കോട്ടയം: ശബരിപാത വര്‍ഷങ്ങളായി ത്രിശങ്കു സ്വര്‍ഗത്തിലാണെന്ന് ശബരിപാത റെയില്‍വേ സംരക്ഷണ സമിതി. ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായവരുടെ സ്ഥലം ഏറ്റെടുത്ത് ശബരിപാത പൂര്‍ത്തിയാക്കണമെന്ന് സമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മുന്‍സര്‍ക്കാരുകള്‍ വന്‍കിട പദ്ധതികളെ സമീപിച്ചതുപോലെ നല്ലൊരു പദ്ധതിയായി സര്‍ക്കാര്‍ ഇതിനെ സമീപിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉദാസീനതയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ശബരി പാതയ്‌ക്ക് അനുവദിച്ച 213കോടി രൂപയും മുമ്പ് ലഭിച്ച ഫണ്ടും ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കുന്ന ജോലി തുടങ്ങണം. പാത പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ 30ലക്ഷം ജനങ്ങള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം ലഭിക്കും.റോഡിലെ തിരക്കും അപകടങ്ങളും കുറയ്‌ക്കാന്‍ പാത സഹായിക്കുമെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
സമിതി പ്രസിഡന്റ് ഒ.എസ്. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. വി.ഇ.മൊയ്തീന്‍, എം.പി.മാത്യു, നൗഷാദ് കൊച്ചുതമ്പി, പി.വി.അച്ചാമ്മ, ടി.എം.ജബ്ബാര്‍, മുഹമ്മദ് ബിലാല്‍ സമദ്, രാജന്‍ കാട്ടാപിള്ളി, പി.സി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.
















