കുന്നത്തൂര്‍: തൂണുകള്‍ ദ്രവിച്ച് അപകടാവസ്ഥയിലായ കൂറ്റന്‍ വാട്ടര്‍ടാങ്ക് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കുന്നത്തൂര്‍ പഞ്ചായത്തിലെ നിലയ്‌ക്കല്‍ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ടാങ്കാണ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിലയ്‌ക്കല്‍കോളനി സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഏകദേശം 50 വര്‍ഷം മുമ്പാണ് കോളനിയോട് ചേര്‍ന്ന് ടാങ്ക് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ആദ്യകാലങ്ങളില്‍ ഈ ടാങ്കില്‍ ശാസ്താംകോട്ടയില്‍ നിന്നും ജലം സംഭരിച്ച് വിതരണം നടത്തിയിരുന്നു. എന്നാല്‍ തകര്‍ച്ചമൂലം പിന്നീടത് നിലച്ചു. ഇതിനെതുടര്‍ന്ന് തൊട്ടടുത്തുതന്നെ മറ്റൊരു ടാങ്ക് നിര്‍മ്മിച്ച് കുന്നത്തൂര്‍ പദ്ധതിയില്‍ നിന്നും വെള്ളമെത്തിച്ചാണ് മേഖലയില്‍ കുടിവെള്ളവിതരണം നടത്തുന്നത്. അപകടാവസ്ഥയിലായ ടാങ്കിന്റെ നാല് തൂണുകളില്‍ രണ്ടെണ്ണം തകര്‍ന്നനിലയിലാണ്.
കോണ്‍ക്രീറ്റ് അടര്‍ന്നുമാറിയ തൂണുകളിലെ കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് തള്ളിനില്‍ക്കുകയാണ്. തകര്‍ച്ച നേരിടുന്ന ടാങ്ക് നിലംപതിച്ചാല്‍ സമീപത്തെ കുടുംബങ്ങളെ ദോഷകരമായി ബാധിച്ചേക്കും.
മഴ ശക്തിയാര്‍ജിച്ചതിനാല്‍ വെള്ളം നിറഞ്ഞ് ടാങ്ക് തകരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. നിരവധി തവണ ടാങ്ക് പൊളിച്ചുനീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടിട്ടില്ല. വകുപ്പുമന്ത്രിക്കും വാട്ടര്‍ അതോറിറ്റി വകുപ്പിലെ ഉന്നതര്‍ക്കും പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
















