കുറവിലങ്ങാട് : അങ്കമാലി ശബരി റയില്‍വേ പാതയുടെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തനംആരംഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കലിന് സാദ്ധ്യത തെളിയുന്നു. ഇതു സംബന്ധിച്ച് 2457/2017 നമ്പറായി റവന്യൂ വകുപ്പ് ഉത്തരവിറക്കി. കളക്ടറുമായി കൂടിയാലോചിച്ച് ലാന്റ് റവന്യൂ കമ്മീഷണര്‍ ഈപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
20 ജീവനക്കാര്‍വീതമുളള രണ്ട് യൂണിറ്റുകളായി ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓരോ യൂണിറ്റിലും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വാല്യുവേഷന്‍ അസിസ്റ്റന്റ്, ഹെഡ്ക്ലാര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, വില്ലേജ് അസിസ്റ്റന്റ്, ട്രാഫ്റ്റ്മാന്‍, ഓഫീസ് അസിസ്റ്റന്റ്, സ്ലീപ്പര്‍ എന്നിങ്ങനെയാകും നിയമനം. രണ്ട് സര്‍വ്വേയര്‍, നാല് സെയില്‍മാന്‍ എന്നിവരും പുതിയ യൂണിറ്റുകളിലുണ്ടാകും. ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ സേവനം. നാല്‍പത് ഉദ്യോഗസ്ഥരുടെ സേവനം രണ്ട് ലാന്റ് അക്യുസേഷന്‍ യൂണിറ്റുകളിലായി ലഭ്യമാകുകയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിക്കുന്നതായും ഉത്തരവില്‍ പറയുന്നു.
















