ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പശുക്കളെ കൊല്ലുന്നതും നിയമവ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കാതെ കൊണ്ടുപോകുന്നതും ദേശീയ സുരക്ഷ നിയമം, ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള കുറ്റമാക്കി. കറവയുള്ള എല്ലാ മൃഗങ്ങളെയും നിയമവ്യവസ്ഥകള്‍ പാലിച്ചുമാത്രമേ കൊണ്ടുപോകാന്‍ പാടുള്ളു. അല്ലെങ്കില്‍ ദേശീയ സുരക്ഷ നിയമവും ഗുണ്ട ആക്ടും പ്രകാരം നടപടി നേരിടേണ്ടി വരും.
ഇതുസംബന്ധിച്ച് ഡി.ജി.പി സുല്‍ഖന്‍ സിങ് ജില്ല പൊലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. അഖിലേഷ് യാദവ് സര്‍ക്കാറിന്റെ കാലത്താണ് ഈ നിയമം പാസാക്കിയതെങ്കിലും നടപ്പാക്കിയിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പശുക്കളെ കൊല്ലുന്നവര്‍ക്കും കറവയുള്ള മൃഗങ്ങളെ നിയമവ്യവസ്ഥകള്‍ പാലിക്കാതെ കൊണ്ടുപോകുന്നവര്‍ക്കുമെതിരെയാണ് നടപടിയുണ്ടാവുകയെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. എന്‍.എസ്.എ പ്രകാരം പിടിയിലാകുന്ന വ്യക്തിയെ നീണ്ടകാലം ജയിലിലിടാം. ഇതിനു കാരണം വ്യക്തമാക്കേണ്ടതുമില്ല.
ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലാകുന്നവരെ പൊലീസ് രേഖയിലെ ഗുണ്ടകളുടെ പട്ടികയില്‍പെടുത്തും. ഒരിക്കല്‍ കേസില്‍ പ്രതിയായാല്‍ പിന്നീട് അവര്‍ക്കെതിരെ പുതിയ കേസില്ലെങ്കിലും പൊലീസ് സ്‌റ്റേഷനിലേക്ക്‌ചോദ്യം ചെയ്യലിന് വിളിപ്പിക്കാം. മാത്രമല്ല, അതത് പൊലീസ് സ്‌റ്റേഷനുകളില്‍ ഹാജരായി ഒപ്പിടുകയും വേണം.
സാധാരണഗതിയില്‍ 14 ദിവസമാണ് റിമാന്‍ഡ് കാലാവധിയെങ്കില്‍, ഗുണ്ട ആക്ട് പ്രകാരം 60 ദിവസം വരെ റിമാന്‍ഡ് ചെയ്യാന്‍ പൊലീസിന് ആവശ്യപ്പെടാവുന്നതാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ ചില സംഘങ്ങള്‍ നിയമം കൈയിലെടുക്കുന്നത് തടയണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.
















