍ ജില്ലയിലെ കാനാമ്പുഴയ്ക്കും ഇത്തരത്തിലൊരു കഥതന്നെയാണ് പറയാനുള്ളത്. കാലത്തിനൊപ്പം ഒഴുകുകയും വലിയ ജനവിഭാഗത്തിന് എല്ലാം നല്‍കുകയും ചെയ്ത പുഴ. ഒടുവില്‍ പുഴകൊണ്ടു ജീവിച്ചിരുന്നവരെല്ലാം കൂടി കാനാമ്പുഴയുടെയും ജീവനെടുത്തു. വരട്ടാറില്‍ നിന്നു വ്യത്യസ്തമായൊരു കഥയല്ല കാനാമ്പുഴയ്ക്കും പറയാനുള്ളത്. കയ്യേറ്റവും ചൂഷണവും പിടിച്ചടക്കലുമെല്ലാം കാനാമ്പുഴയെ ഇല്ലാതാക്കി. സമൃദ്ധമായിരുന്ന പുഴയെ വീണ്ടും ഒഴുക്കിതുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ഇവിടെയും സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
നിത്യസുന്ദരിയായി ഒഴുകിയിരുന്ന ഭാരതപ്പുഴ മരിച്ചെന്ന വിലാപം കാലങ്ങളായി ഉയരുന്നു. നിള മലയാളികളുടെ മുഴുവന്‍ വികാരമാണ്. നിളയെകുറിച്ച് പാടിയവരും പറഞ്ഞവരും നിരവധി. നിളയുടെ നിത്യകാമുകന് പി.കുഞ്ഞിരാമന്‍നായരും നിളയുടെ കഥാകാരന് എംടിയുമുള്പ്പടെ എത്രയോ എഴുത്തുകാര്‍. എല്ലാവര്ക്കും നിള ജീവനും ജീവിതവുമായിരുന്നു. നിളയില്ലാത്ത കാലം ആയുസ്സു നഷ്ടപ്പെട്ട ജീവിതമായി അവര്‍ക്കെല്ലാം. കുഞ്ഞിരാമന് നായരും എംടിയും വൈലോപ്പിള്ളിയുമെല്ലാം നടന്ന നിളാ തീരം മരിച്ചു. പറയിപെറ്റ പന്തിരുകുലം വളര്‍ന്ന ഭാരതപ്പുഴയുടെ തീരം വരും തലമുറയ്ക്ക് അന്യമായി. ഇവിടെ മണല്കുന്നുകളും ചെറുകുഴികളും മാത്രമായി. നിളയെ നോക്കി വിതുമ്പുക മാത്രമാണിന്നെല്ലാവരും ചെയ്യുന്നത്.
പുനരുജ്ജീവനത്തിന്റെ മന്ത്രമുയരേണ്ടത് ഇനി നിളാതീരത്താണ്. വരട്ടാര്‍ പോലെ, കാനാമ്പുഴപോലെ നിളയുടെ തിരിച്ചെടുക്കല്‍ അത്യാവശ്യമാണ്. അത് മലയാളിയുടെ സ്വത്വം തിരിച്ചെടുക്കല്‍ കൂടിയാണ്. നിളാ തീരത്ത് കഴിഞ്ഞ ദിവസം നടന്ന ദേശീയ നദീമഹോത്സവത്തിന്റെ സമാപന സമ്മേളനം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യമാണിവിടെ ഉയര്‍ന്നത്. അതിബൃഹത്തായ ഈ പദ്ധതിക്ക് സര്‍ക്കാരും ജനങ്ങളും കൈകോര്‍ക്കണം.
ഭാരതപ്പുഴയുടെ ഭൂമി ശാസ്ത്രം, ജലലഭ്യത എന്നിവയെല്ലാം പൂര്‍ണ്ണമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള കര്‍ക്കശമായ പദ്ധതിക്ക് സര്‍ക്കാര്‍ ചുക്കാന്‍ പിടിക്കണം. അതിനായി ധനം സമാഹരിക്കപ്പെടണം. നിളയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാരില്‍ പ്രത്യേക വകുപ്പുസൃഷ്ടിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അത്യാവശ്യം. നിള വെറുമൊരു നദിയല്ല, കേരള ഭൂമിയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിച്ചു നിര്‍ത്താന്‍ പോന്ന കവചമാണ്. ആ തിരിച്ചറിവ് നഷ്ടമാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: