
കാസര്‍കോട്: ഇടിമിന്നലേറ്റ് കാസര്‍കോട് ഗവ. കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ലാബിന് തീപിടിച്ചു. ലാബിനകത്തുണ്ടായിരുന്ന 40 കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ബാറ്ററി, വയറിംഗുകള്‍ എന്നിവയും പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെത്തുടര്‍ന്ന് സീലിംഗ് അടര്‍ന്നുവീണു. ഇന്നലെ വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ആറ് പ്രിന്ററുകളും യുപിഎസും സ്പീക്കറും ഇന്റര്‍നെറ്റ് മോഡവും മറ്റും കത്തിനശിച്ചതില്‍ ഉള്‍പ്പെടുന്നു.
ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി അല്‍പസമയം കഴിഞ്ഞപ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. അതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് വിദ്യാര്‍ത്ഥികള്‍ നോക്കിയപ്പോഴാണ് കമ്പ്യൂട്ടര്‍ ലാബില്‍ തീപിടിത്തം കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും കമ്പ്യൂട്ടര്‍ ലാബ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സിന് തീയണക്കാനായത്.
കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബക്കറ്റില്‍ വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കോളജ് അധികൃതര്‍ പറയുന്നു. തീ മറ്റു ഡിപാര്‍ട്‌മെന്റുകളിലേക്കും പടര്‍ന്നെങ്കിലും പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവാക്കാനായി.
















