മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. അതിനിടയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും ആരോപണമുയരുന്നു. കാളികാവ്, ചോക്കാട്, എടക്കര, ചുങ്കത്തറ, മൂത്തേടം, അമരമ്പലം, കരുളായി എന്നീ മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്. നൂറുകണക്കിന് ആളുകളാണ് പനി ബാധിച്ച് ചികിത്സ നേടിയത്. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് പ്രഖ്യാപിക്കുകയല്ലാതെ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.
ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നുപിടിച്ച മാളിയേക്കല്‍, ഒലക്കേകുന്ന് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. വീടും പരിസരവും വൃത്തിയാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മേഖലയിലെ റബ്ബര്‍തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഭീഷണിയായി നില നില്‍ക്കുന്നുണ്ട്. തോട്ടം മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകളില്‍ ഇതുമൂലം അസുഖം പടര്‍ന്ന് പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
ടാപ്പ് ചെയ്യാത്ത റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ ഉടനെ എടുത്ത് മാറ്റുക, തോട്ടം കാട് വെട്ടി വൃത്തിയാക്കുക, പ്ലാസ്റ്റിക് ഷേഡ് ഇട്ട തോട്ടങ്ങളിലെ പശയുടെ ടിന്, മറ്റ് പ്ലാസ്റ്റിക് വേസ്റ്റുകള്‍ തുടങ്ങിയവ ഒഴിവാക്കുക, കമുകിന് തോട്ടത്തിലെ പാളകള്‍ കീറിക്കളയുകയോ തോട്ടത്തില്‍ അയ കെട്ടി അതില്‍ തൂക്കിയിടുകയോ ചെയ്യുക എന്നിങ്ങനെ ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിന് തോട്ടം ഉടമകള്‍ക്ക് അധികൃതര്‍ വിവിധ നിര്‍ദേശങ്ങള്‍ നല്കി.
ചുങ്കത്തറ ബ്ലോക്കില്‍ നൂറിലധികം ആളുകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിന്റെ ഇരട്ടിയിലധികമാണ്. എടക്കര പഞ്ചായത്തിലെ ഉദിരകുളം, പൊട്ടന്‍തരിപ്പ, താന്നിമൂല, മലച്ചി തുടങ്ങി പ്രദേശങ്ങളില്‍ മാത്രം ഇരുപത്തിയൊന്ന് പേര് ഡെങ്കിപ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരു വീട്ടില്‍ മൂന്നുപേര്‍ വരെ ചികിത്സയിലുള്ള സ്ഥലങ്ങളുമുണ്ട്.
എടക്കര സ്കൂള്‍കുന്നില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ പാതിരിപ്പാടത്തും വ്യാപകമായി ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി തവണ സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴും ഡെങ്കിപ്പനി പടരുകയാണ്. മിക്ക വീടുകളുടെയും പരിസരങ്ങള്‍ വൃത്തിഹീനമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുമില്ല. മെഷീനുകള്‍ തകരാറിലായതിനാല്‍ ഇതുവരെ ഫോഗിംഗ് നടത്താനായിട്ടുമില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യൂണിറ്റില്‍ മാത്രമാണ് ഇപ്പോള്‍ ഫോഗിംഗ് മെഷീനുള്ളത്. മുന്‍സിപ്പല്‍ പരിധികളില്‍ മാത്രമേ ഈ മെഷീന് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: