ന്യൂദല്‍ഹി: മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയിലുണ്ടായ കര്‍ഷകപ്രതിഷേധം രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു. ”മധ്യപ്രദേശ് സമാധാനത്തിന്റെ നാടാണ്. കര്‍ഷകരുടെ പ്രതിഷേധത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുത്. അതിന്റെ പേരില്‍ ആക്രമണം ആളിക്കത്തിക്കരുത്”, വെങ്കയ്യ നായിഡു മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മന്ദ്‌സൗറിലുണ്ടായ കര്‍ഷകപ്രതിഷേധത്തിനു നേരെയുണ്ടായ പോലീസ് വെടിവയ്‌പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് കര്‍ഷകര്‍ അതിക്രമിച്ചു കടക്കാനും തകര്‍ക്കാനുമുളള ശ്രമത്തിനിടയിലാണ് സംഘര്‍ഷമുണ്ടായതും തുടര്‍ന്നുണ്ടായ വെടി വയ്‌പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതെന്നും പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു.
















